‘ഓള്‍ഡ് ഗാര്‍ഡന്‍’ പ്രണയവും പോരാട്ടവും

പി എസ് അഭയന്‍

PROPRO
പ്രണയം, പോരാട്ടം, കാത്തിരിപ്പ്, ആഭ്യന്തര പ്രശ്‌നങ്ങള്‍, സമൂഹത്തിന്‍റെ മാറുന്ന കാഴ്ചപ്പാടുകള്‍. എല്ലാത്തിനും പ്രാധാന്യം നല്‍കി പറയുന്ന ‘ഓള്‍ഡ് ഗാര്‍ഡന്‍’ നല്‍കുന്നത് മികച്ച അനുഭവമാണ്. എന്നാല്‍ തീയറ്റര്‍ വിട്ടു പോകുമ്പോഴും ഈ കൊറിയന്‍ ചിത്രത്തിലെ പ്രണയവും കാത്തിരിപ്പും തന്നെ പ്രേക്ഷകനെ പിന്തുടരുന്നു.

ഐ എഫ് എഫ് കെ ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലാണ് ഇം സാംഗ് സൂ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിച്ചത്. വിദേശാധിപത്യത്തിനു കീഴില്‍ മുറിഞ്ഞു പോയ കൊറിയകളുടെ വേദനയും പോരാട്ടങ്ങളും ആഭ്യന്തര യുദ്ധത്തിന്‍റെ ദാരുണമുഖവും ബന്ധങ്ങളും ബന്ധനങ്ങളുമെല്ലാം ഒറ്റച്ചിത്രത്തില്‍ സമ്മേളിപ്പിച്ചിരിക്കുകയാണ് ഇം സാംഗ് സൂ.

പുതിയ നൂറ്റാണ്ടില്‍ ജയില്‍ മോചിതനാകുകയാണ് ഓഹ് ഹ്യൂണ്‍ വ്യൂ. രണ്ടു പതിറ്റാണ്ടുകളായി ജയിലിലായിരുന്ന അയാള്‍ ഊര്‍ജ്വസ്വലനായ ഒരു വിപ്ലവകാരിയായിരുന്നു. സമൂഹത്തില്‍ വന്ന പരിഷ്‌ക്കാരങ്ങളിലും മാറ്റങ്ങളിലും അത്‌ഭുതപ്പെടുന്ന ഹ്യൂണിന് സ്വന്തം സഖാക്കളിലും കുടുംബത്തില്‍ ഉള്ളവരുടെ മാറ്റം പോലും ഉള്‍ക്കൊള്ളാനാകുന്നില്ല.

എന്നാല്‍ പത്തു വര്‍ഷം മുമ്പ് മരിച്ച അയാളുടെ കാമുകി പുതിയ കൊറിയയുമായി പൊരുത്തപ്പെടാനാകാതെ നിര്‍ത്തുന്ന ചില കാര്യങ്ങള്‍ ബാക്കി വച്ചിട്ടാണ് കടന്നു പോയത്. 1980 ല്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ ഗ്വാങ്ഗു കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.

കൊറിയന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളും ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഹ്യൂണിന്‍റെ സ്മരണകളിലൂടെ ഇഴപിരിയുന്ന പ്രണയത്തിനു തന്നെയാണ് അല്പം മുന്‍‌തൂക്കം. പ്രത്യേകിച്ചും പുതിയ യുഗവും ഫ്ലാഷ്ബാക്കും ഇടകലര്‍ത്തുമ്പോള്‍ പ്രേക്ഷകരില്‍ ഒരു മാന്ത്രികത അനുഭവേദ്യമാകുന്നു.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി വരുന്ന പെയിന്‍റിംഗുകള്‍ നല്‍കുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ്. കൊറിയന്‍ ജനതയുടെ പോരാട്ടത്തിന്‍റെ വൈകാരികതയ്‌ക്കും അതിന്‍റേതായ പ്രാധാന്യം സംവിധായകന്‍ നല്‍കിയിരിക്കുന്നു.

WEBDUNIA|
മത്സര വിഭാഗത്തിലെ ചിത്രങ്ങളോടുള്ള പ്രതീക്ഷ വലുതാണെന്ന് ഇത്തവണയും പ്രേക്ഷകര്‍ കാട്ടിത്തന്നു. മത്സര ചിത്രങ്ങള്‍ നടക്കുന്ന തീയറ്ററുകള്‍ ചിത്രം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് പോലും നിറയുന്നതിനാല്‍ തറയില്‍ ഇരുന്നുവരെ കാണാന്‍ പ്രേക്ഷകര്‍ തയ്യാറാകുകയാണ്. രണ്ടാം തവണ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കു പോലും തിരക്കേറുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :