ചൈനയിലെ വ്യവസായ മേഖലയും പ്രതിസന്ധിയില്‍

ഷാങ്ഹായ്| VISHNU N L| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (15:16 IST)
സാമ്പത്തിക തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ചൈനയിലെ വ്യവസായ മേഖലയും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ വ്യവസായ മേഖല കഴിഞ്ഞ ആറര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സേവന മേഖല കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് അടുത്ത തിരിച്ചടി ചൈനയെ തേടിയെത്തിയിരിക്കുന്നത്.

സാമ്പത്തിക ഏജന്‍സികളായ എഎന്‍എസ്, സിയാക്‌സിന്‍ തുടങ്ങിയവര്‍ നടത്തിയ സര്‍വ്വേയിലാണ് ഈ വിവരങ്ങളുള്ളത്. അതേസമയം ചൈനീസ് സര്‍ക്കാര്‍ ഏജന്‍സിയുടെ നിരീക്ഷണങ്ങളും സമാനമായതാണ്. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നത് എന്ന് ഏറെക്കുറെ ഉറപ്പായി. ചൈനയുടെ ആഭ്യന്തര ഉത്പാദനം ആഗസ്റ്റില്‍ 47.3 ശതമാനമായി താഴ്ന്നു. 2009 മാര്‍ച്ചിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിനു മുന്‍പ് ജൂലൈയിലാണ് കുറവ് രേഖപ്പെടുത്തിയത്, 47.8.

സര്‍ക്കാര്‍ ഏജന്‍സിയായ സിയാക്സിന്റെ കണ്ടെത്തലാണിത്. വ്യാവസായിക മേഖലയിലെ തൊഴില്‍ ലഭ്യത തുടരെ താഴേക്കാണ്. അതേസമയം സേവന മേഖലയില്‍ സിയാക്‌സിന്‍ നടത്തിയ സര്‍വേയും ആശങ്കയുയര്‍ത്തുന്നു. ഈ മേഖലയില്‍ വളര്‍ച്ചാ നിരക്ക് 51.5 ശതമാനമായി താഴ്ന്നു. 2014 ജൂലൈ മുതല്‍ കഴിഞ്ഞ ജൂലൈ വരെ 53.8 ശതമാനം വളര്‍ച്ചാ നിരക്ക്. ഔദ്യോഗിക സര്‍വേ ഫലങ്ങളും ഈ കണക്കുകള്‍ ശരിവയ്ക്കുന്നു. സര്‍ക്കാര്‍ കണക്കില്‍ മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയില്‍ വളര്‍ച്ച, 49.7 ശതമാനം.

അതേസമയം സാമ്പത്തിക വളര്‍ച്ചയും തിരിച്ചടി നേരിടുകയാണ്. ആഗസ്റ്റില്‍ നടത്തിയ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മൂന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് ആറര ശതമാനം കുറയുമെന്ന് കണക്കുകൂട്ടല്‍. ഏഴു ശതമാനമെങ്കിലുമായി നിലനിര്‍ത്തിയാല്‍ മാത്രമേ പ്രതിസന്ധി തരണം ചെയ്യാനാകൂയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സമ്മതിക്കുന്നു. ചൈനയിലെ സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങളില്‍ കനത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :