തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അരങ്ങ്‌ തകര്‍ത്താടി ബാഴ്‌സ

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലനിറയെ ഗോളുകള്‍ നേടി ബാഴ്‌സലോണ കിരീടപ്പോരാട്ടത്തില്‍ ഒന്നാമത്‌ തുടരുന്നു

നൗക്യാമ്പ്, ലൂയി സുവാരസ്‌, ബാഴ്‌സ nowcamp, suvaras, barsa
നൗക്യാമ്പ്| സജിത്ത്| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (09:32 IST)
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലനിറയെ ഗോളുകള്‍ നേടി ബാഴ്‌സലോണ കിരീടപ്പോരാട്ടത്തില്‍ ഒന്നാമത്‌ തുടരുന്നു. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ ദുര്‍ബലരായ സ്‌പോര്‍ട്ടിങ്‌ ഗിയോണിനെയാണ്‌ ബാഴ്‌സ തകര്‍ത്തത്‌. എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു ജയം.

നാലു ഗോളുകളുമായി ലൂയി സുവാരസ്‌ വീണ്ടും നൗക്യാമ്പിന്റെ ഹീറോയായപ്പോള്‍ ഒരു ഗോള്‍ അടിച്ചും ഒന്നിനു വഴിയൊരുക്കിയും ലയണല്‍ മെസി മികച്ച പിന്തുണ നല്‍കി. ഒടുവില്‍ മെസി-സുവാരസ്‌ എന്നിവര്‍ ചേര്‍ന്ന്‌ നടത്തിയ നീക്കത്തിനൊടുവില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നു നെയ്‌മര്‍ ബാഴ്‌സയുടെയും എം എസ്‌ എന്‍ ത്രയത്തിന്റെയും പട്ടിക തികച്ചു. നേരത്തെ സുവാരസ്‌ നേടിയ നാലില്‍ രണ്ടു ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു.

കിരീടം നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ബാഴ്‌സ ഒരു ഗോളിന്‌ ലീഡ്‌ ചെയ്യുകയായിരുന്നു. രണ്ടാം പകുതിയിലാണ്‌ അഞ്ചു ഗോളുകളും പിറന്നത്‌. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ മെസിയാണ്‌ ആദ്യ ഗോള്‍ നേടിയത്‌. ബോക്‌സിനുള്ളിലേക്ക്‌ ഉയര്‍ന്നു വന്ന പന്ത്‌ ഹെഡ്‌ ചെയ്യാന്‍ സുവാരസ്‌ ശ്രമിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ തട്ടിത്തെറിപ്പിച്ചത്‌ മെസിയുടെ തലയ്‌ക്കു പാകത്തിന്‌. വീണു കിടന്ന ഗോള്‍കീപ്പര്‍ക്കു മുകളിലൂടെ പന്ത്‌ ഹെഡ്‌ ചെയ്‌ത അര്‍ജന്റീന നായകന്‍ ആദ്യ ഗോള്‍ നേടി.

ഇടവേളയ്‌ക്കു ശേഷം ബാഴ്‌സ മാത്രമായിരുന്നു ചിത്രത്തില്‍. അറുപത്തിമൂന്നാം മിനിറ്റില്‍ ആന്ദ്രെ ഇനിയസ്‌റ്റയുടെ പാസില്‍ നിന്ന്‌ സുവാരസ്‌ ലീഡ്‌ രണ്ടാക്കി. ഒമ്പതു മിനിറ്റിനു ശേഷം പെനാല്‍റ്റിയിലൂടെ സുവാരസ്‌ വീണ്ടും ലക്ഷ്യം കണ്ടു. ഗിയോണ്‍ താരം പന്ത്‌ കൈകൊണ്ട്‌ തടഞ്ഞതിനാണ്‌ പെനാല്‍റ്റി വിധിച്ചത്‌. മൂന്നു മിനിറ്റിനകം മറ്റൊരു സ്‌പോട്ട്‌ കിക്കില്‍ നിന്ന്‌ സുവാരസ്‌ ഹാട്രിക്കും തികച്ചു. എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ബാഴ്‌സയ്‌ക്ക് അനുകൂലമായി റഫറി വീണ്ടും സ്‌പോട്ട്‌കിക്ക്‌ വിധിച്ചു. നെയ്‌മര്‍ എടുത്ത കിക്ക്‌ ബാഴ്‌സയുടെ ലീഡ്‌ അഞ്ചാക്കി. മൂന്നു മിനിറ്റിനകം മെസിയുടെ പാസില്‍ നിന്ന്‌ സുവാരസ്‌ പട്ടിക തികയ്‌ക്കുകയും ചെയ്‌തു.

ജയത്തോടെ 35 മത്സരങ്ങളില്‍ നിന്ന്‌ 82 പോയിന്റുമായി ബാഴ്‌സയും അത്‌ലറ്റിക്കോയും ഒപ്പത്തിനൊപ്പമെത്തി. പക്ഷേ എവേ ഗോളുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടത്തിലെ മേധാവിത്വത്തിന്റെയും ബലത്തില്‍ ബാഴ്‌സയാണ്‌ മുന്നില്‍. 81 പോയിന്റുള്ള റയാല്‍ മാഡ്രിഡാണ്‌ മൂന്നാം സ്‌ഥാനത്ത്‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :