പ്രമേഹം ഓര്‍മ്മശക്തി കുറയ്ക്കും

WEBDUNIA|
പ്രമേഹത്തെ നിസ്സാരമായി അവഗണിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ് ഒരു ബ്രിട്ടീഷ് പഠന സംഘം ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. നിയന്ത്രണാതീതമായ പ്രമേഹം ഓര്‍മ്മശക്തി കുറയ്ക്കുമെന്നും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് ഹൈപ്പോഗ്ലൈക്കീമിയ എന്ന് അവസ്ഥയ്ക്ക് കാരണമാകുമെന്ന് ഈഡന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘമാണ് കണ്ടെത്തിയത്. തലച്ചോറിലെത്തുന്ന പഞ്ചസാരയുടെ (ഗ്ലൂക്കോസ്) കുറവ് മൂലമാണ് ഹൈപ്പോഗ്ലൈക്കീമിയ എന്ന അവസ്ഥയ്ക്ക് കാരണമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നത് ഇങ്ങനെയെത്തുന്ന ഗ്ലൂക്കോസ് ആണെന്നതിനാല്‍ ഇതിന്‍റെ കുറവ് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.

മധുരം കഴിക്കാനുള്ള താല്പര്യവും, ക്ഷീണവും തലകറക്കവും ഉയര്‍ന്ന ഹൃദയമിടിപ്പുമാണ് ഹൈപ്പോഗ്ലൈക്കീമിയയുടെ ലക്ഷണമായി സംഘം ചൂണ്ടിക്കാട്ടുന്നത്. ഹൈപ്പോഗ്ലൈക്കീമിയ അധികമായാല്‍ ഇത് അബോധാവസ്ഥ, അപസ്മാരം എന്നിവയിലേക്ക് നയിക്കും.

പ്രമേഹമുള്ള അറുപതിനും എഴുപത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ള 1,066 ആളുകളെയാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. ഓര്‍മ്മ, ബുദ്ധിശക്തി, ഏകാഗ്രത എന്നിവ അളക്കുന്ന ഏഴ് പരീക്ഷണങ്ങള്‍ക്ക് ഇവരെ വിധേയരാക്കി. കാലപ്പഴക്കമെത്തിയ പ്രമേഹമുള്ള 113 രോഗികള്‍ക്ക് മറ്റ് രോഗികളെ അപേക്ഷിച്ച് ഓര്‍മ്മശക്തിയിലും പദ പ്രയോഗങ്ങളിലും പിന്നില്‍ നില്‍ക്കുന്നതായാണ് സംഘം കണ്ടെത്തിയത്.

തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ഹൈപ്പോഗ്ലൈക്കീമിയ സാരമായി ബാധിക്കുകയും തലച്ചോറിന്‍റെ തളര്‍ച്ച പ്രമേഹം നിയന്ത്രിക്കാനാവാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജാക്കി പ്രൈസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :