പുതിയ പ്രസിഡന്റിനായി ഫിഫ തിരഞ്ഞെടുപ്പ് 2016ല്‍, മിഷേൽ പ്ലാറ്റീനിയും കോഫി അന്നാനും മത്സരിച്ചേക്കും

സൂറിക്ക്| VISHNU N L| Last Modified ചൊവ്വ, 21 ജൂലൈ 2015 (10:39 IST)
രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷനായ
ഫിഫയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഭരണസമിതി യോഗം ഫെബ്രുവരി 26നു നടക്കും. അഴിമതി ആരോപണങ്ങളെത്തുടർന്ന് മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റർക്കു രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. തുടർച്ചയായി അഞ്ചാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു നാലു ദിവസത്തിനകം കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു സെപ് ബ്ലാറ്റർ രാജിവച്ചത്.

ഏഴു ഉന്നതരെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിന്റെ തുടർച്ചയായാണ് 1998 മുതൽ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്ലാറ്റർ രാജിവച്ചത്. തിരഞ്ഞെടുപ്പിനായി നാമനിർദേശം
സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26 ആണ്. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോഴത്തെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി (യുവേഫ) പ്രസിഡന്റും മുൻ ഫ്രഞ്ച് താരവുമായ മിഷേൽ പ്ലാറ്റീനി മത്സരിക്കുമെന്നാണ് സൂചന.

ഒരു കാലത്തു സെപ് ബ്ലാറ്ററുടെ പിന്തുടർച്ചക്കാരനായി പറ‍ഞ്ഞുകേട്ടിരുന്ന പേരാണു പ്ലാറ്റീനിയുടേത്. പിന്നീട് ഇരുവരും രണ്ടു പക്ഷത്തായി. എന്നാൽ, പ്രസിഡന്റ് സ്ഥാനാർഥിയാവണോ എന്ന കാര്യം പ്ലാറ്റീനി ഇനിയും തീരുമാനിച്ചിട്ടില്ല. പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. പ്ലാറ്റീനി മൽസരിച്ചാൽ ആറിൽ നാലു ഭൂഖണ്ഡങ്ങളുടെയും പിന്തുണ ഉറപ്പാണെന്നു സൂചന.
അതേസമയം, ഫിഫയിൽ ശുദ്ധീകരണം ആവശ്യപ്പെടുന്ന ഒരു വിഭാഗം ആ ചുമതലയേൽക്കാൻ മുൻ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ രംഗത്തു വരണമെന്ന് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :