ഡ്രാക്കുളയുടെ തടവറ കണ്ടെത്തി!

മെല്‍ബണ്‍| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (15:01 IST)
ട്രാന്‍സില്‍വാനിയയിലും കാര്‍പത്യന്‍ മലനിരകളിലും ഭയത്തിന്റെ കഥകള്‍ വിതറി രക്തദാഹിയായ ഡ്രാക്കുളയെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ കേട്ടോളൂ, ഡ്രാക്കുളയുടെ തടവറ കണ്ടെത്തിയിരിക്കുന്നു. കാരാഗൃഹം കണ്ടെത്തിയതായി തുര്‍ക്കിയിലെ പുരാവസ്‌തു ഗവേഷകരാണ് അറിയിച്ചത്.
 
തുര്‍ക്കിയിലെ ടോകാത്‌ കോട്ടയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടെയാണ്‌ രഹസ്യ തുരങ്കങ്ങളും കാരാഗൃഹങ്ങളും കണ്ടെത്തിയത്‌. കോട്ടയില്‍ നിരവധി രഹസ്യമാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. അതിലൂടെ സഞ്ചരിച്ചാണ്‌ രണ്ട്‌ കാരാഗൃഹങ്ങള്‍ കണ്ടെത്തിയത്‌. അതേസമയം ഇവയില്‍ ഏതിലാണ്‌ 'വ്‌ളാദ്‌ ദ ഇംപേലര്‍' എന്ന ഡ്രാക്കുളയെ 16 വര്‍ഷം പാര്‍പ്പിച്ചിരുന്നതെന്ന്‌ വ്യക്‌തമായിട്ടില്ല.
 
വടക്കന്‍ തുര്‍ക്കിയിലെ ടോകാത്‌ പട്ടണത്തിലാണ്‌ പുരാതനമായ കോട്ട സ്‌ഥിതിചെയ്യുന്നത്‌. 1392 ല്‍ കോട്ട ഒട്ടോമന്‍ തുര്‍ക്കുകള്‍ പിടിച്ചടക്കി. വ്‌ളാദ്‌ ഡ്രാക്കുള്‍ രണ്ടാമന്റെ മകനായ വ്‌ളാദ്‌ ഡ്രാക്കുള്‍ മൂന്നാമന്‍ എന്ന ഡ്രാക്കുള 1431 ല്‍ ആണ്‌ ജനിച്ചത്‌. എന്നാല്‍ 1442 ല്‍ സുല്‍ത്താന്‍ മുറാദ്‌ രണ്ടാമന്‍ 11 കാരനായ ഡ്രാക്കുളയെയും സഹോദരന്‍ റാഡുവിനെയും ബന്ദികളാക്കി. 16 വര്‍ഷത്തിനു ശേഷം പിതാവിന്റെ മരണത്തോടെയാണ്‌ ഡ്രാക്കുളയെയും സഹോദരനെയും മോചിപ്പിച്ചത്‌. ഇക്കാലമത്രയും ഡ്രാക്കുളയെ ടോകാതിലെ കോട്ടയില്‍ തടവിലിട്ടിരുന്നുവെന്നാണ്‌ വിശ്വസിക്കുന്നത്‌. 1476 ല്‍ 45-ാം വയസ്സില്‍ ഒട്ടോമന്‍ തുര്‍ക്കികളുമായുളള ഏറ്റുമുട്ടലിലാണ്‌ ഡ്രാക്കുള കൊല്ലപ്പെട്ടത്‌. തുടര്‍ന്നാണ് ഡ്രാ‍ക്കുളയെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കുന്നത്. ഈ കഥകളെ അധികരിച്ചാണ് ബ്രാംസ്റ്റോക്കര്‍ വിഖ്യാതമായ ഡ്രാക്കുള എന്ന ഹൊറര്‍ നോവല്‍ എഴുതുന്നത്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :