ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഭീകരരെ സൃഷ്ടിക്കാനേ ഉപകരിക്കൂ: മലാല

ഡൊണാള്‍ഡ് ട്രംപ് , ലാല യൂസഫ് സായ് , അമേരിക്ക , ഭീകരത
ബെര്‍മിംഗ്ഹാം| jibin| Last Updated: വ്യാഴം, 17 ഡിസം‌ബര്‍ 2015 (12:04 IST)
റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാകാനായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ വെറുപ്പ് നിറഞ്ഞതാണെന്ന് സാമൂഹ്യപ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായ്. ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിക്കാനേ ഉപകരിക്കൂയുള്ളു. ഇത്തരം പരാമര്‍ശങ്ങള്‍ ഉയരുന്നത് ദൌര്‍ഭാഗ്യകരമാണെന്നും മലാല പറഞ്ഞു.

ഭീകരതയുടെ പേരില്‍ മുഴുവന്‍ മുസ്‌ലിംങ്ങളെയും കുറ്റപ്പെടുത്തുന്നതും വിമര്‍ശിക്കുന്നതും സമൂഹത്തിന് ഒരു സന്ദേശവും നല്‍കില്ല. വേര്‍തിരിവും വെറുപ്പും നിറഞ്ഞ വാക്കുകളാണ് ഭീകരവാദത്തിന്റെ പേരില്‍ അദ്ദേഹം നടത്തുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും മലാല പറഞ്ഞു. പെഷവാര്‍ സ്കൂള്‍ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു മലാല അഭിപ്രായം വ്യക്തമാക്കിയത്.

മുസ്ലിങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന പരാമര്‍ശം നടത്തിയ ട്രംപ് കഴിഞ്ഞ ദിവസം വീണ്ടും വിവാദപരമായ പ്രസ്‌താവന നടത്തിയിരുന്നു.
ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കുടുംബത്തെ തനിക്ക് കൊല്ലണമെന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവന. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു സംവാദത്തിലാണ് ട്രംപ് വിവാദപരമായ പ്രസ്‌താവന നടത്തിയത്.

സംവാദത്തിനിടെ ട്രംപിന്റെ പ്രസ്‌താവനയ്‌ക്കെതിരെ സംവാദത്തില്‍ പങ്കെടുത്തവര്‍ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്‌തു. ജനീവ കൺവെൻഷന്‍ നിയമപ്രകാരം ഭീകരരുടെ ബന്ധുക്കളെ ഉപദ്രവിക്കാന്‍ പാടില്ലെന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. എന്നാല്‍ അതിനെതിരെയും ട്രംപ് ആഞ്ഞടിച്ചു,
അവർക്ക് നമ്മളെ കൊല്ലാം ആക്രമിക്കാം, എന്നാല്‍ നമ്മൾക്ക് അവരെ കൊല്ലാൻ പാടില്ലയോ എന്നാണ് ഇതിന് മറുപടിയായി അദ്ദേഹം ചോദിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :