കളിക്കൂട്ടുകാരന്...

കെ എസ്.അമ്പിളീ

Cartoon to the play mate
SASISASI

വിഷു എനിക്ക്
വന്നെത്താനുള്ള ഒരു നോവാണ്
വേദനകളുടെ സംക്രാന്തി
വിഷു എനിക്ക് കൈമോശം വന്ന കളിപ്പാട്ടം
പാതിയില്‍ കറക്കം നിര്‍ത്തിയ പമ്പരം
കിട്ടാതെപോയ കൈനീട്ടവും
കരിഞ്ഞുപോയ കണിക്കൊന്നയും

വിഷു എനിക്ക് വേദനയാണ്
ഒരു വിഷുദിനത്തിലാണ്
ശൈശവത്തിന്‍റെ കളിച്ചെപ്പടച്ചുവച്ച്
നീ മൃതിയുടെ ചെളിക്കുണ്ടിലേക്കിറങ്ങിപ്പോയത്
നിന്നെത്തിരഞ്ഞ എനിക്ക്
നിന്‍റെ കാറ്റാടി കളഞ്ഞുകിട്ടി
പാതികറങ്ങിയ പമ്പരം കിട്ടി
ഞാനറിഞ്ഞില്ല...
നീ..കയങ്ങളില്‍ ഇരുള്‍മാളങ്ങളിലൂടെ
ഊര്‍ന്നുപോകുന്നതും ഒളിച്ചിരിക്കുന്നതും...

അമ്മയ്ക്ക് വിഷു നഷ്ടങ്ങളാണ്
ജീവിതത്തിന്‍റെ കൈനീട്ടം
കളഞ്ഞുപോയ നിമിഷം
വിഷു വിലാപങ്ങളുടേതാണ്
ഒരു വിലാപ മാത്രം ബാക്കി നിര്‍ത്തി
എന്‍റെ വിഷുക്കണി കറുത്തുപോയി..
ഓര്‍മ്മയുടെ ചില്ലുജാലകത്തിനിപ്പുറം നില്‍ക്കുമ്പോള്‍
വിഷു എനിക്ക് ഭയപ്പാടാണ്...

വീണ്ടും വിഷു വരുന്നു
ജനുവരിയുടെ കുടക്കീഴില്‍ ഒളിച്ചിരുപ്പാണ് ഞാന്‍
ഇപ്പോള്‍ എനിക്കു നിന്നെ കാണാം
നിന്‍റെ നനഞ്ഞൊട്ടിയ കുപ്പായം
വിളര്‍ത്ത മന്ദഹാസം അലിഞ്ഞുപോയ കവിള്‍ത്തടങ്ങള്‍
ശൈത്യത്തിലുറഞ്ഞ പിഞ്ചുകാലുകള്‍
നീ ഉറക്കത്തിലാണ്
അമ്മ ഉണര്‍ത്തി കണികാണിച്ച്
കൈനീട്ടം നല്‍കി ഓമനിച്ചതിപ്പോള്‍
ഇത്രവേഗം നീ ഏതുവാതിലില്‍ കൂടിയാണ്
ഒളിച്ചുകളിക്കാനിറങ്ങിയത്...

കാലമെത്ര കഴിഞ്ഞു..
ഞാന്‍ മറന്നിട്ടില്ല..
പഴയ മാഞ്ചുവടും പുഴയോരവും
നിന്നെത്തിരക്കുന്നു
കാത്തിരിപ്പാണ് ഞാന്‍
ഒരു വിഷുദിനത്തില്‍ എന്താണ്..
സംഭവിക്കരുതാത്തത്..
ഇരുള്‍മാളങ്ങളില്‍ നിന്ന്
കൈനീട്ടം വാങ്ങാന്‍
നീ വീണ്ടും വന്നെങ്കിലോ...

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :