ന്യൂയോര്‍ക്കിലും എബോള: പശ്ചിമ ആഫ്രിക്കയില്‍നിന്നെത്തിയ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (10:24 IST)
ന്യൂയോര്‍ക്കിലും എബോള ബാധ. എബോള വൈറസ് രോഗം പടര്‍ന്നുപിടിച്ച പശ്ചിമ ആഫ്രിക്കയിലെ ഗ്വിനിയയില്‍ രോഗികളെ ശുശ്രൂഷിച്ച ശേഷം ന്യുയോര്‍ക്കില്‍ മടങ്ങിയെത്തിയ ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. ക്രെയ്ഗ് സ്‌പെന്‍സര്‍ എന്ന ഡോക്ടര്‍ക്കാണ് രോഗബാധയുണ്ടായത്. വ്യാഴാഴ്ച നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ബെല്ലെവ്യൂ ഹോസ്പിറ്റല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഡോക്ടറെ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്.

ഡിസീസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്ററില്‍ വിശദമായ പരിശോധനയും നടത്തും. ഡോക്ടറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒക്‌ടോബര്‍ 14നാണ് ഡോ സ്‌പെന്‍സര്‍ ഗ്വിനിയയില്‍ നിന്നും ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയത്.

യുഎസില്‍ എബോള രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെയാളാണ് ഡോ സ്‌പെന്‍സര്‍. ലൈബീരിയയില്‍ ആരോഗ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ശേഷം മടങ്ങിയെത്തിയ ഡാലസ് സ്വദേശി തോമസ് എറിക് ഡങ്കണ്‍ ഈമാസം ആദ്യം രോഗം ബാധിച്ച് മരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :