കരിപ്പൂര്‍: റണ്‍വേ വികസനത്തിന് ശേഷം മാത്രം വലിയ വിമാനങ്ങള്‍ക്ക് അനുമതിയെന്ന് കേന്ദ്രം

കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി റണ്‍വേ വികസനത്തിന് ശേഷമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി| priyanka| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (09:34 IST)
ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റണ്‍വേ വികസനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള അനുമതി പുനസ്ഥാപിക്കാനാവൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. മലബാര്‍ മേഖലയില്‍നിന്നുള്ള യുഡിഎഫ് എംപിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട്ടുനിന്ന് കോയമ്പത്തൂര്‍-മുംബൈ വഴി ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വിസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ വിമാന സര്‍വിസ് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി എംപിമാര്‍ക്ക് ഉറപ്പുനല്‍കി. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തതുമൂലം പ്രവാസി മലയാളികള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്ന് എംപിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹജ്ജ് തീര്‍ഥാടകരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും എംപിമാര്‍ അറിയിച്ചു.


കോഴിക്കോട് വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിലെ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശവും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സുരക്ഷാ കാര്യത്തില്‍ വീട്ടുവീഴ്ച സാധ്യമല്‌ളെന്നും വിമാനത്താവള വികസനം പൂര്‍ത്തിയാക്കിയ ശേഷം വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുനസ്ഥാപിക്കാമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. റണ്‍വേ വികസനത്തിനുള്ള ഭൂമിയേറ്റെടുത്ത് നല്‍കിയാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി എംപിമാര്‍ക്ക് ഉറപ്പു നല്‍കി. എം.കെ. രാഘവന്‍, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :