ഓഫീസിലെ ബോറടി ഇങ്ങനെയൊക്കെ മാറ്റാം

ചെന്നൈ| വെബ്‌ദുനിയ ഹെല്‍ത്ത് ഡെസ്ക്| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (18:23 IST)
കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നതും മുതിര്‍ന്നവര്‍ ഓഫീസിലേക്ക് പോകുന്നതും തമ്മില്‍ ചെറിയ സാമ്യമുണ്ട്. ചില കുട്ടികള്‍ സ്കൂളിലേക്ക് ഇഷ്ടത്തോടെ, സന്തോഷത്തോടെ പോകുന്നതു പോലെയാണ് മുതിര്‍ന്നവരില്‍ ചിലര്‍ ഓഫീസിലേക്ക് പോകുന്നതും. ഒരു ഉത്സവാന്തരീക്ഷമായിരിക്കും ഓഫിസില്‍ എപ്പോഴും. സ്കൂള്‍ വിട്ടു കഴിഞ്ഞാലും വീട്ടില്‍ പോകാത്ത കുട്ടികളെ പോലെ ജോലി കഴിഞ്ഞാലും ഓഫിസില്‍ കുറച്ചുസമയം കൂടി ചെലവഴിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കും.

എന്നാല്‍, മറ്റു ചിലര്‍ ഇഷ്‌ടമില്ലാതെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കു സമമാണ്. ചില കുട്ടികള്‍ക്ക് സ്കൂള്‍ ഇഷ്‌ടമാകാതിരിക്കാന്‍ കാരണം സ്കൂള്‍ അല്ല, അവിടുത്തെ ചില സാഹചര്യങ്ങളാണ്. മുതിര്‍ന്നവരുടെ കാര്യത്തിലും അതു തന്നെ, ഓഫീസോ ജോലിയോ അല്ല കാരണക്കാരന്‍. അവിടുത്തെ ചില സാഹചര്യങ്ങളും ചില വ്യക്തികളും ആയിരിക്കും. എന്നാല്‍, ആ സാഹചര്യങ്ങളെ ഒന്ന് പുതുക്കി പണിയുകയും ബന്ധങ്ങള്‍ ഒന്നുകൂടി ഊഷ്‌മളതയുള്ളതാകുകയും ചെയ്യുകയാണെങ്കില്‍ അവധി എടുക്കാന്‍ പോലും ആരും ഒന്ന് മടിക്കും.

എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓഫീസ് ബോറടിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഓഫീസിലേക്ക് പോകുന്ന കാര്യം ഓര്‍ത്ത് തല പുകയ്ക്കുന്നവരും . ജോലി സ്ഥലത്തു നിന്നുണ്ടാകുന്ന കടുത്ത സമ്മര്‍ദ്ദങ്ങളും കൂടുതല്‍ ജോലിയും ഒട്ടും സന്തോഷകരമല്ലാത്ത ചുറ്റുപാടുകളും ജോലിക്ക് പോകുന്നത് ഒരു ബോറന്‍ ഇടപാടാകും.

നിങ്ങള്‍ നിങ്ങളുടെ ജോലിയെ സ്നേഹിക്കുന്നുണ്ടോ? ടീമിനെ ഇഷ്‌ടപ്പെടുന്നുണ്ടോ? എന്നും ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് സംതൃപ്‌തിയുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ഒറ്റവാക്കില്‍ ‘ഉണ്ട്’ എന്ന് എത്രപേര്‍ ഉത്തരം കൊടുക്കും. ഇഷ്‌ടപ്പെടുന്നവര്‍ ഇല്ലെന്നല്ല, പക്ഷേ ഈ മേല്പറഞ്ഞ ചോദ്യത്തിന് ഒക്കെ ‘ഇല്ല’ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ സാഹചര്യങ്ങളും പെരുമാറ്റരീതികളും ഒക്കെ ഒന്ന് മാറ്റിപ്പിടിച്ചാല്‍ നന്നായിരിക്കും. 2010ല്‍ ലോകമെങ്ങും ജോലി ചെയ്യുന്ന ആളുകള്‍ക്കായി കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ് കൌണ്‍സില്‍ നടത്തിയ സര്‍വ്വേയില്‍ പതിമൂന്ന് ശതമാനം ആളുകളും കടുപ്പിച്ച് ‘നോ’ പറഞ്ഞവരാണ്.

മാറിയ ജീവിതസാഹചര്യങ്ങളും ജോലിസ്ഥലത്തെ സമ്മര്‍ദ്ദവും ജോലിസ്ഥലം ബോറടിക്കാന്‍ കാരണമാകും. ഒട്ടും ആഹ്ലാദകരമല്ലാത്ത അന്തരീക്ഷവും ബോസിന്റെ ചീത്തവിളിയും പകലന്തിയോളം ജോലി സ്ഥലത്തു നിറഞ്ഞുനില്‍ക്കുന്ന ‘ടെന്‍ഷന്‍ ഇഫക്‌ടും’ കൂടിയാകുമ്പോള്‍ ബോറടിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
തന്റെ ഇടം ഇതല്ലെന്നും ഇവിടെ തനിക്കൊന്നും ചെയ്യാനില്ലെന്നും തോന്നി തുടങ്ങിയാല്‍ ജോലി നമുക്ക് അനിഷ്‌ടം വന്നു തുടങ്ങും. പിന്നെ, സീനിയേഴ്സിന്റെ ചില നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഈഗോ സമ്മാതിക്കാതിരിക്കുമ്പോഴും ചെയ്യുന്ന ജോലിക്ക് സീനിയേഴ്സിന്റെ കൈയില്‍ നിന്നോ ബോസിന്റെ കൈയില്‍ നിന്നോ അഭിനന്ദനം ലഭിക്കാതിരിക്കുന്നതും ഓഫീസ് വെറുത്തു പോകുന്നതിന് കാരണമാകും.

ഓഫീസ് ബോറടി മാറ്റാന്‍ എന്തൊക്കെ ചെയ്യാം ?

1. ടീമിലുള്ള അംഗങ്ങളുമായി സൌഹൃദാന്തരീക്ഷം നിലനിര്‍ത്തുക. നിങ്ങള്‍ ഒരു ടീം ലീഡറോ ബോസ് ആണെങ്കില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ക്ക് ഇടയ്ക്ക് ചെറിയ ചില സമ്മാനങ്ങള്‍ നല്കാവുന്നതാണ്. ഇത് കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുവാന്‍ അവരെ പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

2. ആഴ്ചയില്‍ ഒരിക്കലോ കുറഞ്ഞത് മാസത്തില്‍ ഒരിക്കലെങ്കിലുമോ ടീം അംഗങ്ങള്‍ എല്ലാവരും ഒന്നു ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പുറത്തു പോകാവുന്നതാണ്.

3. ടീമിനുള്ളില്‍ എപ്പോഴും ഒരു ഉത്സവാന്തരീക്ഷം നിലനിര്‍ത്തുക. കൊച്ചു കൊച്ചു തമാശകളും കളിയാക്കലുകളും ജോലിഭാരം ലഘൂകരിക്കാന്‍ സഹായിക്കും.

4. ടീം അംഗങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരസ്പരം പറഞ്ഞു തീര്‍ക്കുക. അല്ലാത്ത പക്ഷം അത് കടുത്ത മാനസികസമ്മര്‍ദ്ദത്തിനും പിന്നീട് ചിലപ്പോള്‍ പലവിധ രോഗങ്ങള്‍ക്കും വരെ കാരണമായെക്കാം.

5. വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ടീം അംഗങ്ങള്‍ ചെറിയ ഒരു യാത്ര പോകുന്നത് നല്ലതായിരിക്കും.

6. നമുക്ക് നല്കിയിരിക്കുന്ന കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം ജോലി ചെയ്ത് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ജോലി ചെയ്തതിന്റെ തൃപ്‌തി നമുക്കുണ്ടാകണം.

7. ടീം അംഗങ്ങളുടെ പിറന്നാള്‍, വാര്‍ഷികങ്ങള്‍ മുതലായ സമയങ്ങള്‍ ചെറിയ രീതിയില്‍ ആഘോഷിക്കാവുന്നതാണ്. വലിയ പാര്‍ട്ടികള്‍ ഒന്നും സംഘടിപ്പിച്ചില്ലെങ്കിലും ഏറ്റവും കുറഞ്ഞത് പുറത്തു പോയി ഒരു ഐസ്ക്രീം എങ്കിലും കഴിക്കാം. ചെറിയ സമ്മാനങ്ങള്‍ വാങ്ങി നല്‌കാം.

8. ഒപ്പമുള്ളവരോ അവരുടെ അടുത്ത ആരെങ്കിലും അസുഖബാധിതരാകുകയാണെങ്കില്‍ കൃത്യമായി അന്വേഷിക്കുകയും സാധ്യമെങ്കില്‍ അവരെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

9. കൂടെയുള്ളവരുടെ സന്തോഷത്തില്‍ ഒപ്പം ചേരാനും ആപത്തില്‍ ഒപ്പം നില്‍ക്കാനും ശ്രമിക്കാവുന്നതാണ്. ടീമില്‍ ആരെയും ഒരിക്കലും ഒറ്റപ്പെടുത്താതിരിക്കുക. അത് അവര്‍ക്ക് നല്കുന്ന മാനസികബുദ്ധിമുട്ട് വളരെ കൂടുതലായിരിക്കും.

10. തങ്ങള്‍ ഒറ്റക്കെട്ടാണെന്ന ബോധ്യം ടീം അംഗങ്ങളില്‍ ഉണ്ടാകണം. എങ്കില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ അവര്‍ക്ക് സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :