ഗ്രീസില്‍ ഹിതപരിശോധന നാളെ; ഭീഷണിയുമായി യൂറോസോണ്‍

അലക്‌സിസ് സിപ്രസ് , ഗ്രീസ് , ഹിതപരിശോധന , യൂറോ മേഖല
ആതന്‍സ്| jibin| Last Modified ശനി, 4 ജൂലൈ 2015 (08:03 IST)
180 കോടി ഡോളറിന്റെ കടക്കെണിയിലായ ഗ്രീസില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് പ്രഖ്യാപിച്ച ഹിതപരിശോധന ഞായറാഴ്ച നടക്കാനിരിക്കെ ജനങ്ങള്‍ രണ്ടുതട്ടില്‍. രക്ഷാപദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും റാലി നടത്താന്‍ ഒരുങ്ങുകയാണ് ഇരുകൂട്ടരും. എതിര്‍ക്കുന്നവരുടെ റാലിയില്‍ പ്രധാനമന്ത്രി അലക്സിസ് സിപ്രസും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

കടക്കെണിയിലായ തങ്ങളെ പണം നല്‍കിയ രാജ്യങ്ങള്‍ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും സിപ്രസ് പറഞ്ഞു. അതേസമയം, വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് സന്നദ്ധത അറിയിച്ച് ഗ്രീസ് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ജര്‍മനി തള്ളി. പദ്ധതിയെ എതിര്‍ക്കുന്നത് ഗ്രീസിന് യൂറോ മേഖലയില്‍നിന്ന് പുറത്തേക്ക് വഴിതുറക്കുമെന്ന ഭീഷണി യൂറോപ്പ്യന്‍ യൂണിയന്‍ മുഴക്കിയിട്ടുണ്ട്. പുതിയ വായ്പ ലഭിക്കാത്തതിനാല്‍, ഗ്രീസിന്റെ സാമ്പത്തിക വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് നടക്കുന്നത്. രാജ്യത്തെ ബാങ്കുകള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.

അതേസമയം, ഹിതപരിശോധന റദ്ദാക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ഞായറാഴ്ചയിലെ ഹിതപരിശോധനയുടെ നിയമസാധുതയെക്കുറിച്ചും ഭരണഘടനയെ ലംഘിക്കുന്നതാണോയെന്നുമുള്ള കാര്യത്തില്‍ രാജ്യത്തെ ഉന്നത കോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് വിധി പറയാനിരിക്കുകയാണ്. രക്ഷാപദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തുല്യനിലയിലാണെന്ന് എത്നോസ് പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു.

അനുകൂലിക്കുന്നവര്‍ 44.8 ശതമാനവും എതിര്‍ക്കുന്നവര്‍ 43.4 ശതമാനവുമാണ്. അതേസമയം, വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 74 ശതമാനം പേരും യൂറോ തന്നെ കറന്‍സിയായി തുടരണമെന്ന അഭിപ്രായക്കാരാണ്. 15 ശതമാനം പേര്‍ മാത്രമാണ് ദേശീയ കറന്‍സിയിലേക്ക് തിരിച്ചുപോകണമെന്ന് അഭിപ്രായപ്പെട്ടത്. രാജ്യത്തിന് വായ്പ നല്‍കിയവരുമായി മെച്ചപ്പെട്ട ധാരണയുണ്ടാക്കാന്‍ ശക്തമായ എതിര്‍വോട്ട് സഹായിക്കുമെന്നാണ് പ്രധാനമന്ത്രി അലക്സിസ് സിപ്രസിന്റെ പക്ഷം.

ജൂണ്‍ 30ന് ഐഎംഎഫിന് നല്‍കേണ്ടിയിരുന്ന 180 കോടി ഡോളര്‍ തിരിച്ചടക്കാന്‍ ഗ്രീസിന് സാധിച്ചിരുന്നില്ല. സമയം നീട്ടിത്തരണമെന്ന ആവശ്യം യൂറോപ്യന്‍ രാജ്യങ്ങള്‍ തള്ളുകയായിരുന്നു. ഹിതപരിശോധന പൂര്‍ത്തിയാകുന്നതുവരെ ഗ്രീസിനുള്ള പുതിയ അച്ചടക്കനടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന് യൂറോസോണ്‍ വിദേശകാര്യ മന്ത്രിമാര്‍ അറിയിച്ചു. ഗ്രീക്ക് ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാട് കാര്യങ്ങള്‍ കൂടുതല്‍ ഗൌരവമുള്ളതാക്കിയെന്നും സംഭവം നിരാശാജനകമാണെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലെഗാര്‍ഡ് പറഞ്ഞു.

അച്ചടക്ക നടപടികളുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും ഉപാധികളോടെ അംഗീകരിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി സിപ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിതപരിശോധനയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ബാങ്കുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :