ബോബ് ഡിലന് നൊബേല്‍ നല്കി വിഖ്യാത എഴുത്തുകാരെ അധിക്ഷേപിച്ചു; ഇത്തവണത്തെ സാഹിത്യനൊബേല്‍ തെറ്റായ തീരുമാനമെന്നും റസ്കിന്‍ ബോണ്ട്

ബോബ് ഡിലന് നൊബേല്‍ നല്കിയതിനെതിരെ റസ്കിന്‍ ബോണ്ട്

ഗുവാഹത്തി| Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (19:49 IST)
ഇത്തവണത്തെ സാഹിത്യനൊബേല്‍ തെറ്റായ തീരുമാനമായിരുന്നെന്ന് പ്രശസ്ത സാഹിത്യകാരന്‍ റസ്കിന്‍ ബോണ്ട്. നോര്‍ത്ത് ഈസ്റ്റ് സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കവെയാണ് റസ്കിന്‍ ബോണ്ട് തന്റെ നിലപാട് വ്യക്തമാക്കിയത്. പോപ് ഗായകനും കവിയുമായ ബോബ് ഡിലന് നൊബേല്‍ നല്കിയത് തെറ്റായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ നൊബേല്‍ പുരസ്കാരം വിഖ്യാത എഴുത്തുകാരെ അധിക്ഷേപിക്കുന്ന തരത്തില്‍ ആയിരുന്നു സ്വീഡിഷ് അക്കാദമിയുടെ തീരുമാനം. ഡിലന്‍ നല്ല സംഗീതജ്ഞനാണ്. ജനത്തെ രസിപ്പിക്കാനും അദ്ദേഹത്തിനറിയാം. എന്നാല്‍, സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അദ്ദേഹത്തിന് നല്കിയത് ശരിയായില്ലെന്നും റസ്കിന്‍ ബോണ്ട് പറഞ്ഞു.

എഴുത്തുകാരനല്ലാത്ത ഒരാള്‍ക്ക് സാഹിത്യകാരന് ലഭിക്കേണ്ട പരമോന്നത ബഹുമതി സമ്മാനിക്കുന്നതില്‍ അപാകതയുണ്ട്. നൊബേല്‍ പുരസ്കാരം സ്വീകരിച്ച സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും അപമാനിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

500 ചെറുകഥകളും ലേഖനങ്ങളും കുട്ടികൾക്കായി 50 പുസ്തകങ്ങളും എഴുതിയിട്ടുള്ള റസ്കിൻ ബോണ്ട് ഇംഗ്ലീഷ്-ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :