എബോള കമ്പ്യൂട്ടറിനും ‘പണി‘കൊടുക്കും!

എബോള, മാള്‍വയറുകള്‍, കമ്പ്യൂട്ടര്‍
VISHNU.NL| Last Updated: ബുധന്‍, 27 ഓഗസ്റ്റ് 2014 (17:56 IST)
പലരൂപത്തിലും ഭാവത്തിലുമാണ് കമ്പ്യൂട്ടര്‍ മാള്‍വയറുകള്‍ പരക്കുന്നത്. ഇപ്പോളിതാ മാള്‍വയറുകള്‍ പരത്താന്‍ സൈബര്‍ ക്രിമിനലുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് വൈറസിനേയാണ്. മനുഷ്യരേയും മൃഗങ്ങളേയും ബാധിക്കുന്ന ഈ വൈറസ് കമ്പ്യൂട്ടറിനേയും ബാധിക്കുമോ എന്ന് ചിന്തിക്കേണ്ട. ലോകത്താകമാനം ആളുകള്‍ തിരയുന്ന വാര്‍ത്തകളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന വാര്‍ത്തകളാണ് എബോള രോഗത്തേക്കുറിച്ചുള്ളത്.

ഇപ്പോള്‍ എബോള വൈറസിനെ കുറിച്ചു പറയുന്ന മെയിലുകളാണ്‌ സൈബര്‍ ക്രിമിനലുകള്‍ തങ്ങളുടെ മാള്‍വയറുകളെ മറ്റുകമ്പ്യൂട്ടറുകളിലേക്ക് പരത്താന്‍ ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളെക്കുറിച്ചുളള മെയിലുകളാണ്‌ മിക്കപ്പോഴും മാല്‍വെയറുകളുടെ വാഹകരാക്കാന്‍ ഇത്തരം ക്രിമിനലുകള്‍ ഉപയോഗിക്കുന്നത്.

പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ സിമാന്റിക്‌ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എബോള വൈറസ്‌ പരക്കുന്ന വാര്‍ത്തകളുടെ മറവില്‍ പലരീതിയിലുളള മാല്‍വെയര്‍ ആക്രമണങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുളളത്‌.

എബോള വൈറസിനെ കുറിച്ചുളള വ്യാജറിപ്പോര്‍ട്ട്‌ അയക്കുകയാണ്‌ ഒരു രീതി. ഇതില്‍ കൂടുതല്‍ വായനയ്‌ക്ക് എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുന്നവരുടെ കമ്പ്യൂട്ടറിനെ ട്രോജന്‍ വൈറസ്‌ ബാധിക്കുകയും പാസ്‌വേര്‍ഡുകളും ബാങ്ക്‌ കോഡുകളും മറ്റും ചോര്‍ത്താനുളള വഴി തുറക്കുകയും ചെയ്യും. സ്രോതസ്സിനെ കുറിച്ച്‌ സംശയം തോന്നാത്ത വിധത്തിലുളള ഇ-മെയിലിലായിരിക്കും മാല്‍വെയര്‍ ഉണ്ടാവുക. ഇത്‌ തുറക്കാന്‍ മാത്രമല്ല ഷെയര്‍ ചെയ്യാനും ഉപയോക്‌താക്കള്‍ ശ്രമിക്കുന്നത്‌ ആക്രമണം വ്യാപിക്കാന്‍ ഇടയാക്കും.

എബോളയെ കുറിച്ചുളള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ അയക്കുന്നതുവഴി കീസ്‌ട്രോക്കുകള്‍ റിക്കോഡ്‌ ചെയ്യാന്‍ കഴിവുളള ബാക്ക്‌ഡോര്‍ ഡോട്ട്‌ ബ്ര്യൂട്ട്‌ വൈറസുകളെ ഇറക്കുമതി ചെയ്യുകയാണ്‌ മറ്റൊരുവഴി. ഏതെങ്കിലുമൊരു ടെലികമ്യൂണിക്കേഷന്‍ സേവനദാതാവിന്റെ പേരില്‍ വരുന്ന എബോള പ്രസന്റേഷനാണ്‌ മറ്റൊരു അപകടം.
ഇത്തരം മാള്‍വയറുകള്‍ കയറിപ്പറ്റുന്ന കമ്പ്യൂട്ടറില്‍ നിന്ന് ഈ വൈറസിനെ നിയന്ത്രിക്കുന്ന ആളിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്താനും ഫയലുകള്‍ കേടുവരുത്താനും സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :