നൈജീരിയയില്‍ ചാവേര്‍ ആക്രമണം; 15 വിദ്യാര്‍ഥികള്‍ മരിച്ചു

കാനോ| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (08:53 IST)
വടക്കന്‍ നൈജീരിയയിലെ കാനോയില്‍ ഒരു കോളേജില്‍ ചാവേര്‍ ആക്രമണത്തില്‍ 15 വിദ്യാര്‍ഥികള്‍ മരിച്ചു. അതിക്രമിച്ചു കയറി നാല് ചാവേറുകള്‍ നടത്തിയ വെടിവെയ്പിലും സ്ഫോടനത്തിലുമാണ് മരണം. ആക്രമണത്തില്‍ 34 വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു റിക്ഷയില്‍ ക്യാമ്പസിലെത്തിയ നാലംഗ ചാവേര്‍ സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചാവേറുകളില്‍ രണ്ടു പേര്‍ ക്ലാസ് മുറികളിലേക്ക് ഓടിക്കയറിയ ശേഷം സ്വയം പൊട്ടിത്തെറിച്ചു. കോളേജും പരിസരവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.

പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബോക്കോ ഹറാം രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഏപ്രിലില്‍ ഒരു സ്കൂള്‍ അക്രമിച്ച് 250-ല്‍ അധികം പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സംഭവം ലോകത്തെ ഞെട്ടിച്ചിരുന്നു. അദമാവാ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അന്‍പതിലധികം സ്ത്രീകളെയും നിരവധി കുട്ടികളെയും ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയുണ്ടായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :