പുള്ളിക്കാരന്‍ രാജകുമാരന്‍ ആണ്, സ്റ്റാറുമാണ്! - ഒരു പക്കാ ഫീല്‍ ഗുഡ് മൂവി!

പേരുപോലെ തന്നെ ‘പുള്ളിക്കാരന്‍ സ്റ്റാറാ‘

aparna| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (15:27 IST)
‘ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച് ദൈവം വിശ്രമിച്ച ഏഴാം നാള്‍' എന്ന ടാഗ് ലൈനില്‍ എത്തിയ സെവന്ത് ഡേ എന്ന ചിത്രം ഒരു മികച്ച ത്രില്ലര്‍ അനുഭവം തന്നെയായിരുന്നു. ഒരു നവാഗത സംവിധായകനില്‍ നിന്നും ലഭിച്ച കൈനീട്ടം തന്നെയായിരുന്നു ആ ചിത്രം. മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം അതേസംവിധായകന്‍ വീണ്ടുമെത്തുകയാണ്. നായകന്‍ മമ്മൂട്ടി. കഥയും കഥാരീതിയും ആദ്യത്തേതില്‍ നിന്നും നേര്‍ വിപരീതം. ആ സംവിധായകന്റെ പേര് ശ്യാംധര്‍.

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം ആരംഭിച്ചു. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ടൂണില്‍ നിന്നും മാറി എങ്ങനെയാണ് ഒരു പക്കാ ഫാമിലി ചിത്രം ഒരുക്കുന്നതെന്ന സംശയത്തിനുള്ള ഉത്തമ ഉദാഹരണമാണ് ശ്യാംധറും. ഈ മമ്മൂട്ടിച്ചിത്രവും.

അയാള്‍ രാജകുമാരന്‍ ആണ്. രാജാവിന്റെ മകനൊന്നുമല്ല. എന്നിട്ടും അയാളെ എല്ലാവരും രാജകുമാ‍രന്‍ എന്ന് വിളിച്ചു. അമ്മ കണ്ടിട്ട പേര്. സുന്ദരനാണ്. സുന്ദരനായ രാജകുമാരനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.
ഒരു ഇടുക്കി സ്വദേശിയുടെ കഥയാണ് ശ്യാംധര്‍ പറയുന്നത്. യാത്രയെ ഒരുപാടിഷ്ടപെടുന്ന അധ്യാപകനായ ഒരു ഇടുക്കിക്കാരന്റെ കഥ.

സിനിമയുടെ ആദ്യപകുതി എല്ലാവരേയും ചിരിപ്പിക്കും. ബോറടി ഇല്ലാതെ ആദ്യപകുതി കണാന്‍ സാധിക്കും. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ കാരണം പേരുദോഷം ഉണ്ടാകുന്ന രാജകുമാരന്‍ അവിവാഹിതനാണ്. ഈ ഒരു കാരണം കൊണ്ടാകാം കല്യാണമൊന്നും ശരിയായി വരുന്നില്ല. കൊച്ചിയിലെ ടീച്ചേഴ്സ് ട്രെയിനിങ്ങ് സ്ക്ലിലെ അധ്യാപകരെ പഠിപ്പിക്കുന്നതിനായി രാജകുമാരന്‍ കൊച്ചിയിലെത്തുന്നു. അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ രാജകുമാരന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. അത് എല്ലാ സിനിമയിലും കണ്ടു വരുന്ന സംഭവം തന്നെ. വളരെ ലളിതവും സുന്ദരവുമായ കഥയാണ് രാജകുമാരന്റേത്. കണ്ടിരിക്കാന്‍ ഒരു സുഖമൊക്കെയുണ്ട്.

രസികനും എനര്‍ജ്റ്റികുമായ നായകനാണ് മമ്മൂട്ടി ഇതില്‍. സാധാരണ പോലെ തന്നെ മിന്നുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ഇന്നസെന്റും മമ്മൂട്ടിയും ഒരുമിച്ചപ്പോഴൊക്കെ തീയേറ്റര്‍ നിറഞ്ഞ് ചിരിയായിരുന്നു. കോമഡിയുടെ കാര്യത്തില്‍ ‘ഞാന്‍ ഒന്നാമതെത്തും’ എന്നൊരു വാശി പോലെയായിരുന്നു ഇരുവരുടെയും സംഭാഷണങ്ങള്‍. ദിലീഷ് പോത്തനും മോശമൊന്നുമല്ല. പിന്നെ, ഹരീഷിന്റെ ടൈമിങ്ങ് അപാരം തന്നെ.

രണ്ട് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. മഞ്ജരി ടീച്ചറും മഞ്ജിമയും. ഇതില്‍ മഞ്ജരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ആശ ശരത്
മികവുറ്റ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. അതീവ സുന്ദരിയുമായിരുന്നു നായികമാര്‍ രണ്ടാളും. പക്ഷേ, രാജകുമാരന്റെ സൌന്ദര്യത്തില്‍ അതെല്ലാം അലിഞ്ഞില്ലാതായതു പോലെ. നൂറ് ശതമാനം മമ്മൂട്ടിയെന്ന നടനെ ഉപയോഗിക്കാന്‍ ശ്യാംധറിനു സാധിച്ചു.

വിനോദ് ഇല്ലം‌പള്ളിയുടെ ദൃശ്യങ്ങള്‍ അതിമനോഹരമായിരുന്നു. സംഗീതം ശരാശരിയില്‍ ഒതുങ്ങി. ചില ഗാനരംഗങ്ങള്‍ അറു ബോറനായി തോന്നി. ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നിന്നു. രതീഷ്
രാജിന്റെ എഡിറ്റിങ്ങും മോശമായിരുന്നില്ല. ഒരു പിടി നല്ല ഉപദേശങ്ങള്‍ക്കൊപ്പം നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന ഒരു മികച്ച തന്നെയാണ് പുള്ളിക്കാരന്‍ സ്റ്റാറാ.

എന്നാല്‍, രണ്ടാം പകുതുയില്‍ എത്തുമ്പോള്‍ ചിലയിടത്ത് വിരസത അനുഭവപ്പെടാറുണ്ട്. രണ്ടാം പകുതിയിലെ ഇമോഷണല്‍ സീന്‍ എല്ലാം നിലവാരമുള്ളതായിരുന്നു. കഥ വലിച്ചു നീട്ടുന്നത് പോലെ ഇടയ്ക്ക് തോന്നും. എന്നാല്‍, ചിരിക്കൊപ്പം ചിന്തിക്കാനുള്ളതുമായ ചില സന്ദര്‍ഭങ്ങള്‍ വരുന്നതോടെ ആ പ്രശ്നം ഒരു പ്രശ്നമേ അല്ലാതാകും. എന്താണ് ക്ലൈമാക്സ് എന്ന് ചിലര്‍ക്ക് മനസ്സിലാകുമെങ്കിലും ക്ലൈമാക്സ്‌ കഴിയുമ്പോള്‍ ഒരു ഫീല്‍ ഗുഡ് മൂവിയുടേതായ എല്ലാ ചേരുവകളും ചേര്‍ന്ന ഒരു പക്കാ ഫാമിലി ചിത്രം കണ്ട സംതൃപ്തി പ്രേക്ഷകന് ലഭിക്കും. എന്തായാലും ഊ ഓണത്തിന് പുള്ളിക്കാരനെ കാണാന്‍ ധൈര്യപൂര്‍വ്വം ടിക്കറ്റെടുക്കാം.

റേറ്റിംഗ്: 4/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :