ലൈലാ ഓ ലൈലാ - നിരൂപണം

യാത്രി ജെസെന്‍| Last Updated: വ്യാഴം, 14 മെയ് 2015 (19:11 IST)
റണ്‍ ബേബി റണ്ണിന് ശേഷം ജോഷി ഒരുക്കിയ സിനിമകള്‍ ലോക്പാല്‍, സലാം കാശ്മീര്‍, അവതാരം എന്നിവയാണ്. മൂന്നും തകര്‍ന്നു തരിപ്പണമായ സിനിമകള്‍. ഈ മൂന്നുസിനിമകളുടെയും വീഴ്ചയ്ക്ക് കാരണമായത് നല്ല തിരക്കഥയുടെ അഭാവമാണ്. മൂന്ന് പരാജയങ്ങളില്‍ നിന്ന് ജോഷി പാഠം പഠിക്കുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ ആ പ്രതീക്ഷ അപ്പാടെ തെറ്റിക്കുകയാണ് ലൈലാ ഓ ലൈലാ.
 
വലിയ പശ്ചാത്തലവും ബിഗ് ബജറ്റും സൂപ്പര്‍ താരങ്ങളുമുണ്ടെങ്കില്‍ സിനിമ 100 ദിവസം തകര്‍ത്തോടുമെന്ന ധാരണ സംവിധായകര്‍ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത് പുതിയ പിള്ളേര്‍ പുതിയ ആശയങ്ങളുമായി വന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന സമയമാണ്. പരിചയസമ്പത്തിന്‍റെ പിന്‍‌ബലത്തില്‍ ക്ലീഷേ മഹാകാവ്യം രചിക്കാമെന്ന് തീരുമാനിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് 100 ശതമാനം ഉറപ്പ്.
 
ബോളിവുഡിലെ വമ്പന്‍ തിരക്കഥാകൃത്തായ സുരേഷ് നായരുടെ ആദ്യ മലയാള സിനിമയ്ക്ക് മലയാളിത്തമില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ഇതൊരു ബോളിവുഡ് സിനിമയാകേണ്ടതായിരുന്നു. കാര്യമില്ലാതെ വെടിവയ്ക്കുന്നതും ബോംബിടുന്നതും കാര്‍ ചേസ് നടത്തുന്നതുമൊന്നും മലയാളി അംഗീകരിക്കില്ല. അതുതന്നെയാണ് ലൈലാ ഓ ലൈലായുടെ രണ്ടാം പകുതിക്ക് സംഭവിച്ചത്. എവിടെ നോക്കിയാലും അടിയും വെടിവയ്പ്പും കാറോട്ടവും ബോംബ് നിര്‍വീര്യമാക്കലും. വല്ല കാര്യവുമുണ്ടോ?
 
നാഷണല്‍ ഇന്‍റലിജന്‍സ് ഏജന്‍സി ഓഫീസറാണ് ജയമോഹന്‍(മോഹന്‍ലാല്‍). ജോലി അതായതുകൊണ്ട് തീവ്രവാദികളുടെ സാന്നിധ്യം സിനിമയിലുണ്ടോ എന്നു ചോദിക്കരുത്. സിനിമയിലെ ഒട്ടുമുക്കാല്‍ പേരും തീവ്രവാദികള്‍ തന്നെ. അവര്‍ പതിവുപോലെ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നു, നായകന്‍റെ ഭാര്യയെ തടങ്കലിലാക്കുന്നു, ബോംബുവയ്ക്കുന്നു, വെടിവയ്ക്കുന്നു - അവസാനം നായകന്‍ എല്ലാവരെയും ജയിക്കുന്നു.
 
മൂന്നുമിനിറ്റിനുള്ളില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത കഥയാണെങ്കില്‍ അത് ലക്ഷണമൊത്ത സിനിമയ്ക്കുള്ള കഥയാവില്ല എന്നാണ് സാക്ഷാല്‍ മണിരത്നം പറഞ്ഞിരിക്കുന്നത്. ലൈലാ ഓ ലൈലായുടെ കഥ പറയാന്‍ ഒരുമിനിറ്റ് തീര്‍ത്തുവേണ്ട. നല്ല സിനിമയാണോ എന്നുചോദിച്ചാല്‍ നിശബ്ദത പാലിക്കുന്നതല്ലേ നല്ലത്?

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ജയമോഹന്‍റെ ജീവിതത്തിലെ രണ്ടാമത്തെ നായികയാണ് അഞ്ജലി(അമല പോള്)‍. ആദ്യത്തെ നായിക രമ്യാ നമ്പീശനാണ്. ആദ്യഭാര്യയെ പരിചയപ്പെടുത്തുന്ന ഒരു രംഗമുണ്ട് സിനിമയില്‍. കാണേണ്ട കാഴ്ചയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ അടുത്തമാസമെങ്ങാനും റിലീസ് ചെയ്തിരുന്നെങ്കില്‍ ലൈലാ ഓ ലൈലായിലെ പല രംഗങ്ങളുടെയും കോമഡി അതില്‍ കാണാമായിരുന്നു.
 
ഇനി വേറൊരു കാര്യം. ട്രൂ ലൈസ് എന്നൊരു സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു. ആ ഓര്‍മ്മ അവശേഷിക്കുന്നവര്‍ ഈ സിനിമ കണ്ടാല്‍ ‘ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്ന ആശങ്കയുണ്ടാകും. അങ്ങനെയൊരു ആശങ്കയുണ്ടായാല്‍ അത് തികച്ചും യാദൃശ്ചികമാണെന്ന് പറഞ്ഞുകൊള്ളട്ടെ.
 
കുമ്പിടി അഥവാ കുടുമ്പിയുടെ അവസ്ഥയിലായിപ്പോകുന്നു പലപ്പോഴും മോഹന്‍ലാലിന്‍റെ കഥാപാത്രം. അവിടെയുമുണ്ട് ഇവിടെയുമുണ്ട് എന്നതാണ് സ്ഥിതി. ഭാര്യയായ അഞ്ജലിക്ക് ജയമോഹന്‍ ഒരു കമ്പ്യൂട്ടര്‍ സെയില്‍‌സ്മാനാണ്. തയ്യല്‍‌ക്കാരന്‍ ഒരു നോവലിസ്റ്റുമാണ് എന്നുപറയുന്നതുപോലെ അയാള്‍ ഒരു രഹസ്യാന്വേഷകനുമാണ്. ഭാര്യയ്ക്കുണ്ടോ രഹസ്യാന്വേഷണവും തീവ്രവാദവും മനസിലാകുന്നു. അവള്‍ സംശയം നിറച്ച മനസുമായി ജയമോഹനെ പിന്തുടരുന്നു. 
 
സ്പൂഫ് സിനിമകളുടെ ആരാധകര്‍ക്ക് ക്ലീഷേകളുടെ വസന്തമാണ് ലൈലാ ഓ ലൈലാ സമ്മാനിക്കുന്നത്. നമ്മള്‍ വന്ദനം മുതല്‍, ഒരുപക്ഷേ അതിനൊക്കെ മുമ്പുമുതല്‍ കാണാന്‍ തുടങ്ങിയതാണ് ബോംബു നിര്‍വീര്യമാക്കല്‍ കളിയിലെ പച്ചവയര്‍ ചുവന്നവയര്‍ കണ്‍‌ഫ്യൂഷന്‍. ജോഷിയെപ്പോലൊര്‍ സംവിധായകന്‍ ഈ 2015ലും അതില്‍നിന്ന് മാറിച്ചിന്തിക്കുന്നില്ല എന്നത് നിരാശയുണര്‍ത്തുന്നു. 
 
അല്ലു അര്‍ജുന്‍റെ സിനിമകള്‍ മുറയ്ക്ക് മുറയ്ക്ക് ഡബ്ബ് ചെയ്ത് മലയാളത്തില്‍ എത്തുന്നുണ്ട്. അതിലെ സംഭാഷണങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ സിനിമ കാണണോ ആത്മഹത്യ ചെയ്യണോ എന്ന തോന്നലുണ്ടാകും. ഏതാണ്ട് അതേ തോന്നലാണ് ലൈലയിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോഴും. ഡയലോഗ് പെരുമഴയാണ് സിനിമയെങ്കിലും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരു നല്ല സംഭാഷണം പോലുമില്ല. 
 
പാട്ട്, ഡാന്‍സ് വിഭാഗമാണെങ്കില്‍ ദയനീയമാണെന്ന് പറയാം. പശ്ചാത്തലസംഗീതത്തിന് ദേശീയ അവാര്‍ഡ് നേടിയ ഗോപി സുന്ദര്‍ അക്ഷരാര്‍ത്ഥത്തില്‍ വെറുപ്പിക്കുകയാണ് ഈ സിനിമയില്‍. ഒരു ഗാനരംഗത്തില്‍ മാത്രം അമല പോളിന്‍റെ പ്രകടനം സഹിക്കാം. കഥാപാത്രത്തെക്കുറിച്ചും പെര്‍ഫോമന്‍സിനെക്കുറിച്ചുമൊക്കെ അധികം പറയേണ്ടതില്ല. മോഹന്‍ലാലിന് പ്രത്യേകിച്ച് ഒരു ഗുണവും ഈ സിനിമ നല്‍കുന്നില്ല. 
 
ഇതൊരു ജോഷിച്ചിത്രമാണ് എന്നതാണ് ലൈലാ ഓ ലൈലാ കണ്ടിറങ്ങിമ്പോള്‍ നിരാശയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. ജോഷി മലയാളത്തിലെ ഏറ്റവും പ്രതിഭയുള്ള സംവിധായകനാണ്. ന്യൂഡല്‍ഹിയും നായര്‍സാബും കൌരവരും ട്വന്‍റി20യും ലേലവും പത്രവുമെല്ലാം ഓര്‍മ്മയില്‍ തിളങ്ങിനില്‍ക്കുന്നു. ലൈല അദ്ദേഹത്തിന് പറ്റിയ മറ്റൊരു കൈയബദ്ധം എന്ന് കരുതാനാണിഷ്ടം. ജോഷി ചതിക്കില്ലെന്നും എത്രയും വേഗം ഫോമിലേക്ക് തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കാം.

റേറ്റിംഗ്: 2/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :