കനല്‍ - നിരൂപണം

Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2015 (15:24 IST)
പ്രതികാരകഥകള്‍ മലയാളത്തില്‍ വന്‍ വിജയമായ ചരിത്രം ഇഷ്ടം പോലെയുണ്ട്. താഴ്‌വാരം, ഇതാ ഇവിടെ വരെ തുടങ്ങിയവ ഏറ്റവും വലിയ ഉദാഹരണങ്ങള്‍. അല്ലെങ്കില്‍ തന്നെ ന്യൂ ജനറേഷന്‍ സിനിമാക്കാലത്ത് പ്രതികാരകഥ പറയുന്ന ബാഹുബലി കോടികള്‍ വാരിയത് ഈ പ്രമേയത്തിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. ആ പ്രതീക്ഷയിലാണ് മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ‘കനല്‍’ കാണാന്‍ തിയേറ്ററിലെത്തിയത്. ജനസമുദ്രമായിരുന്നു തിയേറ്ററില്‍. മോഹന്‍ലാല്‍ സിനിമകള്‍ റിലീസാകുമ്പോള്‍ തിയേറ്ററിനുമുമ്പിലെ ജനക്കൂട്ടത്തെ വീക്ഷിക്കുന്നതുതന്നെ രസകരമായ കാര്യമാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം അപ്രതീക്ഷിതമായതെന്തോ നല്‍കാന്‍ പോകുന്നു എന്ന ആകാംക്ഷയില്‍ വന്നെത്തിയ ജനക്കൂട്ടം.
 
ഗംഭീര തുടക്കമാണ് സിനിമയ്ക്ക്. പൃഥ്വിരാജാണ് ഇന്‍‌ട്രൊഡക്ഷന്‍. അതുകൊണ്ടുതന്നെ വലിയ ഊര്‍ജ്ജം സിനിമയ്ക്ക് ലഭിച്ചെന്ന് പറയാം. റിസഷന്‍ ഇന്ത്യയെ വലുതായി ബാധിച്ചില്ലെന്ന് നമ്മുടെ നേതാക്കന്‍‌മാരൊക്കെ പറയുന്നുണ്ട്. എന്നാല്‍ ലോകരാജ്യങ്ങളെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ ജനതയെയും പ്രതികൂലമായി ബാധിച്ചു എന്നതാണ് സത്യം. മറ്റ് രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ട എത്ര ഇന്ത്യക്കാരുണ്ടാകും? അതൊക്കെ ‘കനല്‍’ എന്ന സിനിമയ്ക്ക് പശ്ചാത്തലമാകുന്നുണ്ട്. എന്നാല്‍, കനല്‍ പൂര്‍ണമായും ജോണ്‍ ഡേവിഡ്(മോഹന്‍ലാല്‍) എന്ന മനുഷ്യന്‍റെയും അയാള്‍ അവിചാരിതമായി കണ്ടുമുട്ടുന്ന അനന്തരാമന്‍റേ(അനൂപ് മേനോന്‍)തുമാണ്.
 
താഴ്വാരത്തിന്‍റെ ക്ലാസിലേക്ക് വരുന്നില്ലെങ്കിലും കനല്‍ കണ്ടിരിക്കാവുന്ന ഒരു റിവഞ്ച് ഡ്രാമയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എനിക്കിഷ്ടപ്പെട്ട ചിത്രമാണ്. അതിനുമേലെയാണ് കനല്‍. ശിക്കാറെഴുതിയ എസ് സുരേഷ് ബാബു തന്നെയാണ് കനലിനും തൂലിക ചലിപ്പിച്ചിരിക്കുന്നത്.
 
രണ്ട് അപരിചിതര്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും ദുരൂഹമായ ഫ്ലാഷ്ബാക്കുകളുണ്ട്. ഒരു പോയിന്‍റില്‍ വച്ച് അവരുടെ പ്രശ്നങ്ങള്‍ കൂടിക്കലരുന്നു. മോഹന്‍ലാലും അനൂപ് മേനോനും ചേര്‍ന്ന് അവിസ്മരണീയമായ ചില അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട് സിനിമയില്‍. ഇരുവരും ഒരുമിക്കുന്ന രംഗങ്ങളൊക്കെ ഉദ്വേഗത്തോടെ മാത്രം കണ്ടിരിക്കാവുന്നതാണ്.
 
കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
 
ബിസിനസുകാരന്‍ കുരുവിള മാത്യുവായി അതുല്‍ കുല്‍ക്കര്‍ണിയും തിളങ്ങുന്നു. എന്നാല്‍ മോഹന്‍ലാലിനോ അനൂപിനോ അല്ലാതെ മറ്റൊരാള്‍ക്കും സ്പേസില്ലാത്ത ഒരു കഥയാണ് ഇത്തവണ പദ്മകുമാര്‍ പറയുന്നത്. ജോണ്‍ ഡേവിഡ് എന്ന അനിമേറ്ററുടെ വിവിധ ജീവിത ഘട്ടങ്ങള്‍ മോഹന്‍ലാല്‍ ഗംഭീരമാക്കി. ഇന്‍റര്‍വെല്ലില്‍ ശരിക്കും കിടുങ്ങിപ്പോകുന്ന പെര്‍ഫോമന്‍സാണ് ലാല്‍ കാഴ്ചവച്ചത്. തിയേറ്ററില്‍ കൈയടിയുടെ പൂരം.
 
ഹണി റോസും ഷീലു ഏബ്രഹാമുമാണ് നായികമാര്‍. അവര്‍ക്ക് വലിയ പ്രാധാന്യമൊന്നും നല്‍കിയിട്ടില്ല. നികിതയാണ് മറ്റൊരു നായികാസാന്നിധ്യം. പ്രതാപ് പോത്തന് ശ്രദ്ധേയമായ കഥാപാത്രമാണ്. ഇന്നസെന്‍റിന് കാര്യമായൊന്നും ചെയ്യാനില്ല. 
 
ഒരു സംവിധായകന്‍ എന്ന നിലയില്‍ പത്മകുമാര്‍ ഏറെ മുന്നേറിയിരിക്കുന്നു കനലില്‍. നല്ല തിരക്കഥ ലഭിച്ചാല്‍ ഉജ്ജ്വലമായ സിനിമകളെടുക്കാല്‍ കെല്‍പ്പുണ്ടെന്ന് കനലിലെ ചില രംഗങ്ങള്‍ സാക്‍ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇനിയും നന്നാക്കാവുന്ന ഒരു തിരക്കഥയായിരുന്നു കനലിന്‍റേത്. കഥയുടെ പിരിമുറുക്കം അതിന്‍റെ മാക്സിമം നില്‍ക്കുന്ന ഘട്ടങ്ങളില്‍ എസ് സുരേഷ്ബാബു അല്‍പ്പം അലസത കാട്ടിയോ എന്ന് സംശയം. ഒരു ത്രില്ലറിന് ഒട്ടും യോജിക്കാത്ത ഗാനങ്ങളാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ. എന്നാല്‍ ഔസേപ്പച്ചന്‍റെ പശ്ചാത്തല സംഗീതം ഒന്നാന്തരമാണ്. സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതില്‍ പശ്ചാത്തലസംഗീതം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
 
വിനോദ് ഇല്ലമ്പിള്ളിയുടെ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാമിന്‍റെ എഡിറ്റിംഗും നന്നായി. ഇടയ്ക്ക് വലിയ ഇഴച്ചിലിലേക്ക് വഴുതിവീഴുമായിരുന്ന രംഗങ്ങളെ രക്ഷപ്പെടുത്തുന്നത് രഞ്ജന്‍ ഏബ്രഹാമിന്‍റെ മൂര്‍ച്ചയുള്ള കത്തിയാണ്.
 
നവരാത്രിക്കാലത്ത് ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന ഒരു ത്രില്ലറാണ് മോഹന്‍ലാലും പത്മകുമാറും സമ്മാനിച്ചിരിക്കുന്നത്. സ്ഥിരം തമാശച്ചിത്രങ്ങള്‍ക്കിടയില്‍ ഈ കനല്‍ക്കാഴ്ച വ്യത്യസ്തമായ ഒരനുഭവം തന്നെയായിരിക്കും.
 
റേറ്റിംഗ്: 3/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :