ഇത് സമ്പൂര്‍ണാരോഗ്യത്തിനുള്ള മഞ്ഞള്‍ പ്രസാദം

മഞ്ഞള്‍, Turmeric
Last Modified ശനി, 1 ജൂണ്‍ 2019 (21:56 IST)
മഞ്ഞള്‍ ഒരു കറിക്കൂട്ടുമാത്രമല്ല. ഒന്നാന്തരമൊരു വിഷഹാരി കൂടിയാണത്. പാകം ചെയ്യാനെടുക്കുന്ന ആഹാരവസ്തുക്കളില്‍ അല്‍പം മഞ്ഞള്‍ ചേര്‍ക്കുന്നതുകൊണ്ട് വിഷാംശം എന്തെങ്കിലുമുണ്ടെങ്കില്‍ നിര്‍വീര്യമാക്കാം. വ്യാവസായികാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുന്ന മഞ്ഞള്‍ വളരെയധികം ഔഷധഗുണങ്ങള്‍ നിറഞ്ഞ സുഗന്ധവിളയാണ്.

ത്വക്ക് രോഗങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്ന മഞ്ഞള്‍ സൗന്ദര്യവര്‍ധക വസ്തുക്കളിലെ പ്രധാന ഘടകമാണ്. അര സ്പൂണ്‍ ശുദ്ധ മഞ്ഞള്‍പൊടി തിളപ്പിച്ചാറിയ ഒരു ഗ്ളാസ് പാലില്‍ ചേര്‍ത്ത് ഏഴു ദിവസം കഴിക്കുക. ചൊറിഞ്ഞു തടിക്കല്‍ മാറും. മുഖക്കുരു മാറാന്‍ പച്ചമഞ്ഞള്‍, തുളസിയില, ആര്യവേപ്പില ഇവ ചേര്‍ത്തരച്ചു മുഖത്തുപുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

തേള്‍, പഴുതാര എന്നിവ കുത്തിയാല്‍ ആ ഭാഗത്തു പച്ചമഞ്ഞളും തുളസിയിലയും തഴുതാമയിലയും ചേര്‍ത്തരച്ച മിശ്രിതം പുരട്ടുക. വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടാകുന്ന ചെറിയ മുറിവുകള്‍ക്കു മഞ്ഞളും വേപ്പിലയും ചേര്‍ത്ത മിശ്രിതം മുറിവില്‍ വച്ചുകെട്ടിയാല്‍ മതി.

കുട്ടികളുടെ കരപ്പന് മഞ്ഞളും വേപ്പിലയും ചേര്‍ത്തരച്ച് കറുകപ്പുല്ല് ചതച്ചെടുത്ത നീരില്‍ ചേര്‍ത്തു ചൊറിയുള്ള ഭാഗത്തു പുരട്ടുക. ഒരു സ്പൂണ്‍ നെല്ലിക്കപ്പൊടി, ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു സ്പൂണ്‍ ഉലുവാപ്പൊടി എന്നിവ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്തു ദിവസവും രാവിലെ കഴിക്കുന്നതു പ്രമേഹരോഗത്തെ സുഖപ്പെടുത്തും.

കുട്ടികളുടെ ചര്‍മം കോമളമായിരിക്കാന്‍ അല്‍പം മഞ്ഞളും ഒലിവോയിലും ചേര്‍ത്തു കുളിക്കുന്നതിന് മുമ്പായി ശരീരത്തില്‍ തടവുക. കൊതുക്, മറ്റു പ്രാണികള്‍ എന്നിവയെ അകറ്റാന്‍ മഞ്ഞളിന്‍റെ ഇല ഉണക്കി കത്തിച്ചു പുകയ്ക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :