ചന്ദ്രനില്‍ കാറോടിക്കാന്‍ ഔഡി റെഡിയായി, കാറിന്റെ പേര് ഔഡി ലൂണാർ ക്വാഡ്രോ!

ന്യൂയോര്‍ക്ക്‌| VISHNU N L| Last Modified ശനി, 4 ജൂലൈ 2015 (17:14 IST)
ചന്ദ്രനില്‍ കാര്‍ ഓടിക്കാന്‍ പ്രശസ്ത കാർ നിർമാതാക്കളായ ഔഡി രംഗത്ത്. ചെലവു കുറഞ്ഞ ചന്ദ്രയാത്ര എന്ന ലക്ഷ്യവുമായി ഗൂഗിൾ അവതരിപ്പിക്കുന്ന ലൂണാർ എക്സ്പ്രൈസ് എന്ന മത്സരത്തില്‍ പങ്കെടുക്കുന്ന പാർട് ടൈം സയന്റിസ്റ്റ് എന്ന ടീമുമായി കൈകോർത്താണ് ഔഡിയുടെ ഈ 'ചന്ദ്രദൗത്യം'. ഗൂഗിളാണ് മൽസരത്തിന്റെ മുഖ്യ സ്പോൺസർ. ചന്ദ്രനിലേക്ക് പേടകമയച്ച് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് അവിടെ നിന്നുള്ള തികവുറ്റ ചിത്രങ്ങൾ ഭൂമിയിലേക്കയയ്ക്കുക എന്നതാണ് മൽസരം.

ഔഡി ലൂണാർ ക്വാഡ്രോ എന്ന് പേരിട്ടിരിക്കുന്ന ഔഡിയുടെ ചന്ദ്ര വാഹനം 2017ല്‍ സജ്ജമാകും. അതേവര്‍ഷം തന്നെ ചന്ദ്രനിലെത്തിക്കാനുദേശിക്കുന്ന ഈ പേടകം പ്രത്യേകമായി രൂപകൽപന ചെയ്ത റോക്കറ്റിന്റെ സഹായത്തോടെ ചന്ദ്രനിൽ 3,80,000 കിലോമീറ്റർ സഞ്ചരിക്കും. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ ദൗത്യത്തിൽ ചന്ദ്രോപരി തലത്തിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ ഔഡി ലൂണാർ ക്വാഡ്രോ ഭൂമിയിലേക്കയയ്ക്കും.

1972ൽ അപ്പോളോ 17 എന്ന ബഹിരാകാശ പേടകം ചന്ദ്രനില്‍ ഇറങ്ങിയിടത്തുതന്നെയാകും ഔഡി ലൂണാർ ക്വാഡ്രോയും ചന്ദ്രനിലിറങ്ങുക. സോളാർ പാനലിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന ലിത്തിയം – അയേണ്‍ ബാറ്ററിയാണ് പേടകത്തിൽ ഉപയോഗിക്കുന്നത്. രണ്ട് സ്റ്റീരിയോസ്‌കോപ്പിക് ക്യാമറകളും ഉയർന്ന ശേഷിയുള്ള മറ്റൊരു ക്യാമറയും പേടകത്തിന്റെ ഭാഗമായിരിക്കും.

അലുമിനിയം ലോഹത്തില്‍ നിര്‍മ്മിക്കുന്ന ഈ വാഹനം ചന്ദ്രനില്‍ 3.6 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമെന്നാണ് ഔഡി പറയുന്നത്. ചന്ദ്രനിലേക്കുള്ള യാത്ര ഏറ്റവും കുറഞ്ഞ ചെലവിൽ നടത്തുക എന്ന ലക്ഷ്യവുമായി 2007ലാണ് എക്സ് പ്രൈസ് ഫൗണ്ടേഷൻ ലൂണാർ എക്സ്പ്രൈസ് എന്ന മൽസരം സംഘടിപ്പിച്ചത്.
16 ടീമുകളാണ് നിലവിൽ മൽസരത്തിൽ പങ്കെടുക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :