അറിഞ്ഞോ..? വാല്‍നക്ഷത്രങ്ങളില്‍ ജീവനുണ്ടത്രേ...!

ലണ്ടന്‍| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (13:32 IST)
വാല്‍നക്ഷത്രങ്ങളില്‍ ജീവനുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരുടെ അവകാശ വാദം. യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെ റൊസേറ്റ ദൗത്യത്തില്‍നിന്നു ലഭിച്ച ചിത്രങ്ങളുടെ അടിസ്‌ഥാനത്തില്‍ കാര്‍ഡിഫ്‌ സര്‍വകലാശാലയിലെ ഡോ. മാക്‌സ്‌ വാല്ലീസും ബക്കിങ്‌ഹാം സെന്റര്‍ ഫോര്‍ അസ്‌ട്രോബയോളജിയിലെ പ്രഫ. ചന്ദ്ര വികമസിങ്കെയുമാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്.

വാല്‍നക്ഷത്രത്തിലെ ഇരുണ്ട പ്രതലത്തില്‍ ഹൈഡ്രോ കാര്‍ബണിന്റെ ഉയര്‍ന്ന സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ വാല്‍നക്ഷത്രത്തിലെ ഐസ്‌ പോലുള്ള മേഖലകളും ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കി. ഇവയുടെ നിര്‍മിതിക്കു പിന്നില്‍ സൂക്ഷ്‌മാണുക്കളാണെന്നാണു ഇരുവരും പറയുന്നത്‌. സൂക്ഷ്‌മാണുക്കളുടെ പ്രവര്‍ത്തന ഫലമായി വാതകവും പുറത്തുവരുന്നുണ്ട്‌ എന്നും ഇവര്‍ പറയുന്നു.

67 പി വാല്‍ നക്ഷത്രത്തെ ചുറ്റുന്ന റൊസേറ്റ പേടകവും വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയ ഫിലേ പേടകവുമാണു ശാസ്‌ത്രജരുടെ നിഗമനത്തിനു ശക്‌തി പകരുന്നത്‌.
പേടകം അയച്ചു നല്‍കിയ ചിത്രങ്ങളാണ് ഗവേഷകര്‍ പഠന വിധേയമാക്കുന്നത്. വെയില്‍സില്‍ നടക്കുന്ന റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ നാഷനല്‍ അസ്‌ട്രോണമി യോഗത്തില്‍ തങ്ങളുടെ കണ്ടെത്തല്‍ അവതരിപ്പിക്കുമെന്ന്‌ ഇരുവരും അറിയിച്ചു.

അതേസമയം ഇവരുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ വാല്‍നക്ഷത്രങ്ങളിലേക്കു കൂടുതല്‍ ദൗത്യങ്ങള്‍ വേണമെന്ന ആവശ്യം കരുത്താര്‍ജിച്ചിട്ടുണ്ട്‌. കൂടാതെ റോസറ്റ പേടകത്തില്‍ ജീവന്റെ സാന്നിധ്യം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്. 67 പി പോലെയുള്ള വാല്‍നക്ഷത്രങ്ങളാണ്‌ ഭൂമിയിലും മറ്റു ഗ്രഹങ്ങളിലും ജീവന്‍ എത്തിക്കാന്‍ കാരണമെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :