പാക്കിസ്ഥാനില്‍ പ്രക്ഷോഭം നിയന്ത്രണം വിട്ടു, കരുതലോടെ ഇന്ത്യ

പാക്കിസ്ഥാന്‍, പ്രക്ഷോഭം, സൈന്യം
ഇസ്ലാമാബാദ്| VISHNU.NL| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (12:20 IST)
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് 18 ദിവസമായി പാക്കിസ്ഥാനില്‍ തുടരുന്ന് പ്രക്ഷോഭം നിയന്ത്രണാതീതമാകുന്നതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ഇസ്ലാമാബാദിലെ സര്‍ക്കാര്‍ ഭരണകേന്ദ്രമായ സെക്രട്ടേറിയേറ്റിനുള്ളിലേക്ക് പൊലീസിന്റയും സൈന്യത്തിന്റെയും പ്രതിരോധം മറികടന്ന് പ്രക്ഷോഭകര്‍ പ്രവേശിച്ചതൊടെ ആശങ്ക രൂക്ഷമായി.

ഇസ്ലാമാബാദില്‍ രാഷ്ട്രപതി മന്ദിരം, സുപ്രീം കോടതി, പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ ഓഫിസ്, വസതി തുടങ്ങിയവയൊക്കെ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന മേഖല പതിനായിരക്കണക്കിന് പ്രക്ഷോഭകാരികളാല്‍ നിറഞ്ഞിരിക്കുകയാണ്.

സൈന്യത്തിനു നേരെ കല്ലേറു നടത്തിയ പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനായി പാക് സൈന്യം ബുദ്ധിമുട്ടുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി രാജിവച്ചൊഴിയണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് സൈന്യവും പ്രക്ഷോഭകരും പാര്‍ലമെന്റ് മന്ദിരത്തിനു സമീപം സംഘര്‍ഷം രൂക്ഷമായത്.

എന്നാല്‍ സമരക്കാര്‍ രാത്രി പൊലീസ് ബാരിക്കേഡ് മറികടന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവയ്പ്പും സംഘര്‍ഷവും ഉണ്ടായത്. നിലവില്‍ സംഘര്‍ഷത്തില്‍ 8 പേരോളം കൊല്ലപെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നിരുന്നു.

അതേസമയം, പാക്കിസ്ഥാനില്‍ ജനാധിപത്യം സംരക്ഷിക്കുമെന്ന് പട്ടാളം അറിയിച്ചിരുന്നു. ബലപ്രയോഗം കൊണ്ട് കാര്യങ്ങള്‍ വഷളാകുകയേ ഉള്ളൂവെന്നും സൈന്യം പറഞ്ഞു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റാവല്‍പിണ്ടിയില്‍ ചേര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം അഭിപ്രായപ്പെട്ടു.

അതേ സമയം പാക്കിസ്ഥാനിലെ പ്രശ്നങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം കൂടുതല്‍ ജാഗരൂകരായി. പാക്കിസ്ഥാനിലെ ആഭ്യന്തര പ്രശ്നം രൂക്ഷമായത് മറയ്ക്കാന്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനം ഉണ്ടാകാനിടയുണ്ട് എന്നതിനാലാണിത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :