കൃത്യം നടത്തി 11 വർഷത്തിനുശേഷം ഷഫ്ഖാത് ഹുസൈന് വധശിക്ഷ; പാക്കിസ്ഥാനില്‍ പ്രതിഷേധം

ഇസ്ലാമാബാദ്| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (16:56 IST)
പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ചെയ്ത തെറ്റിന് പത്ത് വര്‍ഷത്തിന് ശേഷം യുവാവിനെ തൂക്കിലേറ്റിയതിനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധം. നിരവധി
രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഷഫ്ഖാത് ഹുസൈന്‍ എന്ന യുവാവിനെ പാകിസ്ഥാനില്‍ തൂക്കിലേറ്റിയത്. ചൊവ്വാഴ്ച രാവിലെയാണ് ഷഫ്ഖത്ത് ഹുസൈന്റെ വധശിക്ഷ കറാച്ചിയിലെ ജയിലില്‍ നടപ്പാക്കിയത്.

2004 ല്‍ പതിനാലാം വയസ്സിലാണ് ഷഫ്ഖാത് ഹുസൈന്‍ അയല്‍വാസിയായ 7 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. എന്നാല്‍ കൃത്യം നടത്തിയപ്പൊള്‍ ഷഫ്ഖാതിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നായിരുന്നു അഭിഭാഷകരുടെയും കുടുംബത്തിന്റെയും അവകാശവാദം. എന്നാല്‍ ഇത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പത്ത് വര്‍ഷത്തോളം ജയിലിലായ ഷഫ്കാതിനെ ഇക്കഴിഞ്ഞ ജനുവരിയിലാണ് വധശിക്ഷക്ക് വിധിച്ചത്. ഇതിനെ ചോദ്യം ചെയ്ത ഹര്‍ജി പരിഗണിച്ച കോടതി നാല് തവണ ശിക്ഷ സ്റ്റേ ചെയ്തിരുന്നു. വധശിക്ഷ ഒഴിവാക്കാന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളുകയാണുണ്ടായത്. 14 വയസ് മാത്രമുണ്ടായിരുന്ന ഷഫ്ഖാതിനെ പൊലീസ് മൃഗീയമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പിന്നീട് ആരോപണം ഉയര്‍ന്നിരുന്നു. പെഷാവറിലെ സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനില്‍ വധശിക്ഷ നടപ്പാക്കുന്നത് പുനരാരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :