തെരേസ മേയ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി: മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ഫോറിന്‍ സെക്രട്ടറി; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അഴിച്ചുപണി

മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു തെരേസ മേയുടെ സത്യപ്രതിജ്ഞ.

ലണ്ടന്‍| priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (07:21 IST)
ബ്രിട്ടന്റെ പുതിയ വനിതാ പ്രധാനമന്ത്രിയായി തെരേസ മേയ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബെക്കിംഗ്ഹാം കൊട്ടാരം സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു തെരേസ മേയുടെ സത്യപ്രതിജ്ഞ. ഇതിന് മുന്നോടിയായി എലിസബത്ത് രാജ്ഞിയെ ബെക്കിംഗ്ഹാം കൊട്ടാരത്തിലെത്തി തെരേസ സന്ദര്‍ശിച്ചിരുന്നു.

ബ്രെക്‌സിറ്റ് ക്യാപെയിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ച മുന്‍ മേയര്‍ ബോറിസ് ജോണ്‍സണെ ഫോറിന്‍ സെക്രട്ടറിയാക്കി നിയമനം നടത്തിയാണ് തെരേസ ഭരണം തുടങ്ങിയത്. ഫിലിപ്പ് ഹാമ്മോണ്ടിനെ ചാന്‍സലറായും മുന്‍ ഊര്‍ജ്ജ സെക്രട്ടറി അമ്പര്‍ റുഡ്ഡിനെ അഭ്യന്തര സെക്രട്ടറിയായും നിയമിച്ചു കഴിഞ്ഞു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധനയായ ബ്രെക്‌സിറ്റിന്റെ ഫലം പുറത്തു വന്നതിനെത്തുടര്‍ന്ന് ഡേവിഡ് കാമറൂണ്‍ രാജിപ്രഖ്യാപിച്ചതോടെയാണ് പ്രധാനമന്ത്രി തെരഞ്ഞടുപ്പ് തുടങ്ങിയത്. മത്സര രംഗത്തെ പിന്തുണ കുറഞ്ഞു വരുന്നുവെന്ന് വ്യക്തമായതോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്‌സം പിന്മാറിതോടൊയാണ് പ്രധാനമന്ത്രി പദവിയിലേക്ക് തെരേസയെ തെരഞ്ഞടുത്തത്. തിങ്കളാഴ്ചയായിരുന്നു തെരേസ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.


ഉരുക്കുവനിതയെന്ന് ലോകം വിളിച്ച മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ വനിതാ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നയാളാണ് തെരേസ. 2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തരമന്ത്രിയായി തുടരുന്ന തെരേസ കണ്‍സര്‍വേറ്റ് എംപിമാരില്‍ അറുപത് ശതമാനത്തിന്റെ (199) പിന്തുണയോടെയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 84 പേരായിരുന്നു ആന്‍ഡ്രിയയെ പിന്തുണച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :