വിളക്കിലെ കരിയെടുത്ത് നെറ്റിയിൽ പ്രസാദമായി തൊടാറുണ്ടോ ? സൂക്ഷിക്കണം... പ്രശ്നമാണ് !

വിളക്കിലെ കരിയെടുത്ത് നെറ്റിയിൽ പ്രസാദമായി തൊടരുത്

സജിത്ത്| Last Updated: ശനി, 30 സെപ്‌റ്റംബര്‍ 2017 (15:50 IST)
അമ്പലത്തില്‍ കത്തിച്ചുവച്ചിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ചെയ്യുന്നത് തികച്ചും അരുതാത്ത ഒരു കാര്യമാണെന്നും അത് ഏറെ ദോഷങ്ങൾ വരുത്തി വെക്കുമെന്നുമാണ് ആചാര്യന്മാര്‍ പറയുന്നത്. ജീവിതം മുഴുവൻ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.


കുന്തി ദേവിയുടെ കഥയാണ് ഇതിന് ഉദാഹരണമായി അവര്‍ പറയുന്നത്. യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മകളായിരുന്നു പൃഥ എന്ന യഥാർത്ഥ നാമത്തില്‍ അറിയപ്പെടുന്ന കുന്തി. ശൂരസേനന്റെ സഹോദരിയുടെ പുത്രനായിരുന്നു കുന്തീഭോജൻ. കുന്തീഭോജന് മക്കൾ ഇല്ലാതിരുന്നതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി. അങ്ങനെയാണ് പൃഥ കുന്തീഭോജനപുത്രിയായ കുന്തിയായിതീർന്നത്.

കുന്തീഭോജന്റെ കൊട്ടാരത്തിലെത്തുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി. അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക, ഹോമ സ്ഥലം വൃത്തിയാക്കുക, വിളക്ക് വെക്കുക എന്നിങ്ങനെയുള്ള ജോലിയായിരുന്നു അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. ഒരുനാൾ മദ്ധ്യാഹ്നത്തിൽ കുന്തീദേവി ബ്രാഹ്മണശാലയിൽ ചെന്നപ്പോള്‍ ബ്രാഹ്മണബാലകന്മാർ അവിടെ കിടന്ന് ഉറങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്.

ആ സമയം ബാലികയായ കുന്തീദേവിയുടെ മനസ്സിൽ ഒരു കുസൃതി തോന്നി. അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കിൽ പടർന്നുപിടിച്ചിരുന്ന കരി അവര്‍ വിരൽ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്ക മുണർന്ന ബാലകർ പരസ്പരം നോക്കിച്ചിരിച്ചു. സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ വരകുറി കണ്ടാണ് അവർ ചിരിച്ചത്.

പക്ഷെ തങ്ങളുടെ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞതോടെ ആ നിഷ്കളങ്ക ബാല്യങ്ങൾക്ക് ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് "ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചത്, അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ" എന്ന് അവർ ക്രോധത്താൽ ശപിച്ചു. അതിന് ശേഷമാണ് കുന്തീദേവിക്ക് ജീവിതത്തിൽ ഒട്ടേറെ കഷ്ടപ്പാടുകള്‍ നേരിടേണ്ടിവന്നതെന്നാണ് പറയപ്പെടുന്നത്.

ഗണപതിഹോമത്തിന്റെ തൊടുകുറിയാണ് കറുത്ത പൊട്ട് അഥവാ കരിപ്രസാദം. ഹോമത്തിൽ കരിഞ്ഞ ഹവിസ്സുകൾ നെയ്യിൽ ചാലിചെടുത്തതാണ് കരിപ്രസാദം ഉണ്ടാക്കുക. അതാണ് നമ്മള്‍ തിലകമായി ധരിക്കേണ്ടതും. ദേവിക്ഷേത്രത്തിലെ ദാരു വിഗ്രഹങ്ങളിൽ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തിരിക്കും. അതും നെറ്റിയിൽ ധരിക്കുന്നതു ദേവിപ്രീതിക്ക് നല്ലതാണെന്നും ആചാര്യന്മാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :