സാവോപോളോ|
jibin|
Last Updated:
തിങ്കള്‍, 7 നവംബര്‍ 2016 (14:33 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് അണിയിച്ചൊരുക്കിയ ചാര്‍ളി എന്ന സിനമയില്‍ ചാര്‍ളിയുടെ (ദുല്‍ഖര്‍)
ഒരു ആഗ്രഹമായിരുന്നു, താന്‍ മരിക്കുമ്പോള്‍ ആരൊക്കെ തന്നെ കാണാന്‍ വരുമെന്നും അതിന്റെ ഒരു ത്രില്‍ അറിയണമെന്നും. ഇതിനായി മരിച്ചെന്ന വ്യാജവാര്‍ത്ത പത്രത്തില്‍ ചിത്രം സഹിതം നല്‍കുകയായിരുന്നു ചാര്‍ളി ചെയ്‌തത്.
എന്നാല്‍ അത്തരമൊരു സംഭവം ബ്രസീലില്‍ നടന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ ത്രില്‍ അറിയുക എന്ന ലക്ഷ്യം മാത്രമായിരുന്നു വേര ലൂസിയ ഡി സില്‍വ എന്ന യുവതിക്കുമുണ്ടായിരുന്നത്. അതേസമയം, ചാര്‍ളി ചെയ്‌തതുപോലെ പത്രത്തില്‍ വാര്‍ത്ത നല്‍കുകയല്ല ഇവര്‍ ചെയ്‌തത്. മറിച്ച് ശവപ്പെട്ടിയില്‍ ഒരു ദിവസം മുഴുവന്‍ കിടന്ന് മരണദിവസത്തെ അനുഭവങ്ങള്‍ അറിയുകയായിരുന്നു ഇവര്‍.
ബ്രസീലിലെ ഒരു ശവസംസ്‌കാര കേന്ദ്രത്തിലായിരുന്നു വിചിത്രമായ ഈ സംഭവം നടന്നത്. ഭര്‍ത്താവിന്റെ എതിര്‍പ്പ് മറികടന്ന് 14 വര്‍ഷമായി താന്‍ മനസില്‍ താലോലിച്ചു കൊണ്ടിരുന്ന ആഗ്രഹം പൂര്‍ത്തിയാക്കുകയായിരുന്നു ലൂസിയ. വെളുത്ത ഗൌണ്‍ ധരിച്ചായിരുന്നു ലൂസിയ എത്തിയത്. ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം പ്രത്യകമായി അലങ്കരിച്ച ശവപ്പെട്ടിയിലേക്ക് ലൂസിയയെ കിടത്തുകയായിരുന്നു.
രാവിലെ മുതല്‍ ശവപ്പെട്ടിയില്‍ കിടന്നതിനെത്തുടര്‍ന്ന് ലൂസിയ്‌ക്ക് ഇടയ്‌ക്ക് വിശന്നപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വെള്ളവും ചായയും നല്‍കുകയും ചെയ്‌തു. വൈകിട്ട് വരെ പെട്ടിയില്‍ അനങ്ങാതെ കണ്ണടച്ച് കിടന്ന ഇവര്‍ വൈകുന്നേരമായപ്പോഴേക്കും മറ്റൊരു ആഗ്രഹം കൂടി അറിയിച്ചു. ശവപ്പെട്ടിയില്‍ കിടത്തി കുഴിമാടം വരെ എത്തിക്കണമെന്നായിരുന്നു. യുവതിയുടെ ആഗ്രഹം ശക്തമായപ്പോള്‍ അതിനും ഭര്‍ത്താവ് വഴങ്ങുകയായിരുന്നു.
മരണപ്പെട്ട് കിടക്കുന്നതിന്റെ അനുഭവം അറിയാന്‍ സാധിച്ചത് വലിയ കാര്യമായിരുന്നുവെന്നാണ് ലൂസിയ പറയുന്നത്. പതിനാല് വര്‍ഷമായി മനസില്‍ ഉണ്ടായിരുന്ന ഈ ആഗ്രഹം നടക്കുമോ എന്നു പോലും അറിയില്ലായിരുന്നുവെന്ന് ഇവര്‍ പറയുന്നു.