മുല്ലാ അക്തർ മൻസൂര്‍ താലിബാന്റെ പുതിയ മേധാവിയായി

കാബൂൾ| VISHNU N L| Last Modified വെള്ളി, 31 ജൂലൈ 2015 (10:29 IST)
മുല്ല ഒമർ കൊല്ലപ്പെട്ടതായി അഫ്ഗാൻ ഭരണകൂടം സ്ഥിരീകരിച്ചതിനു പിന്നാലെ താലിബാൻ പുതിയ മേധാവിയെ തിര‌ഞ്ഞെടുത്തതായി റിപ്പോർട്ട്. ഭീകരരുടെ ശക്തി കേന്ദ്രമായ ക്വറ്റ മേഖലയിൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മുല്ലാ അക്തർ മൻസൂറാണ് സംഘടനയുടെ പുതിയ മേധാവി. രണ്ട് വര്‍ഷം മുമ്പ് മുല്ലാ ഉമര്‍ കറാച്ചിയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചതായി കഴിഞ്ഞ ദിവസം അഫ്ഗാന്‍ ഇന്റലിജന്‍സ് വിഭാഗം ഉറപ്പിച്ചു പറഞ്ഞിരുന്നു.

അഫ്ഗാന്‍ ഇന്റലിജന്‍സ് വിഭാഗം മുല്ലാ ഉമറിന്റെ മരണ വാര്‍ത്ത സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് താലിബാന്‍ വെബ്‌സൈറ്റ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയുമായി നടന്ന ഉന്നത നേതാക്കളുടെ യോഗത്തില്‍ വെച്ച് മുല്ലാ അഖ്തര്‍ മന്‍സൂറിനെ പുതിയ നേതാവായി തിരഞ്ഞെടുത്തതായി താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു. മുല്ലാ ഉമറിന്റെ മരണവാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ താലിബാനുമായി നടത്താനിരുന്ന രണ്ടാം വട്ട സമാധാന ചര്‍ച്ച നീട്ടിവെച്ചതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

1996 മുതൽ യുഎസ് സേന അധിനിവേശം നടത്തിയ 2001 വരെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ വ്യോമയാന മന്ത്രിയായിരുന്നു അക്തർ മൻസൂർ. 2010ൽ അബ്ദൾ ഖനി ബരാദർ കറാച്ചിയിൽ പിടിയിലായതു മുതൽ അഫ്ഗാൻ-താലിബാന്റെ ഉപമേധാവിയാണ് അക്തർ മൻസൂർ. ക്വറ്റയിൽ താലിബാൻ നേതാക്കളുടെ യോഗത്തിലാണ് അക്തർ മൻസൂറിനെ സംഘടനയുടെ പുതിയ അമരക്കാരനായി തിരഞ്ഞെടുത്തതെന്ന് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ,​ മുല്ലാ ഒമർ കൊല്ലപ്പെട്ടെന്ന അഫ്ഗാന്റെ വാദം താലിബാൻ വ്യാഴാഴ്ച സ്ഥിരീകരിക്കുകയുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :