തത്തകളുടെ സംസാരത്തിന്റെ രഹസ്യം ചുരുളഴിഞ്ഞു, പുറത്തായത് അമ്പരപ്പിക്കുന്ന സത്യം

VISHNU N L| Last Modified വ്യാഴം, 25 ജൂണ്‍ 2015 (18:51 IST)
മറ്റ് പക്ഷികളെ അപേക്ഷിച്ച് മനുഷ്യ ശബ്ദം അനുകരിക്കാന്‍ തത്തകള്‍ക്ക് സാധിക്കുന്നു. ഇത് മനുഷ്യനെ എക്കാലവും ആകര്‍ഷിച്ചതും കുഴക്കിയതുമായിരുന്നു. മറ്റ് സമാന പക്ഷികളെ അപേക്ഷിച്ച് തത്തകളുടെ തലച്ചോറിന്റെ വലുപ്പം കൂടിയതിനാലാകും ഇതേപോലെ ശബ്ദം അനുകരിക്കാന്‍ ഇഒവയ്ക്ക് സാധിക്കുന്നതെന്നായിരുന്നു ഇത്രയും കാലം ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാല്‍ നോര്‍ത്ത് കരോലിനയില്‍ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഡോ.മുക്ത ചക്രവര്‍ത്തിയും സംഘവും ഈ ധാരണകളെ പൊളിച്ചടുക്കി തത്തകളുടെ സംസാര രഹസ്യത്തിന്റെ ചുരുളഴിക്കുകയായിരുന്നു.

ഡോ ചക്രവര്‍ത്തി ഉള്‍പ്പെട്ട സംഘം ജീന്‍ പ്രകാശനത്തിന്റെ ( gene expression ) രീതി പരിശോധിച്ചപ്പോള്‍ കഥ മറ്റൊന്നായി. മറ്റ് പക്ഷികളുടേതില്‍നിന്ന് തത്തകളുടെ തലച്ചോറിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന്‍ കണ്ടെത്തി. ശബ്ദമുണ്ടാക്കാന്‍ സഹായിക്കാന്‍ മറ്റ് പക്ഷികളുടെ തലച്ചോറില്‍ 'കോറുകള്‍' ( cores ) എന്ന് വിളിക്കുന്ന നിയന്ത്രണസ്ഥാനങ്ങളുണ്ട്. എന്നാല്‍, തലച്ചോറിലെ പുറംവലയങ്ങള്‍ പോലുള്ള 'ഷെല്ലുകള്‍' ( shells ) ആണ് തത്തകളുടെ കാര്യത്തില്‍ ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടു. ഈ ഘടനാവ്യത്യാസമാണത്രേ തത്തകള്‍ക്ക് 'സംസാരശേഷി' നല്‍കുന്നത്.

വ്യത്യസ്തയിനം തത്തകളുടെ തലച്ചോറില്‍ 'ഷെല്ലുകള്‍'ക്ക് വലിപ്പവ്യത്യാസമുള്ളതായും പഠനത്തില്‍ വ്യക്തമായി. വലിയ ഷെല്ലുകളാണുള്ളതെങ്കില്‍ അവയ്ക്ക് മനുഷ്യശബ്ദം അനുകരിക്കാനുള്ള ശേഷി കൂടുതലാണ്. തത്തകളുടെ മസ്തിഷ്‌ക്കത്തെക്കുറിച്ച് മാത്രമല്ല, സംസാരശേഷിയുമായി ബന്ധപ്പെട്ട സിരാസംവിധാനങ്ങളെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് പഠനമെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ പഠന ഫലങ്ങള്‍
'പ്ലോസ് വണ്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :