കളരിപ്പയറ്റിന്‍റെ സാംസ്കാരിക നിറവ്

WEBDUNIA|
വിദേശികള്‍ക്ക് വിവരിച്ചു കൊടുക്കാന്‍ ഒരു ആയോധന കല വേണം .അതിന് ഏറ്റവും അനുരൂപവും, വിദേശികള്‍ കണ്ടാല്‍ അമ്പരക്കുന്നതുമായത് ഒന്നേയുള്ളൂ-കളരിപ്പയറ്റ്. ഈ ഒരാവശ്യത്തിനല്ലാതെ കളരിപ്പയറ്റിനെയും വടക്കന്‍ പാട്ടിനെയും ഹൃദയത്തില്‍ സ്നേഹിച്ച ഒരു കാലം മലയാളിക്കുണ്ടായിരുന്നു.

കളരിപ്പയറ്റിന്‍റെ ഉത്ഭവത്തെപ്പറ്റി ആധികാരികമായ നിഗമനങ്ങളൊന്നും നമുക്ക് ലഭ്യമല്ല. ഐതിഹ്യ കഥാപത്രങ്ങളായ പരശുരാമനും, അഗസ്ത്യമുനിയുമാണ് കളരിപ്പയറ്റിന്‍റെ ഉപജ്ഞാതാക്കള്‍ എന്നൊരു വിശ്വാസം നിലവിലുണ്ട്.

പുരാതന കാലത്ത് തമിഴ്നാട്ടില്‍ നിന്നു വന്ന് കേരളത്തിലെ വനാന്തരങ്ങളില്‍ പാര്‍ത്തിരുന്ന കാണിക്കാര്‍ എന്നു വിളിച്ചിരുന്ന പാണ്ടി അരയര്‍ എന്ന ആദിവാസികള്‍ ചില പയറ്റുമുറകള്‍ അഭ്യസിച്ചിരുന്നു എന്നും ഇവരുടെ കാട്ടിലെ ആയുധ പരിശീലനകേന്ദങ്ങള്‍ പില്‍ക്കാലത്ത് നാട്ടിലേക്ക് കുടിയേറിയവയാണ് കളരികളെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു.

ഖലൂരി എന്ന സംസ്കൃതപദത്തില്‍ നിന്നാണ് കളരി എന്ന വാക്കിന്‍റെ ഉത്ഭവമെന്നും തുളുഭാഷയിലുള്ള ഗരഡിയില്‍ നിന്നാണ് ഇതിന്‍റെ ഉല്‍പത്തിയെന്നും പറയപ്പെടുന്നു. മനുഷ്യന്‍റെ ഘട്ടം ഘട്ടമായുള്ള വികാസപരിണാമങ്ങള്‍ക്കൊപ്പം വിവിധ കായിക കലാരൂപങ്ങളും ജന്മം കൊള്ളുക സ്വാഭാവികമാണെന്നിരിക്കെ മേല്‍ ചൊന്ന ഭിന്നാഭിപ്രായങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.

കളരി കായികാഭ്യാസമുറകളിലെ തത്വങ്ങള്‍ക്ക് ഭാരതത്തിലെ പൗരാണിക ഗ്രന്ഥങ്ങള്‍, പ്രാചീന തത്വങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവയുമായി ബന്ധമുണ്ടെന്നതു കൊണ്ടുതന്നെ കേരളീയ ജീവിതത്തിന്‍റെ അത്ര തന്നെ പഴക്കം കളരിപ്പയറ്റിനുമുണ്ടെന്ന് നമുക്കനുമാനിക്കാം.

ആരോഗ്യം, ആയാസം, ആത്മരക്ഷ എന്നീ ഉപാധികളെ അടിസ്ഥാനമാക്കി യുക്ത്യാനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രാചീന കേരളത്തിലെ ആളുകള്‍ ആസൂത്രണം ചെയ്ത് അനുഷ്ഠിച്ചിരുന്ന കളരിപ്പയറ്റിന് എ.ഡി. 12-ാം നൂറ്റാണ്ടോടുകൂടിയാണ് വ്യക്തമായ രൂപവും ഭാവവും സിദ്ധിച്ചു തുടങ്ങിയത്.

മദ്ധ്യകാലത്തോടുകൂടി കേരളം 17-ഓ, 18-ഓ നാട്ടുരാജ്യങ്ങളായി തിരിഞ്ഞ് ഓരോ നാടുവഴികളുടെ കീഴില്‍ ആയിത്തീര്‍ന്നു. പ്രബലനായ കുലശേഖര പെരുമാളുടെ മേല്‍ക്കോയ്മ ഈ നാടുവാഴികള്‍ അംഗീകരിച്ചിരുന്നു.

എങ്കിലും തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിന് ചോളന്‍മാരെ പോലുള്ള ബാഹ്യശക്തികളുടെ ആക്രമണങ്ങളെ തടയുന്നതിലേക്കും കായികശേഷിയുള്ള പൗരന്‍മാര്‍ക്കെല്ലാം ആയുധപരിശീലനം നല്‍കി അവരെ യുദ്ധസന്നദ്ധരാക്കി നിര്‍ത്തേണ്ടത് ആവശ്യമായി വന്നതോടെയായിരിക്കാം വ്യവസ്ഥാപിതമായ ഒരു കായികാഭ്യാസപദ്ധതി കേരളത്തില്‍ നിലവില്‍ വന്നു തുടങ്ങിയത്.

മാത്രവുമല്ല. നൂറ്റാണ്ടുയുദ്ധം എന്നറിയപ്പെടുന്ന ഈ കാലയളവില്‍ ആക്രമണങ്ങളേയും കൊള്ളകളേയും തടുത്ത് ജീവനും മാനവും ധനവും രക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ആയുധപരിശീലനം അനിവാര്യമായിത്തീര്‍ന്നിരിക്കാം. ഇതിന്‍റെ ഫലമായി കേരളത്തിലങ്ങോളമിങ്ങോളമാരംഭിച്ച ആയുധപരിശീലന കേന്ദങ്ങളായിരിക്കണം പിന്നീട് കളരികളായി തീര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :