യമനില്‍ ചോര പൊടിയട്ടെ; നല്ല നാളുകള്‍ക്കായി

ജിബിന്‍ ജോര്‍ജ്| Last Updated: വെള്ളി, 17 ഏപ്രില്‍ 2015 (16:24 IST)
പശ്ചിമേഷ്യയിലെ വന്‍ശക്തിയായ സൗദി അറേബ്യയുടെ പിന്നാമ്പുറവും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യവുമാണ് യമന്‍. ചെങ്കടലും ഏദന്‍ കടലിടുക്കും കൂടിച്ചേരുന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ കൊച്ചു രാജ്യത്ത് കുറച്ച് നാളുകളായി ശബ്‌ദിക്കുന്നത് തോക്കുകളും പീരങ്കികളുമാണ്. ഇപ്പോള്‍ സാധ്യമായില്ലെങ്കില്‍ ഇനി ഒരിക്കലും സാധ്യമാകില്ലെന്ന് സൗദി അറേബ്യ
വ്യക്തമായി മനസ്സിലാക്കിയതോടെ യമനിലെ രാത്രികള്‍ ഭയാനകമായി തീര്‍ന്നു. എങ്ങും കരച്ചിലിന്റെയും വേര്‍പാടിന്റെയും വേദന അലയടിക്കുബോള്‍, മറുവശത്ത് ഒരു കൂട്ടം ആളുകള്‍ അലറി വിളിക്കുകയാണ്, അതും കൂടെപ്പിറപ്പുകളുടെ ചോരയില്‍ ചവിട്ടി നിന്ന്.

സൗദി അറേബ്യയും അവരുടെ ഗള്‍ഫ് അറബ് കൂട്ടാളികളും യമനില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്. യമനിലെ ഹൂതി വിമതരുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ചില്ലെങ്കില്‍ നാളെ മറ്റൊരു ഇറാഖോ, സിറിയയോ ആയി തീരാവുന്ന രാജ്യമാണ് യമന്‍. വിമതരുടെ മുന്നേറ്റം തടയാന്‍ സൗദിയും അറബ് കൂട്ടാളികളും നടത്തുന്ന വ്യോമാക്രമണത്തില്‍ നൂറുകണക്കിന് സാധരണക്കാരാണ് മരിച്ചു വീഴുന്നത്. അതില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുകയും ചെയ്യും. എന്നാല്‍ സൗദിയുടെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ യമന്റെ മിക്കവാറും എല്ലാ പ്രധാനഭാഗങ്ങളും ഇതിനകം ഹൂതി വിമതര്‍ പിടിച്ചടക്കിയേനെ. അങ്ങനെ ഒരു സാഹചര്യം സംജാതമായാല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്ഐഎസ്) തങ്ങളുടെ ആധ്യപത്യം യമനില്‍
വ്യാപിപ്പിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല.


തങ്ങളുടെ സ്വപ്‌നരാജ്യം സാക്ഷാത്‌ക്കരിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്ന് യമനിലേക്ക് പറന്നെത്തും. ഇന്നുള്ളതിലും ക്രൂരവും പൈശാചികവുമായിരിക്കും തുടര്‍ന്ന് യമനിലെ ജീവിതം. സ്‌ത്രീകളും കുട്ടികളും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും. കിരാതമായ കീഴ്‌വഴക്കങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കും, അനുസരിക്കാത്തവരെ പരസ്യമായി തൂക്കിലേറ്റുന്നതും കല്ലെറിഞ്ഞ് കൊല്ലുന്നതടക്കമുള്ള ശിക്ഷകള്‍ സര്‍വ്വസാധാരണമായി തീരും. ആ ഒരു സാഹചര്യം തടയാന്‍ സാധിച്ചത് യമനില്‍ സൗദി നടത്തുന്ന ധീരമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.


കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിറിയയിലെ ഐഎസ്‌ഐഎസ് ക്യാമ്പില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഒമ്പതു വയസുകാരിയായ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയായിരുന്നു. ഒരു ദിവസം പല തവണ, പലരാല്‍ പീഡിപ്പിക്കപ്പെടുന്നു. അതും ക്രൂരവും പ്രകൃതി വിരുദ്ധമായ രീതിയിലും. സംഘമായി എത്തുന്നവര്‍ പലതരത്തില്‍ ക്രൂരമായി ഉപയോഗിക്കുന്നു, ശരീരത്തെ മുറിവുകള്‍ ഗുരുതരമാകുബോള്‍ അവളെ മരുഭൂമിയിലേക്ക് വലിച്ചെറിയുന്നു. ഇറാഖിലെയും സിറിയയിലെയും പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേദനകളുടെ സാഹചര്യം യമനിലും എത്തിയേനെ. എന്നാല്‍ സൗദി നടത്തുന്ന പോരാട്ടങ്ങള്‍ ഭീകരര്‍ക്കും വിമതര്‍ക്കും തിരിച്ചടിയായി. അവരുടെ കടന്നുകയറ്റം ഭാഗികമായെങ്കിലും തടയപ്പെട്ടു.

ഇന്ന് ചോര വീണാലും പൈശാചികമായ ദിനങ്ങള്‍ യമനിലേക്ക് എത്താതിരിക്കാന്‍ അവരെ തുണയ്‌ക്കുന്നത് സൗദി തന്നെയാണ്. യമനിലെ രണ്ടരക്കോടി ജനങ്ങളില്‍ മൂന്നിലൊന്നു വരുന്ന ഇവര്‍ വാസ്തവത്തില്‍ സെയ്ദികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഷിയാ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. സെയ്ദികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ രൂപം കൊണ്ട അന്‍സാറുല്ല എന്ന സംഘടനയുടെ സ്ഥാപകനേതാവ് ഹുസൈന്‍ ബദറുദ്ദീന്‍ അല്‍ ഹൂതിയുടെ പേരു ചേര്‍ത്താണ് ഹൂതികള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. സെയ്ദികള്‍ മുഖ്യമായും യമനില്‍ മാത്രമേയുള്ളൂ. ഇവര്‍ക്ക് ലെബനനിലെ ഇറാന്‍ അനുകൂല രാഷ്‌ട്രീയ സംഘടനയായ ഹിസ്ബുല്ലയാണ് സൈനിക സഹായങ്ങള്‍ നല്‍കുന്നതെന്നും ആയുധങ്ങള്‍ കൈമാറുന്നതെന്നുമാണ് സൗദി ആരോപിക്കുന്നത്. ഈ ആരോപണത്തെ അമേരിക്കയും ഒരു പരിധിവരെ അംഗീകരിക്കുകയും ചെയ്യുന്നു.

വാല്‍ക്കഷണം: “ എന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഇറാഖ് ക്രൂരവും പൈശാചികവുമായിരിക്കും” - സദ്ദാം ഹുസൈന്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :