പഞ്ചസാര ഉപേക്ഷിക്കൂ, ജീവിതം മധുരകരമാ‍ക്കു

VISHNU.NL| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (15:03 IST)
പ്രമേഹരോഗികളുടെ പേടിസ്വപനമാണ് മധുരം. അറിയാതെയെങ്ങാനും മധുരം അധികം കഴിച്ചിട്ടുണ്ടെങ്കില്‍ പിന്നെ വെപ്രാളമാണ് അത് കുറയുന്നതുവരെ. എന്നാല്‍ ഇനി നിങ്ങള്‍ വിഷമിക്കേണ്ടതില്ല. കാരണം ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്ന് പറയാറില്ലെ. അതുപോലെ ഉപയോഗിക്കുന്നവരും ഇനി അനുഭവിക്കേണ്ടി വരുമെന്ന് പഠനം.

പഞ്ചസാര അമിതമായാല്‍ അത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്നു മാത്രമല്ല ഉള്ള നല്ല കൊളസ്ട്രോളിനെ ചീത്തയാക്കാനും പഞ്ചസാരയ്ക്ക് കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്. വാര്‍വിക് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍.

ശരീരത്തിലെത്തുന്ന ഗ്ലൂക്കോസില്‍ നിന്ന് ഉണ്ടാകുന്ന മീഥൈല്‍ഗ്ലയോക്‌സലാണ് ഈ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല കൊളസ്ട്രോള്‍ അഥവാ ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനും (എച്ച്ഡിഎല്‍), ചീത്തകൊളസ്ട്രോള്‍ അഥവാ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനും (എല്‍ഡിഎല്‍) അത്യാവശ്യമാണ്.

എന്നാല്‍ ഇവയുടെ തുലനാവസ്ഥയാണ് ശരീരത്തേ രോഗങ്ങളില്‍ നിന്ന് അകറ്റുന്നത്. ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ആവശ്യമാണ്. എന്നാല്‍ മീഥൈല്‍ഗ്ലയോക്‌സല്‍ ഈ എച്ച്ഡിഎല്ലിനെ എല്‍ഡി‌എല്ലാക്കി മാറ്റുകയാണ് ചെയ്യുന്നത്.

എല്‍‌ഡി‌എല്ലിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് ഹൃദ്രോഗ സാധ്യതയേറ്റും. പ്രമേഹരോഗികളിലും വൃക്കരോഗികളിലും മീഥൈല്‍ഗ്ലയോക്‌സലിന്റെ അളവ് കൂടുതലായി കാണപ്പെടാറുണ്ട്. മീഥൈല്‍ഗ്ലയോക്‌സലിന്റെ അളവ് കൂടുന്നതനുസരിച്ച് എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന് അതിന്റെ സവിശേഷതകള്‍ നഷ്ടമാവുകയും അത് രക്തത്തില്‍നിന്ന് പുറംതള്ളപ്പെടുകയും ചെയ്യും. കുറഞ്ഞ അളവില്‍ എച്ച്ഡിഎല്‍ ശരീരത്തിന് ഗുണം ചെയ്യുകയുമില്ല.

എല്‍ഡി‌എല്‍ കൊളസ്ട്രോളിനെ ധമനികളില്‍ നിന്ന് നീക്കാന്‍ സഹായിക്കുന്നത് എച്‌ഡി‌എല്‍ ആണ്. രക്തത്തില്‍ നിന്ന് ഇതിനെ കരളിലേക്കും തുടര്‍ന്ന് ശരീരത്തില്‍നിന്ന് പുറം തള്ളാനും എച്‌ഡി‌എല്‍ കൂടിയേ തീരു.

മാത്രമല്ല പഞ്ചസാര രക്തത്തില്‍ കലര്‍ന്ന് വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസും ഫ്രൂക്ടോസും വ്യത്യസ്തമായ ഫലങ്ങളാണ് ശരീരത്തിലുണ്ടാക്കുന്നത്. ഫ്രൂക്ടോസിന്റെ അളവ് കൂടുന്നത് കരളിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗവേഷകര്‍ പറയുന്നു.

മധുരം കൂട്ടുന്നതിനായി ചേര്‍ക്കുന്ന കൃത്രിമ ചേരുവകളാ(ആഡഡ് ഷുഗര്‍)ണ് അപകടത്തിന്റെയും തോത് കൂട്ടുന്നത്. ആഡഡ് ഷുഗര്‍ ഉത്പന്നങ്ങളില്‍ പോഷകാംശങ്ങളൊന്നും അടങ്ങിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല, ഇത് പല്ലുകള്‍ക്ക് കേടുണ്ടാക്കുകയും ചെയ്യും. പോഷകാംശമോ കൊഴുപ്പോ വൈറ്റമിനുകളോ അടങ്ങിയിട്ടില്ലാത്ത ആഡഡ് ഷുഗര്‍ കരളിന് ഗുരുതരമായ ദോഷങ്ങളുണ്ടാക്കുകയും ചെയ്യും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :