ഗ്രീസ് വീണ്ടും സിപ്രസിനൊപ്പം; അധികാരത്തുടര്‍ച്ചയുമായി സിരിസ

 അലക്സിസ് സിപ്രാസ് , ഗ്രീസ് തെരഞ്ഞെടുപ്പ് , സിരിസ പാര്‍ട്ടി
ഏതന്‍സ്| jibin| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (08:35 IST)
ഗ്രീസ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിയും പുരോഗമന ഇടതുപക്ഷ നേതാവുമായ അലക്സിസ് സിപ്രാസ് നേതൃത്വം നല്‍കുന്ന സിരിസ സഖ്യത്തിന് വിജയം. സിപ്രാസ് 35 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവുകള്‍ തോല്‍വി സമ്മതിച്ചു. 300ല്‍ 144 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷത്തിന്റെ വിജയം. ഡെമോക്രാറ്റുകള്‍ക്ക് 75 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.

ഈ വര്‍ഷം രാജ്യം അഭിമുഖീകരിക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസിനെ പുതിയ നേതാക്കള്‍ എങ്ങനെ നയിക്കുമെന്നത് യൂറോപ്യന്‍ യൂണിയനും ലോകവും ഉറ്റുനോക്കുകയാണ്. എന്നാല്‍ കഠിനാധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും വിജയമെന്നാണ് സിപ്രസ് പ്രതികരിച്ചത്. സാമ്പത്തിക പ്രസിസന്ധിയില്‍ നിന്ന് കരകയറാനുള്ള സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ക്ക് നല്‍കിയ ജനപിന്തുണയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് നേതാവ് വാന്‍ജലിസ് മെയ്മരാക്കിസ് ഇടത് നേതാവായ അലക്‌സി സിപ്രാസിനെ അബിനന്ദിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഇടത് പാര്‍ട്ടിയുടെ അനുയായികള്‍ കൂട്ടത്തോടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ഒഴുകി. ന്യൂ ഡെമോക്രസി പാര്‍ട്ടി ഔദ്യോഗികമായി പരാജയം സമ്മതിച്ചതോടെ ഗ്രീസില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനെതിരായ ജനവിധിയായിട്ടും സിപ്രാസ് നിലപാട് മാറ്റിയതോടെയാണ് രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടിവന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :