കൃഷ്ണന് കുചേലനും, യേശുവിന് ശിഷ്യന്മാരും - സൌഹൃദത്തിന്റെ ചരിത്രമുറങ്ങിക്കിടക്കുന്നത് പുരാണങ്ങളിൽ!

എല്ലാത്തിനും ചരിത്രമുണ്ട്, സൌഹൃദത്തിനുമുണ്ടാകില്ലേ?

അപർണ| Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (14:34 IST)
സൌഹൃദത്തിന് ചരിത്രമില്ല. മനുഷ്യന്‍റെ പിറവിയോടൊപ്പം സൌഹൃദവും പിറന്നിരിക്കണം. സൌഹൃദം വലിയൊരു അര്‍ത്ഥത്തില്‍ സ്നേഹമാണ്. ആണും പെണ്ണും തമ്മിലുള്ള സൌഹൃദം പ്രേമമോ പ്രണയമോ ആ‍യി മാറാം. ആയിക്കൊള്ളണമെന്നുമില്ല. സൌഹൃദത്തിന് അവസാനമില്ല. അതിങ്ങനെ നീണ്ട് പരന്ന് കിടക്കും.

പുരാണങ്ങളിലും ചരിത്രത്തിലും സൌഹൃദത്തിന്‍റെ ഹൃദ്യവും ഊഷ്മളവുമായ ഒട്ടേറെ കഥകളുണ്ട്. കൃഷ്ണനും കുചേലനും തമ്മിലുള്ള സൌഹൃദവും ഇതിൽ മുന്നിൽ നിൽക്കുന്നു. വലിയവനെന്നോ ചെറിയവനെന്നോ വേർതിരിവില്ലാത്ത പച്ചയായ സ്നേഹത്തിന്റെ തെളിവായിരുന്നു അവരിരുവരും.

സാന്ദീപനി ആശ്രമത്തില്‍ കുട്ടിക്കാലത്ത് ഒരുമിച്ച് പഠിച്ചുവളര്‍ന്ന ഇരുവരും വഴിപിരിഞ്ഞുപോയി. പിന്നീട് ദാരിദ്ര്യത്തിന്‍റെ കാണാക്കയങ്ങളില്‍ പെട്ട് ഉഴറിയ സുദാമാ എന്ന കുചേലന്‍ ഉറ്റ സതീര്‍ത്ഥ്യനായ, സുഹൃത്തായ ശ്രീകൃഷ്ണനെ കാണാനെത്തുന്നു.

ദൂരെ നിന്ന് പ്രിയ സുഹൃത്ത് വരുന്നത് നോക്കിക്കാണുന്ന ശ്രീകൃഷ്ണന്‍റെ കണ്ണുകളില്‍ കണ്ണീര്‍ നിറയുകയാണ്. ആ സമാഗമത്തില്‍ ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞുപോവുകയാണ്. അകന്നിരുന്നിരുന്നിട്ടു പോലും അവരിരുവരിലും സൌഹൃദത്തിന്‍റെ ഉറവകള്‍ വറ്റിയിരുന്നില്ല.

കൃഷ്ണന്‍ മഹാഭാരതത്തില്‍ സൌഹൃദം പലരോടും പല തരത്തിലാണ് പ്രകടിപ്പിക്കുന്നത്. സ്നേഹം, പ്രണയം, സാഹോദര്യം, സംരക്ഷണം, മാര്‍ഗ്ഗദര്‍ശനം, അടുപ്പം, ചിലപ്പോള്‍ നേരിയ പരിഹാസം. ഇതെല്ലാം ചേര്‍ന്നതാണ് സൌഹൃദം എന്നതാണ് ശരി. ഇതെല്ലാം കൂടിച്ചേരുമ്പോഴുണ്ടാകുന്ന അടുപ്പം തന്നെയാണ് സൌഹൃദം.

മഹാഭാരതത്തില്‍ കൌരവ രാജാവായ ദുര്യോധനന്‍ വെറുമൊരു ‘തേരാളിയുടെ വളര്‍ത്തു മകനായ‘ കര്‍ണ്ണനെ ഉറ്റമിത്രമാക്കുന്നു. അയള്‍ക്കു നേരെ വരുന്ന എല്ലാ അപമാനത്തെയും ചെറുക്കുന്നു. സുഹൃത്തിന്‍റെ അഭിമാനം രക്ഷിക്കാനായി സ്വന്തം രാജ്യത്തിന്‍റെ ഒരു ഭാഗം നല്‍കി അയാളെ അംഗരാജാവായി വാഴിക്കുന്നു. എത്ര ശക്തവും ദൃഢവുമാണ് ആ സൌഹൃദം.

ബൈബിളില്‍ അന്വേഷിപ്പിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും (മാത്യു 7:7) എന്ന വാക്യം ഫലത്തില്‍ സൌഹൃദത്തെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കുന്നതില്‍ കവിഞ്ഞ് മഹത്തരമായ സ്നേഹം ലോകത്ത് മറ്റൊന്നില്ല എന്ന് ജോണിന്‍റെ സുവിശേഷത്തിലും (15:13:15) പറയുന്നുണ്ട്.

പഴയ നിയമത്തില്‍ അബ്രഹാമിനെ ‘ദൈവത്തിന്‍റെ ചങ്ങാതി‘ എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ ദൈവം മോസസിനോട് പത്ത് കല്‍പ്പനകള്‍ നല്‍കി സംസാരിച്ചത് ‘ഒരു ചങ്ങാതിയോടെന്നപോലെ‘ ആയിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്.

റൂത്തും നവോമിയും തമ്മിലുള്ള പ്രണയം, ഡേവിഡിനോട് പരിചാരകനായ ഹൂഷായിക്കുണ്ടായ സൌഹൃദം, ഡേവിഡും ജോനാഥനും തമ്മിലുണ്ടായിരുന്ന പരസ്പര സൌഹൃദം എന്നിവ പഴയ നിയമത്തില്‍ വിവരിക്കുന്നുണ്ട്.

പുതിയ നിയമത്തില്‍ യേശുവും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം സൌഹൃദം എങ്ങനെയായിരിക്കണം എന്നതിന്‍റെ സൂചനയാണ്. ഗുരുവും വഴികാട്ടിയും എന്നപോലെ സുഹൃത്തുമായിരുന്നല്ലോ യേശുദേവന്‍.

മനുഷ്യന്‍റെ സാമൂഹികവല്‍ക്കരണ പ്രക്രിയയുടെ ഒരു ഭാഗമാണ് സുഹൃദ് ബന്ധങ്ങള്‍ സ്ഥാപിക്കല്‍. സുഹൃത്തുക്കളില്ലാത്ത ഒരു മനുഷ്യനെ മനുഷ്യനായി കരുതാനാവുമോ ? കഴിയില്ല. അവനെ അവനാക്കുന്നത് ജീവിത സാഹചര്യങ്ങൾ മാത്രമല്ല സൌഹൃദവുമാണ്.

എന്നാല്‍, സൌഹൃദത്തിന്‍റെ പേരില്‍ ഒരു ദിനാചരണം ഉണ്ടാവുന്നത് അമേരിക്കയിലാണ്. ജീവിതത്തില്‍ സൌഹൃദവും സുഹൃത്തുക്കളും വരുത്തുന്ന സ്വാധീനത്തെ കുറിച്ചും ചിന്തിച്ചാണ് അമേരിക്കന്‍ കോണ്‍ഗ്രസ് 1935 ല്‍ ഓഗസ്റ്റിലെ അദ്യ ഞായറാഴ്ച ദേശീയ സൌഹൃദ ദിനമായി പ്രഖ്യാപിച്ചത്. അതില്‍പ്പിന്നെ അതൊരു വാര്‍ഷിക ആചരണമായി മറ്റ് രാജ്യങ്ങളും ഈ പാത പിന്തുടര്‍ന്നു.

1997 ല്‍ ഐക്യരാഷ്‌ട്ര സഭ സൌഹൃദ ദിനത്തെ അംഗീകരിക്കുകയും വിന്നി എന്ന പാവക്കരടിയെ ലോക സൌഹൃദത്തിന്‍റെ അംബാസഡറായി നിര്‍ദ്ദേശിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :