നീന - മനോഹരമായ ചലച്ചിത്രാനുഭവം

നീന നിരൂപണം, നീന, ലാല്‍ ജോസ്, ദീപ്തി സതി, വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍, ദക്ഷിണ ബേദി
ദക്ഷിണ ബേദി| Last Modified ശനി, 16 മെയ് 2015 (17:28 IST)
ഒരു നായികയെക്കൂടി മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിരിക്കുന്നു ലാല്‍ ജോസ്. ദീപ്തി സതി. നന്നായി അഭിനയിക്കാനറിയാവുന്ന കുട്ടി. ‘നീ-ന’ കണ്ടിറങ്ങുന്നവരുടെ മനസിന്‍റെ ഉള്ളറകളില്‍ ദീപ്തി സതിയുടെ കഥാപാത്രം ഏറെക്കാലം ജീവിക്കും.

ലാല്‍ ജോസിന്‍റെ ‘നീ-ന’ പുതിയ അനുഭവം സമ്മാനിക്കുന്ന സിനിമയാണ്. തീര്‍ച്ചയായും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന സിനിമയില്‍ പക്ഷേ ഒരു പുരുഷ കഥാപാത്രവും കൈയടി നേടുന്നു. നീന(ദീപ്തി സതി)യ്ക്കും നളിനി(ആന്‍ അഗസ്റ്റിന്‍)ക്കും ഇടയില്‍ പെട്ടുപോകുന്ന വിനയ് പണിക്കര്‍(വിജയ് ബാബു). അതെ, ഇത് വിനയ് പണിക്കരുടേ കഥ കൂടി പറയുന്ന സിനിമയാണ്.

ഈ കാലഘട്ടത്തിന്‍റെ പെണ്‍‌കഥാപാത്രമാണ് നീന. അവള്‍ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും പ്രതികരിക്കേണ്ടയിടത്ത് പ്രതികരിക്കുകയും ചെയ്യുന്നവളാണ്. മൈത്രി എന്ന പരസ്യ ഏജന്‍സിക്കുവേണ്ടിയാണ് അവള്‍ ജോലി ചെയ്യുന്നത്. അവളുടെ ബോസ് വിനയ് പണിക്കര്‍ ആവട്ടെ, ഒരു പാവം മനുഷ്യന്‍. മൃദുഭാഷിയായ ആള്‍. ഭാര്യ നളിയ്ക്കും ഒറ്റമകനുമൊപ്പം നല്ല കുടുംബജീവിതം നയിക്കുന്നയാള്‍.

നീനയുടെ വിപരീതദിശയിലാണ് നളിനി. അവള്‍ വളരെ ഓര്‍ത്തഡോക്സാണ്. സദാചാര മൂല്യങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെ ഏറെ ചിന്തിക്കുന്നവള്‍. ഈ പരസ്പരവിരുദ്ധ കഥാപാത്രങ്ങളുടെ ഇടയിലായിപ്പോകുന്നു വിനയ് പണിക്കരുടെ ജീവിതം.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്

സമീപകാലത്ത് ഒരു പുതുമുഖതാരവും ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടില്ല. ദീപ്തി സതി അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയ്ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം. എന്ന താന്തോന്നിക്കഥാപാത്രമായി തകര്‍ത്തഭിനയിച്ചിരിക്കുകയാണ് ദീപ്തി. വിനയ് പണിക്കരായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് വിജയ് ബാബു നടത്തിയിരിക്കുന്നത്. നളിനിയെന്ന പക്വതയുള്ള നായികാകഥാപാത്രത്തെ ഉജ്ജ്വലമാക്കിയിരിക്കുകയാണ് ആന്‍ അഗസ്റ്റിന്‍. ആര്‍ട്ടിസ്റ്റിന് ശേഷം ആനിന്‍റെ ഗംഭീര പെര്‍ഫോമന്‍സ് ഈ ചിത്രത്തില്‍ കാണാം.

ക്ലീഷേ വിമുക്തമായ ഒരു കഥയും മനോഹരമായ തിരക്കഥയും സമ്മാനിച്ചിരിക്കുന്നത് ഒരു പുതുമുഖ എഴുത്തുകാരനാണ് - ആര്‍ വേണുഗോപാല്‍. തിരക്കഥയെ ഒരു പടികൂടി മികച്ച രീതിയില്‍ വിഷ്വലൈസ് ചെയ്ത് പുതിയ എക്സ്പീരിയന്‍സ് സമ്മാനിക്കുകയാണ് ലാല്‍ ജോസ്. വിഷയവൈവിധ്യങ്ങള്‍ കൊണ്ട് വീണ്ടും വിസ്മയിപ്പിക്കുന്നു അദ്ദേഹം.

നവാഗതനായ നിഖില്‍ ജെ മേനോനാണ് നീ-നയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘ഐ റിമംബര്‍ യു’ എന്ന ഇംഗ്ലീഷ് ഗാനമാണ് പ്രേക്ഷകന്‍റെ കൂടെപ്പോരുന്നത്. ശക്തിശ്രീ ഗോപാലന്‍റെ ആലാപനം ആസ്വാദകരെ വശീകരിക്കും. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം.

ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. സ്ക്രീനില്‍ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ കഴിയാത്തവിധം ആകര്‍ഷകമാണ് ഛായാഗ്രഹണം. ബന്ധങ്ങളുടെ സങ്കീര്‍ണമായ കഥ പറയുന്ന സിനിമയ്ക്ക് ഏറ്റവും ഉതകുന്ന ക്യാമറാദൃശ്യങ്ങളാണ് ജോമോന്‍ നല്‍കുന്നത്.

റേറ്റിംഗ്: 4/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :