ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

ഗാസസിറ്റി| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (09:55 IST)
ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണയായത്. 50 ദിവസം നീണ്ട സംഘര്‍ഷത്തിനാണ് ഇതോടെ അറുതിയായത്. അന്താരാഷ്ട്ര സമയം നാലുമണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

കരാര്‍ നിലവില്‍ വന്നതായുള്ള പാലസ്തീന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ദോഹ, കയ്‌റോ, ഗാസ, റാമല്ല എന്നിവിടങ്ങളിലായി 48 മണിക്കൂര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

ഇരുകൂട്ടരും ആക്രമണം തുടരുന്നതിനിടെയാണ് കയ്റോയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഉരുത്തിരിഞ്ഞത്. ഗാസ പുനര്‍നിര്‍മാണത്തിനുള്ള സാധനസാമഗ്രികളും സഹായവും ലഭ്യമാക്കുന്നതിന് ഉപരോധത്തില്‍ അയവുവരുത്താന്‍ ഇസ്രായേല്‍ സമ്മതിച്ചതായി മര്‍സൂഖ് വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനുമുമ്പ് ആക്രമണത്തിന്റെ അമ്പതാം ദിവസമായ ചൊവ്വാഴ്ച ഗാസ സിറ്റിയിലെ രണ്ട് ബഹുനില കെട്ടിടങ്ങള്‍ക്കുനേരേ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. രണ്ട് പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ് ആഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 2136 പാലസ്തീനികളും 68 ഇസ്രായേലികളും കൊല്ലപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :