നദിയില്‍ വീണ കാറില്‍ നിന്ന് 14 മണിക്കൂറിനു ശേഷം പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി!

സാള്‍ട്ട്‌ലേക്ക് സിറ്റി| vishnu| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (15:16 IST)
യുഎസിലെ സ്പ്രിങ്‌വില്ലെയില്‍ ഉത്ത നദിയിലൂടെ ഒഴുകി നടന്ന കാറില്‍ നിന്ന് ഒന്നര വയസ്സുകാരിയെ 14 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ലില്ലി ഗ്രോസ്ബെക്ക് എന്ന കുഞ്ഞിനെയാണ് അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപെടുത്തിയത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ ഉത്തയിലാണ് അപകടമുണ്ടായത്. രാത്രിയില്‍ ശബ്ദം കേട്ട അയല്‍വാസികള്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ശനിയാഴ്ച ഒരു മീന്‍പിടുത്തക്കാരന്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഡ്രൈവിംഗ് സീറ്റില്‍ മരിച്ചനിലയിലായിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയോടെ കുട്ടിയുടെ നില തൃപ്തികരമായെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍പെട്ടാണ് കാര്‍ നദിയില്‍ പതിച്ചതെന്ന് കരുതുന്നു. കുട്ടിയുടെ അമ്മയായ ലിന്‍ ജെന്നിഫര്‍ ഗ്രൂസ്‌ബെക്ക് (25) അപകടത്തില്‍ മരിച്ചനിലയിലാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. സ്പിങ്‌വില്ലയിലെ വീട്ടിലേക്ക് മകളോടൊപ്പം പോവുകയായിരുന്ന ലിന്‍ ഗ്രോസ്ബെക്കിന്റെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ സിമന്റ് തിട്ടയിലിടിച്ച് നദിയിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഒരു മീന്‍ പിടുത്തക്കാരന്‍ വെള്ളത്തില്‍ തലകീഴായി കിടക്കുന്ന കാര്‍ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കാര്‍ പൊളിച്ച് സീറ്റില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. സീറ്റില്‍ മുകളില്‍ നിന്നും താഴേക്ക് കുടുങ്ങിക്കിടന്നതിനാല്‍ താഴെ വെള്ളമുണ്ടായിരുന്നിട്ടും കുഞ്ഞ് അതില്‍ വീഴാതെ രക്ഷപെടുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെപ്പറ്റി സ്പാനിഷ് ഫോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റും ഹൈവേ പട്രോളും അന്വേഷണം നടത്തി വരികയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :