ഉറക്കം കുറഞ്ഞാല്‍ ആയുസ് കുറയും, നല്ല ഉറക്കത്തിന് 6 വഴികള്‍ !

ഉറക്കം, ആയുസ്, ആരോഗ്യം, Sleep, Health, Health Tips, Life Time
BIJU| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (13:03 IST)
നമ്മുടെ ശരീരത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല വിശ്രമം വളരെ അത്യാവശ്യമാണ്. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല പല ഗുണങ്ങളും അതിനുണ്ട്. ഓരോ വ്യക്തിയും ഏഴു മുതൽ എട്ടു മണിക്കൂർ വരെ നിര്‍ബന്ധമായും ഉറങ്ങേണ്ടതാണ്.

ഓരോ ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ ആറുമണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമെന്നാണ് വിദഗ്‌ധരുടെ നിര്‍ദ്ദേശം. ശരീരവേദനകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദ്ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം ഈ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും. അതേസമയം കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച, വിഷാദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പ്രായം കൂടുന്നതിനനുസരിച്ച് ഉറക്കവും ചിലപ്പോള്‍ വെല്ലുവിളിയാകും. എന്നാല്‍, ചില ചിട്ടവട്ടങ്ങള്‍ ശീലിച്ചാല്‍ കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടത്താനും കഴിയും. നല്ല ഉറക്കം ലഭിക്കുന്നതിനു ചില കാര്യങ്ങള്‍ നമ്മള്‍ സ്വയം ശീലിക്കണം.

1. ഉറങ്ങാന്‍ പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും രാത്രിഭക്ഷണം

ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. അത്താഴം അത്തിപഴത്തോളം എന്നാണു ചൊല്ല്. അമിതഭക്ഷണം വിശ്രമത്തെയും ഉറക്കത്തെയും ദഹനവ്യവസ്ഥിതിയെയും സാരമായി ബാധിക്കുന്നതിനു പുറമേ രക്തസമ്മർദം, ഹൃദ്രോഗം, ചര്‍മ്മരോഗങ്ങൾ എന്നിവയെല്ലാം സൃഷ്‌ടിക്കുന്ന പ്രധാന ഘടകവുമായി തീരും. രാത്രി ഭക്ഷണം കുറേക്കൂടി ലളിതമാക്കുകയും കുറയ്ക്കുകയും ചെയ്താൽ തന്നെ ആരോഗ്യ അന്തരീക്ഷത്തിൽ കാര്യമായ മാറ്റം വരുത്താന്‍ സാധിക്കുന്നതാണ്. ഉറങ്ങുന്നതിനു മുമ്പ് വാഴപ്പഴം, ചെറി, ബദാം, മധുരക്കിഴങ്ങ്, തണുത്ത പാല്‍, തേന്‍, ഡാര്‍ക്ക് ചോക്കലേറ്റ് എന്നിവ മിതമായ അളവില്‍ കഴിക്കുന്നത് വിട്ടുമാറാത്ത ഉറക്കമില്ലായ്മയെ ഭേദമാക്കും.

2. ഉറങ്ങുന്നതിനുള്ള മുറി ഉറങ്ങുന്നതിന് വേണ്ടി മാത്രം

ഉറങ്ങുന്ന മുറി ഉറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നതും ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ജോലികളെല്ലാം നിര്‍ത്തി വെച്ച് വിശ്രമിച്ചതിനു ശേഷം കിടക്കയിലേക്കു പോകുന്നതും നല്ലതാണ്. ഉറങ്ങുന്ന മുറി എല്ലായ്‌പ്പോഴും ശബ്‌ദരഹിതവും പ്രകാശരഹിതവും ആകാന്‍ ശ്രദ്ധിക്കണം.

3. വ്യായാമം ചെയ്യുന്നത്‌ സ്ഥിരമാക്കുക

എയ്‌റോബിക്‌ പോലുള്ള വ്യായാമങ്ങളാണ്‌ ഏറ്റവും നല്ലത്‌. വിവാഹിതരാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ നല്ല വ്യായാമമാണ്‌. ഇത്‌ തടസ്സമില്ലാത്തതും ശാന്തവുമായ നിദ്ര പ്രദാനം ചെയ്യും. കൃത്യമായ സമയത്ത്‌ കൂടുതല്‍ ഭക്ഷണം ഉള്ളില്‍ച്ചെല്ലാത്തപ്പോള്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍, ഉറക്കത്തിന്‌ തൊട്ടുമുമ്പുള്ള സമയത്ത്‌ വ്യായാമം ചെയ്യുന്നത്‌ ഉറക്കം വൈകിക്കും.

4. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റിനിര്‍ത്തും

അമിതമായി മദ്യപിക്കുന്നത് നല്ല ഉറക്കത്തെ സഹായിക്കുമെന്ന മിഥ്യാധാരണ പലരിലുമുണ്ട്. എന്നാല്‍ ഇത് ഞരമ്പിനെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഉറക്കം വരുത്തുമെന്നേയുള്ളൂ, നന്നായി ഉറങ്ങാന്‍ ഒരിക്കലും മദ്യം സഹായിക്കില്ല. മെഡിറ്റേഷന്‍, യോഗ തുടങ്ങിയവ ചെയ്ത് മനസിനെ ശാന്തമാക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

5. ഉറങ്ങുന്നതിനു മുമ്പ് പുസ്തകവും ടിവിയും വേണ്ട

അതുപോലെ ഉറങ്ങുന്നതിനു മുമ്പ് കട്ടിലില്‍ കിടന്ന് മാസികകളോ പുസ്തകങ്ങളോ വായിക്കാതിരിക്കുക. ടിവി കണ്ട് ഉറങ്ങുന്നതും നല്ലതല്ല. കൂടാതെ എന്തെങ്കിലും തരത്തില്‍ ആകാംഷയുണ്ടാക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. ഫോണ്‍ തീരെ ഒഴിവാക്കണം.

6. ഉത്തേജക പാനീയങ്ങള്‍ ഒഴിവാക്കണം

വൈകുന്നേരം ആറിനുശേഷം ഉത്തേജക പാനീയങ്ങള്‍ കുടിക്കുന്നതും ഒഴിവാക്കണം. തെളിഞ്ഞ മനസുമായി വേണം കിടക്കയിലേക്കു പോകേണ്ടത്. പ്രാര്‍ഥന, നാമജപം തുടങ്ങിയവയും സമര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ ഒരു പിഞ്ചുകുഞ്ഞിനെ പോലെ ശാന്തമായി സമാധാനമായി നമുക്കും ഉറങ്ങാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :