സോള്‍ട്ട് ആന്‍റ് പെപ്പര്‍: ഇതാണ് സിനിമ!

WEBDUNIA|
PRO
സോള്‍ട്ട് ആന്‍റ് പെപ്പര്‍ തിയേറ്ററുകളിലെത്തി. മലയാള സിനിമ ഇനി ഇങ്ങനെയുള്ള ചിത്രങ്ങളിലൂടെ വേണം മുന്നേറേണ്ടതെന്നാണ് കേരളമെങ്ങുമുള്ള അഭിപ്രായം. ട്രാഫിക്കിന് ശേഷം ഉജ്ജ്വലമായ മറ്റൊരു സിനിമയെന്ന് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ സിനിമയെന്ന് യുവപ്രേക്ഷകര്‍. നല്ല ഫാമിലി എന്‍റര്‍ടെയ്നര്‍ എന്ന് കുടുംബ പ്രേക്ഷകര്‍.

സോള്‍ട്ട് ആന്‍റ് പെപ്പര്‍ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നു. ആഷിക് അബു സംവിധാനം ചെയ്ത ഈ ലൈറ്റ് കോമഡി വിഷ്വല്‍ ട്രീറ്റ് പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പറയാന്‍ നെഗറ്റീവുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലാല്‍, മേനോന്‍, ആസിഫ് അലി, മൈഥിലി എന്നിവര്‍ അവരുടെ കരിയറിലെ ഏറ്റവും സ്വാഭാവികമായ അഭിനയ പ്രകടനമാണ് ഈ ചിത്രത്തില്‍ നടത്തുന്നത്. രതിനിര്‍വേദത്തിന് ശേഷം ശ്വേത തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തിലൂടെ വിസ്മയിപ്പിക്കുകയാണ്.

‘ഒരു ദോശയുണ്ടാക്കിയ കഥ’ എന്നാണ് സിനിമയുടെ ക്യാച്ച് ക്യാപ്ഷന്‍. അത്രയും സിമ്പിളായ, അത്രയും ടേസ്റ്റിയായ സിനിമ തന്നെയാണ് സോള്‍ട്ട് ആന്‍റ് പെപ്പര്‍. പാചകക്കാരന്‍ ബാബുവായി അടിപൊളി പ്രകടനം നടത്തുന്ന ബാബുരാജ് തന്നെയാണ് ചിത്രത്തിലെ സര്‍പ്രൈസും ചിത്രത്തിന്‍റെ ഹൈലൈറ്റും.

സിനിമയുടെ ടൈറ്റില്‍ കാര്‍ഡു മുതല്‍ തുടങ്ങുന്ന പുതുമ അവസാനം ‘അവിയല്‍’ ബാന്‍ഡിന്‍റെ ‘ആനക്കള്ളന്‍’ ഗാനത്തില്‍ വരെ കാത്തു സൂക്ഷിക്കുന്ന സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല.

‘ജീവിക്കാന്‍ വേണ്ടിയാണോ ഭക്ഷണം കഴിക്കുന്നത്? അതോ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണോ ജീവിക്കുന്നത്?” എന്നു ചോദിച്ചാല്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ജീവിക്കുന്നത് എന്ന് മറുപടി പറയുന്നവര്‍ക്കുള്ള സിനിമയാണ് സോള്‍ട്ട് ആന്‍റ് പെപ്പര്‍. അതേ, ക്ലീഷേകള്‍ എല്ലാം ഈ സിനിമ തകര്‍ക്കുകയാണ്. പ്രണയത്തിന്‍റെ കാര്യത്തിലും നര്‍മ്മത്തിന്‍റെ കാര്യത്തിലും കഥാഗതിയുടെ കാര്യത്തിലുമൊക്കെ. കാണുക, രുചിച്ചറിയുക, ഇത് പുതിയ പ്രമേയത്തിന്‍റെ ഉപ്പും എരിവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :