ഇരട്ടകുട്ടികള്‍ ജനിക്കണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഇരട്ടക്കുട്ടികള്‍ ജനിക്കാനുള്ള ചില കാരണങ്ങള്‍

PRIYANKA| Last Updated: ശനി, 13 ഓഗസ്റ്റ് 2016 (15:30 IST)
ഇരട്ടകുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ ഇരട്ടക്കുട്ടികളുണ്ടാകാന്‍ ചില സാധ്യതകളുണ്ടെന്ന് അറിയാമോ? ഒറ്റപ്രസവത്തില്‍ ഒന്നിലധികം കുട്ടികളെ സ്വപ്‌നം കാണുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

കുടുംബ പശ്ചാത്തലം
കുടുംബ പശ്ചാത്തലം ഇരട്ട കുട്ടികളുണ്ടാകാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. സ്ത്രീകളുടെ കുടുംബ പാരമ്പര്യമാണ് ഇതിനു പരിഗണിക്കുന്നത്. അമ്മയ്‌ക്കോ അതിനു മുമ്പുള്ള തലമുറയ്‌ക്കോ ഇരട്ട കുട്ടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒന്നിടവിട്ട തലമുറകളില്‍ ഇത് ആവര്‍ത്തിക്കാനിടയുണ്ട്. മുമ്പ് ഇരട്ട കുട്ടികളെ പ്രസവിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഇത് ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്.

ജീവിതശൈലി/ രീതി
കൊളസ്‌ട്രോള്‍ കുറഞ്ഞ ആഹാരം ശീലമാക്കുന്ന സ്ത്രീകള്‍ക്ക് ഒന്നിലധികം കുട്ടികള്‍ ഒരുമിച്ച് ജനിക്കാനുള്ള സാധ്യത കൂടുതലാണ്. സസ്യാഹാരികള്‍, പാലും പാലുല്‍പന്നങ്ങളും ധാരാളം കഴിക്കുന്നവരിലും ഇതേ സാധ്യത ഏറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേക ഭക്ഷണ രീതി ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നുവെന്നതാണ് ഇതിന് കാരണം. അമിതവണ്ണം ഉള്ളവരില്‍ ഇരട്ടകുട്ടികളുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. ബോഡി മാസ് ഇന്‍ഡക്‌സ് കൂടുതലുള്ളവരില്‍ കുറവുള്ളവരെക്കാള്‍ ഇരട്ടകുട്ടികളുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം പറയുന്നു.

ഉയരം
ഉയരക്കൂടുതലുള്ള സ്ത്രീകളിലും ഇരട്ടകുട്ടികള്‍ക്ക് സാധ്യത കൂടുതലാണ്. നീളമുള്ള സ്ത്രീകളില്‍ ഇന്‍സുലിന്റെ അളവ് കൂടുതലായിരിക്കുമെന്നതിനാല്‍ ഇരട്ട ഗര്‍ഭധാരണത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

ഗര്‍ഭം ധരിക്കുന്ന പ്രായം
ഗര്‍ഭിണിയാകുന്ന പ്രായവും ഇരട്ടകുട്ടികളുടെ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. 30 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവരില്‍ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. പ്രായത്തിനനുസരിച്ച് ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രദേശം
നമ്മള്‍ ജീവിക്കുന്ന പ്രദേശവും ഗര്‍ഭധാരണത്തില്‍ കുഞ്ഞുങ്ങളുടെ എണ്ണത്തെ സ്വാധീനിക്കും. പശ്ചിമ യൂറോപില്‍ ഇരട്ടകളുടെ എണ്ണം വളരെ കൂടുതലാണ്. അതേ സമയം സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ഇത് വളരെ കുറവും. എന്നാല്‍ നൈജീരിയയില്‍ 30 ഗര്‍ഭിണികളില്‍ ഒരാള്‍ വീതം ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. നീഗ്രോകള്‍ക്കും കോക്കസോയിഡുകള്‍ക്കും ഇരടക്കുട്ടികളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വന്ധ്യതാ ചികിത്സ
നടത്തി ഗര്‍ഭിണിയാകുന്നവരില്‍ ഇരട്ട കുട്ടികള്‍ക്കുള്ള സാധ്യതയേറെയാണ്. മുപ്പത് വര്‍ഷത്തിനുള്ളില്‍ ഇരട്ടകള്‍ ജനിക്കുന്ന എണ്ണം 75 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 1975ല്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 9.5 ഇരട്ടകളായിരുന്നു ജനിച്ചിരുന്നതെങ്കില്‍ 2011ല്‍ അത് 16.9 ആയി വര്‍ദ്ധിച്ചു. വന്ധ്യതാ ചികിത്സകള്‍ വര്‍ദ്ധിച്ചതാണ് ഇരട്ടകുട്ടികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടാകാനുള്ള കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :