കാന്‍സറിന് വിഷമാണൌഷധം

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 23 ഓഗസ്റ്റ് 2014 (13:50 IST)
കാന്‍സറും വിഷവും തമ്മിലെന്താണ് ബന്ധമെന്ന് ചോദിക്കരുത്. കാരണം രണ്ടും കീരിയും പാമ്പും പോലെ ശത്രുക്കളാണ്. മറ്റൊന്നുമല്ല. പാമ്പിന്റെയും തേനീച്ചകളുടെയും വിഷം കാന്‍സറിന് കണ്‍കണ്ട മരുന്നാണെന്ന് കണ്ടെത്തിരിക്കുന്നു. മറ്റാരുമല്ല ഇതും കണ്ടുപിടിച്ചത് അമേരിക്കന്‍ പൌരന്മാരാണ്.

എന്നാല്‍ ഇതില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. കാരണം മരുന്ന് കണ്ടെത്തിയ സംഘത്തില്‍ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞനും ഉണ്ടായിരുന്നു. തേനീച്ചയുടെയും പാമ്പിന്റെയും തേളിന്റെയും വിഷത്തിനു സമാനമായ പദാര്‍ഥം നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചു തയാറാക്കിയാണ് ഇവര്‍ മരുന്ന് ഉണ്ടാക്കിയത്.

ഗവേഷണം ആദ്യഘട്ടത്തിലാണെങ്കിലും ഇത് സ്തനാര്‍ബ്ബുദത്തിന് വളരെ നല്ല ഔഷധമാണെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ചികില്‍സയ്ക്ക് ആവശ്യമായ പ്രോട്ടീനുകളും പെപ്റ്റൈഡുകളും വിഷത്തില്‍നിന്നു വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യയും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിഷം നേരിട്ട് കുത്തിവയ്ക്കാതെ തന്നെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയും.

ശരീരത്തിലേക്കു വിഷം നേരിട്ടു കുത്തിവയ്ക്കുന്നത് ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കും. ഇത് കീമോ തെറാപ്പി ചെയ്യുന്നതിന് തുല്യമാകുമെന്നതിനാല്‍ അപകടകരമാണ്. എന്നാല്‍ വിഷത്തില്‍ നിന്ന് കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന പ്രോട്ടീനുകളും പെപ്റ്റൈഡുകളും വിഷത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് ഇവയുടെ നാനോ പദാര്‍ഥങ്ങളാക്കി മാറ്റുകയാണ് അദ്യഘട്ടം.

തുടര്‍ന്ന് ഇവ അര്‍ബുദമുള്ള ഭാഗത്തേക്ക് കുത്തിവയ്ക്കും. വിഷത്തിന്റെ പ്രച്ഛന്നരൂപമായ ഈ നാനോ കണങ്ങള്‍ ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അവകാ‍ശവാദം. ഈ വിഷചികില്‍സ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചാവേഗം കുറച്ച് അര്‍ബുദം പടരുന്നതു തടയും. അര്‍ബുദ കോശങ്ങളെ മാത്രമേ ബാധിക്കൂ എന്നതാണ് കീമോതെറപ്പിയെ അപേക്ഷിച്ച് ഈ ചികില്‍സയുടെ ഗുണം. അര്‍ബുദ മൂല കോശങ്ങളുടെ വളര്‍ച്ചയ്ക്കു തടയിടാന്‍ ഏറ്റവും ഫലപ്രദം തേനീച്ചയുടെ വിഷമാണ് എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :