ഉയരങ്ങളിലും താഴ്മയോടെ ടര്‍ക്കി

ക്വലാലം‌പൂര്‍| WEBDUNIA| Last Modified ഞായര്‍, 5 ഏപ്രില്‍ 2009 (19:22 IST)
അസ്ലന്‍‌ഷാ ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി സ്റ്റിക്കേന്തുമ്പോള്‍ ഒറീസക്കാരന്‍ ദിലിപ് ടര്‍ക്കിയുടെ മനസ് തുടിക്കുന്നുണ്ടാകാം. കാരണം ഒരു ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത താരമെന്ന റെക്കോര്‍ഡിലേക്കാണ് ടര്‍ക്കി ഇന്ത്യന്‍ കുപ്പായമിട്ട് നടന്ന് കയറുന്നത്. അസ്ലന്‍ഷായില്‍ ഈജിപ്തുമായുള്ള ഇന്ത്യയുടെ ഉദ്ഘാടനമത്സരം ദിലീപ് ടര്‍ക്കിയുടെ നാനൂറാം മത്സരമായിരുന്നു.

ഏറ്റവും കൂടുതല്‍ തവണ ഒരു ദേശീയ ടീമില്‍ കളിച്ച താരമെന്ന ബഹുമതി നെതര്‍ലന്‍ഡുകാരനായ ജെറൊയെന്‍ ഡെല്‍മിയുടെ പേരിലാണിപ്പോള്‍. 401 കളികളിലാണ് ഇദ്ദേഹം ദേശീയ കുപ്പായമണിഞ്ഞത്. ഡെല്‍മിയുടെ റെക്കോഡ് മറികടക്കാന്‍ ടര്‍ക്കിക്ക് വേണ്ടത് രണ്ട് കളികള്‍ കൂടി മാത്രം. ഏപ്രില്‍ 9ന് ന്യൂസിലാന്‍ഡുമായി ഇന്ത്യ മൂന്നാം കളിക്കിറങ്ങുന്നതോടെ ടര്‍ക്കി ഈ റെക്കോഡും മറികടക്കും.

ഒറീസയിലെ സാവ്നമാര എന്ന ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ ഹോക്കിയുടെ അമരക്കാരനായി വളര്‍ന്ന താരമാണ് ദിലീപ് ടര്‍ക്കി. താഴെക്കിടയില്‍ നിന്നും ഇന്ത്യന്‍ ഹോക്കിയുടെ നെറുകയിലെത്തിയ ടര്‍ക്കിക്ക് പറയാനുള്ളത് അശ്രാന്തമായ പരിശ്രമത്തിന്‍റെ കഥകളാണ്.

ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ നായക സ്ഥാനത്തെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ടര്‍ക്കി. 1928 ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ച ജയ്പാല്‍ സിങ് മുണ്ടയാണ് ടര്‍ക്കിക്ക് മുമ്പ് ഇന്ത്യന്‍ നായകാനായ ആദിവാസി.

ഒരു ബഹുമതിയായിട്ടാണ് ഈ 32 കാരന്‍ ഈ അംഗീകാരത്തെ വിലയിരുത്തുന്നത്. ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നും വന്ന തനിക്ക് ഇതുപോലൊരു നേട്ടം ഒരിക്കലും സങ്കല്‍‌പിക്കാനാകില്ലെന്ന് ടര്‍ക്കി പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നേ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. അത് ഇത്തരത്തിലൊരു അംഗീകാരത്തിലെത്തിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ടര്‍ക്കി പറയുന്നു.

1995 ല്‍ ഇന്ദിരാഗാന്ധി സ്വര്‍ണ്ണക്കപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടര്‍ക്കി ദേശീയ കുപ്പായം ആദ്യമണിഞ്ഞത്. മൂന്ന് ഒളിമ്പിക്സുകളില്‍ ഇന്ത്യന്‍ ടീമിനൊപ്പം ടര്‍ക്കിയുണ്ടായിരുന്നു. പെനാല്‍ട്ടി കോര്‍ണര്‍ കിക്കില്‍ വിദഗ്ദനായ ലോകത്തിലെ ലോകത്തിലെ ചുരുക്കം കളിക്കാരില്‍ ഒരാളാണിന്ന് ടര്‍ക്കി. ഇതിനിടെ ഒരു ദശാബ്ദക്കാലത്തോളം ഇന്ത്യന്‍ ഹോക്കിയെ അദ്ദേഹം നയിക്കുകയും ചെയ്തു.

ഒന്നര ദശാബ്ദത്തോളമായി ഇന്ത്യന്‍ ഹോക്കിയുടെ പ്രതിരോധ നിരയിലെ വന്‍‌മതിലായ ടര്‍ക്കിക്ക് തന്‍റെ നേട്ടത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ തീര്‍ത്തും അതിശയകരം എന്നാണ് മറുപടി. 2002 ല്‍ അര്‍ജുന അവാര്‍ഡും 2004 ല്‍ പത്മശ്രീയും നല്‍കി രാജ്യം ദിലീപ് ടര്‍ക്കിയെ ആദരിച്ചു. ഇന്ത്യന്‍ എയര്‍‌ലൈന്‍സില്‍ അസിസ്റ്റന്‍റ് മാനേജരാണ് ഇന്ത്യന്‍ ഹോക്കിയുടെ കിതപ്പിലും കുതിപ്പിലും ഒട്ടേറെ തവണ സാക്ഷിയാകേണ്ടി വന്ന ടര്‍ക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :