സിക്സ് പായ്ക്ക് കാണാനൊക്കെ കൊള്ളാം, പക്ഷേ പ്രശ്നം ഗുരുതരമാണേ!

സിക്സ് പായ്ക്ക്, സല്‍മാന്‍, ഷാരുഖ്, പ്രഭാസ്, ഹൃത്വിക്
ജോജോണ്‍ ജോസഫ്| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (18:55 IST)
സല്‍മാന്‍ ഖാന്‍റെയും പ്രഭാസിന്‍റെയും ഹൃത്വിക് റോഷന്‍റെയുമൊക്കെ ശരീരസൌന്ദര്യം കണ്ട് ഭ്രമിച്ചുപോയൊരു തലമുറയാണ് ഇന്നത്തേത്. എങ്ങനെയും സിക്സ് പായ്ക്ക് ബോഡി ഉണ്ടാക്കണമെന്ന ചിന്തയില്‍ യുവാക്കള്‍ നേരം പുലരുന്നതുമുതല്‍ ജിമ്മില്‍ ഇരുന്നും നിന്നും ഓടിയും കിടന്നുമെല്ലാം വിയര്‍ക്കുന്നു. വെള്ളവും ഉപ്പും വരെ ഉപേക്ഷിച്ചുള്ള കഠിനമായ ഡയറ്റ് സ്വീകരിക്കുന്നു. ഒടുവില്‍ മാസങ്ങളുടെ ശ്രമഫലമായി ഉറപ്പുള്ള ഒരു ശരീരം സ്വന്തമാകുന്നു. പിന്നീട് ഒരു ടൈറ്റ് ടിഷര്‍ട്ടുമിട്ട് മസിലും പെരുപ്പിച്ച് തലയുയര്‍ത്തിപ്പിടിച്ച് നടക്കുന്നു.
 
വ്യായാമവും ജിമ്മുമൊക്കെ നല്ലതാണ്. അല്ലെന്ന് പറയുന്നില്ല. ശരീരം ഫിറ്റാക്കി വയ്ക്കുകതന്നെ വേണം. എന്നാല്‍ സിക്സ് പായ്ക്കിന് ശ്രമിച്ച് കഠിന വ്യായാമമുറകള്‍ പരിശീലിക്കുന്നവര്‍ ഒന്നോര്‍ക്കുക. ഒരിക്കല്‍ സിക്സ് പായ്ക്കുണ്ടാക്കി സംതൃപ്തിയടയുന്നതൊക്കെ കൊള്ളാം. എന്നാല്‍ അത് നിലനിര്‍ത്തിക്കൊണ്ടുപോകാനായി കഠിനപരിശീലനങ്ങള്‍ തുടരുന്നതുണ്ടല്ലോ, കൈവിട്ട കളിയാണ്.
 
സിനിമാതാരങ്ങള്‍ അവരുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് സിക്സ് പായ്ക്കും എയ്റ്റ് പായ്ക്കുമൊക്കെ ഉണ്ടാക്കുന്നത്. അടുത്ത ചിത്രത്തില്‍ തടിയനായ ഒരു മനുഷ്യന്‍റെ കഥ ആവശ്യം വരുമ്പോള്‍ അവര്‍ എല്ലാ പായ്ക്കുകളും ഉപേക്ഷിക്കുന്നു. എന്നാല്‍ സിക്സ് പായ്ക്ക് സ്ഥിരമായി നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ ചില തിരിച്ചടികളെ നേരിടേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
 
സിക്സ് പായ്ക്ക് നിലനിര്‍ത്താനായുള്ള കഠിന വ്യായാമങ്ങളും ഡയറ്റും ആന്തരാവയവങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ആരോഗ്യമേഖലയിലുള്ളവരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ, ആരോഗ്യമുള്ള ശരീരം സ്വന്തമാക്കുക എന്നതിന് മാത്രം പ്രാധാന്യം നല്‍കുക. അല്ലാതെ വെള്ളിത്തിരയിലെ മോഹിപ്പിക്കുന്ന ശരീരങ്ങള്‍ പോലെ മാറ്റിയെടുക്കാനുള്ള കഠിന പരിശ്രമങ്ങള്‍ ചിലപ്പോള്‍ നെഗറ്റീവ് റിസള്‍ട്ടായിരിക്കും തരിക. മസില്‍ വളരാനായി നിരന്തരമായി പ്രോട്ടീന്‍ സപ്ലിമെന്‍റുകള്‍ ഉപയോഗിക്കുന്നതും വിപരീതഫലമുണ്ടാക്കും.
 
സിനിമയിലെ കിടിലന്‍ ബോഡികള്‍ കണ്ട് കണ്ണുമിഴിക്കേണ്ടതില്ല. സൂപ്പര്‍താരങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ട്രെയിനര്‍മാരുണ്ടെന്ന് മനസിലാക്കണം. മാത്രമല്ല, അവരുടെ ബോഡി പ്രദര്‍ശന സമയത്ത് മേക്കപ്പിന്‍റെയും ലൈറ്റിംഗിന്‍റെയുമൊക്കെ പ്രത്യേകതകളും ശരീരത്തിന്‍റെ പൊലിമ കൂട്ടും. അതൊക്കെ കണ്ട് ഭ്രമിച്ച് ആരോഗ്യം കളയുന്നത് ശരിയല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :