നിങ്ങളുടെ ഒരൊറ്റ ‘യെസ്’ നാളെ ചരിത്രം രചിച്ചേക്കാം!

യെസ് പറയുക, ‘നോ’യോട് നോ പറയുക!

Yes, No, Oppertunity, Luck, Self Help, Money, Wealth, Business, യെസ്, നോ, അവസരം, ഭാഗ്യം സെല്‍ഫ് ഹെല്‍പ്പ്, പണം, ധനം, സമ്പത്ത്, ബിസിനസ്
Last Updated: ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (16:23 IST)
‘യെസ്’ എന്ന വാക്കിനുള്ളില്‍ ഒരു മാന്ത്രികത ഒളിഞ്ഞിരിക്കുന്നുണ്ട്. വല്ലാത്ത ഒരു ശക്തിയുണ്ട് ആ വാക്കിന്. പോസിറ്റീവ് എനര്‍ജി നിറഞ്ഞുനില്‍ക്കുന്ന വാക്കാണത്. നമ്മള്‍ ഒരാളോട് ‘യെസ്’ എന്ന് പറയുമ്പോള്‍ നമുക്കും കേള്‍ക്കുന്നവര്‍ക്കും അത് സമ്മാനിക്കുന്ന ഊര്‍ജ്ജം ചെറുതല്ല.

അവസരങ്ങളോട് ‘നോ’ പറയാന്‍ എളുപ്പമാണ്. ആര്‍ക്കും പറയാം. ഏത് സാഹചര്യത്തിലും പറയാം. എത്ര വലിയ അവസരവും ഒരു ‘നോ’യ്ക്ക് മുമ്പില്‍ മടങ്ങിപ്പോകും. പിന്നീട് അത് തിരിച്ചുവരികയുമില്ല. ചെറിയ സാധ്യതയെങ്കിലുമുണ്ടെങ്കില്‍ ഓരോ അവസരത്തിന് നേരെയും ‘യെസ്’ പറയാനുള്ള ആര്‍ജ്ജവമാണ് ഉണ്ടാകേണ്ടത്. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടുന്നവര്‍ അവരുടെ വിജയമന്ത്രമാക്കുന്നത് ഈ യെസ് പറച്ചിലാണ്.

നമ്മുടെ ഭയമാണ് നമ്മളെക്കൊണ്ട് പല സാഹചര്യങ്ങളിലും നോ പറയിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. യെസ് പറഞ്ഞാല്‍ നമ്മള്‍ ഒരു കാര്യത്തിന് മുന്നിട്ടിറങ്ങേണ്ടിവരുമോ എന്ന ഭയം. അങ്ങനെ ഇറങ്ങിയാല്‍ നമ്മള്‍ വിജയിക്കുമോ എന്ന ഭയം. വിജയിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ എന്തുപറയും എന്ന ഭയം. സമൂഹം തന്നെപ്പറ്റി എന്ത് ചിന്തിക്കുമെന്ന ഭയം. ഇങ്ങനെ ഒരുകൂട്ടം ഭയങ്ങളുടെ നടുവിലാണ് നമ്മള്‍ ജീവിക്കുന്നത്.

ഈ ഭയത്തോടൊപ്പം ജീവിക്കണോ എന്ന് ഓരോരുത്തരും ചിന്തിക്കുകയാണ് വേണ്ടത്. ഭയത്തിന്‍റെ കൂടെത്തന്നെയുള്ളതാണ് പരാജയം. ഭയപ്പെടുന്നവര്‍ എന്നും പരാജയപ്പെടുന്നു. വിജയിക്കുന്നവരെപ്പറ്റി അസൂയയോടെയും ആരാധനയോടെയും ചിന്തിക്കുന്നു. വിജയിച്ചവര്‍ക്ക് ഒരു മന്ത്രമേയുള്ളൂ. അവരായിരിക്കും ഏറ്റവും കുറച്ച് ‘നോ’ പറയുക എന്നത്. ഒരു കാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ യെസ് പറയുക. ഒരുകാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടെങ്കിലും നിങ്ങള്‍ യെസ് പറയുക. ഒരുകാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല എന്ന് മറ്റുള്ളവര്‍ ഉറപ്പിച്ചുപറയുമ്പോഴും നിങ്ങള്‍ ‘യെസ്’ പറയുക. കാരണം യെസ് പറഞ്ഞാല്‍ നിങ്ങള്‍ പരിശ്രമിക്കും. പരിശ്രമിച്ചാല്‍ വിജയം ഉറപ്പാണ്!

ഒരാള്‍ അയാള്‍ക്ക് ചെയ്യാന്‍ കഴിയില്ല എന്ന് ഉറപ്പുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് അയാളുടെ കഴിവുകള്‍ അയാള്‍ തന്നെ തിരിച്ചറിയുന്നത് എന്നതാണ് സത്യം. ഒന്നും ആലോചിക്കാതെ എല്ലാത്തിനും ‘യെസ്’ മൂളുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെല്ലുവിളികള്‍ ഒരൊറ്റ യെസിലൂടെ ഏറ്റെടുക്കുക എന്നതാണ്. അവരവരുടേതായ സേഫ് സോണില്‍ മാത്രം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുറത്തുള്ള വിശാലമായ ലോകത്തേക്കുള്ള ചവിട്ടുപടികളാണ് ഈ വെല്ലുവിളികള്‍ സ്വീകരിക്കുന്നതിലൂടെ മുന്നോട്ടുവരുന്നത്.

ചിലര്‍ യഥാര്‍ത്ഥ അവസരത്തിനായി കാത്തിരിക്കും. അവസരങ്ങള്‍ വരുമ്പോള്‍ സമയമായില്ല എന്ന് ചിന്തിക്കും. ഇത് ഒരു തരത്തിലുള്ള ഒളിച്ചോടലാണ്. എത്ര വലിയ അവസരങ്ങള്‍ വന്നാലും അവര്‍ കൂടുതല്‍ നല്ല അവസരങ്ങള്‍ക്കായും കൂടുതല്‍ നല്ല സമയത്തിനായും കാത്തിരിക്കും. ‘നിങ്ങള്‍ തയ്യാറാകുന്നതിന് മുമ്പുതന്നെ ആരംഭിക്കുക’ എന്ന് പറയുന്നത് ഇതുകൊണ്ടാണ്. ‘യെസ്’ എന്ന പദം അതിനെയാണ് സൂചിപ്പിക്കുന്നത്. വെല്ലുവിളിയേറ്റെടുക്കാന്‍, ഈ അവസരം ഉപയോഗിക്കാന്‍ ഞാന്‍ തയ്യാറാണ് എന്ന പ്രഖ്യാപനമാണത്.

നോ എന്ന് പറഞ്ഞ് ഒഴിയാവുന്ന കാര്യങ്ങള്‍ അനവധിയാണ്. അസാധ്യം എന്നോ ബുദ്ധിമുട്ടേറിയതെന്നോ തോന്നുന്ന എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് നോ പറഞ്ഞ് ഒഴിവാക്കാം. എവറസ്റ്റ് കൊടുമുടി കയറുക വിഷമമുള്ള കാര്യമാണ്. വിമാനം പറത്തുന്നത് വിഷമമുള്ള കാര്യമാണ്. ബിസിനസ് ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിര്‍ത്തികളില്‍ സൈനികരായി ജോലിചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്. ഇങ്ങനെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായതുകൊണ്ട് എല്ലാവരും ഇതിനോടൊക്കെ ‘നോ’ എന്ന് പറഞ്ഞിരുന്നെങ്കിലോ?

അപ്പോള്‍ ‘യെസ്’ പറയുന്നയിടത്ത് മാത്രമാണ് വിജയം കുടികൊള്ളുന്നത്. യെസ് പറയുമ്പോള്‍ നിങ്ങളുടെ ലോകം മുന്നോട്ടൊഴുകുന്നു. നോ പറയുമ്പോള്‍ അത് കെട്ടിയിട്ടിരിക്കുന്ന വള്ളം പോലെയാണ്. അവിടെത്തന്നെ നില്‍ക്കുന്നു. എങ്ങോട്ടും പോകുന്നില്ല. ഒരു വളര്‍ച്ചയുമില്ല.

യെസ് എന്ന വാക്ക് പുതിയ പുതിയ വാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും. ഒരു വലിയ ലോകം തന്നെ മുന്നില്‍ വന്നുനില്‍ക്കും. അവിടെ ഉയര്‍ന്നുപറക്കുകയും രാജാവായി വാഴുകയും ചെയ്യാം. ഇനി പരാജയപ്പെട്ട് വീണാലോ? അത് കഠിനമായ പരിശ്രമത്തിനൊടുവില്‍ സംഭവിച്ച തോല്‍‌വിയായിരിക്കും. അത്തരം പരാജയത്തിന് പോലും തേന്‍‌മധുരമുണ്ടാവും.

ഒരിക്കല്‍ നിങ്ങളെത്തേടിയെത്തുന്ന അവസരമോ ഭാഗ്യമോ പിന്നീട് നിങ്ങളുടെ വഴിക്ക് വന്നെന്ന് വരില്ല. അതുകൊണ്ടുതന്നെ ‘യെസ്’ പറയുന്നത് ശീലമാക്കുക. വിജയങ്ങളുടെ ആകാശത്ത് പറന്നുകളിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :