മാസ്... മരണമാസ്, പക്കാ ഫൺ എനർജി പാക്ക്; വെന്നിക്കൊടി പാറിച്ച് മധുരരാജ !

എസ് ഹർഷ| Last Updated: വെള്ളി, 12 ഏപ്രില്‍ 2019 (14:33 IST)
കാത്തിരിപ്പിനൊടുവിൽ റിലീസായി. വൈശാഖ് എന്ന നവാഗത സംവിധായകനെ കൈപിടിച്ചുയർത്തിയ മമ്മൂട്ടിക്ക് സംവിധായകൻ നൽകുന്ന ഗുരുദക്ഷിണയായി കാണാം നമുക്ക് ഈ സിനിമയെ. അതേ, 9 വർഷങ്ങൾക്ക് മുൻപ് വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ പോക്കിരിരാജയിലെ ‘രാജ’ വീണ്ടും വന്നിരിക്കുകയാണ്.

വിഷുക്കാലം ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുന്ന ഫാമിലി പ്രേക്ഷകരെ തന്നെയാണ് വൈശാഖ് ലക്ഷ്യമിടുന്നത്. മാസ് സിനിമയെന്ന് കേൾക്കുമ്പോൾ ഇന്നത്തെ കാലത്ത് മലയാളികളുടെ മനസിലേക്ക് ഓടിയെത്തുക ‘പുലിമുരുകൻ’ ആയിരിക്കും. ആ സ്ഥാനത്ത് ഇനി മധുരരാജയുമുണ്ടാകുമെന്ന് നിസംശയം പറയാം. വൈശാഖ് വീണ്ടും തെളിയിക്കുകയാണ് മാസ് സിനിമകളുടെ രാജാവാണ് താനെന്ന്.

9 വർഷം മുൻപ് വന്ന ‘രാജ’ തന്നെയല്ലേ ഇതെന്ന് കാണുന്നവർക്ക് തോന്നിയേക്കാം. അങ്ങനെ സംശയിക്കുന്നവർക്കുള്ള ഉത്തരമാണ് മധുരരാജ. മധുരരാജയിൽ എടുത്ത് പറയേണ്ടത് മമ്മൂട്ടിയുടെ ആക്ഷൻ ആണ്. കഴിഞ്ഞ കുറേ വർഷങ്ങളായി സംഘട്ടന രംഗങ്ങളുടെ പേരിൽ ഒരുപാട് വിമർശനത്തിന് വിധേയനാകേണ്ടി വന്നയാളാണ് അദ്ദേഹം. എന്നാൽ, മധുരരാജ കണ്ടതിനു ശേഷവും ‘മമ്മൂട്ടിക്ക് ആക്ഷൻ അറിയില്ല. വഴങ്ങില്ല’ എന്നൊക്കെ പറയുന്നവരുണ്ടെങ്കിൽ ഉറപ്പിക്കാം, അവർ ഒരു മമ്മൂട്ടി ഹേറ്റർ ആയിരിക്കും. അഭിനയത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് മമ്മൂട്ടി.

ഉദയ് ക്രിഷ്ണയുടെ തിരക്കഥയാണ് മറ്റൊരു പ്ലസ് പോയിന്റ്. മാസിനും കോമഡിക്കും ആക്ഷനും ഒപ്പം കുടുംബ പ്രേക്ഷകരേയും എൻ‌ഗേജ്‌ഡ് ആക്കുന്ന തിരക്കഥയാണ് ഉദയ് ഒരുക്കിയിരിക്കുന്നത്. എടുത്ത് പറയേണ്ടുന്ന ഒന്ന്, സിനിമയുടെ സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗും ആണ്. ഗോപി സുന്ദറിന്റേതാണ് മ്യൂസിക്. ട്രെയ്ലറിൽ മ്യൂസിക് ഇഷ്ട്ടമാകാത്തവർക്ക് പടം കണ്ട് തുടങ്ങുമ്പോൾ ആ പരാതിയും മാറും.

ഒരു മാസ് ചിത്രമെന്ന് പറയുമ്പോൾ ഗംഭീര ആക്ഷനും സ്ലോ മോഷനുമൊക്കെയാകും പ്രാധാന്യം. എന്നാൽ, ഇവിടെ വൈശാഖും ഉദയും മനഃപൂർവ്വം ചെറുതല്ലാത്ത പ്രാധാന്യം നൽകുന്നത് സെന്റിമെന്റ്സിനും കൂടിയാണ്. മെഗാസ്റ്റാർ എന്ന താരത്തിനൊപ്പം മമ്മൂട്ടിയെന്ന നടനെയും ഒന്ന് രണ്ട് സീനുകളിൽ പ്രതിഫലിപ്പിക്കാൻ വൈശാഖിനു കഴിഞ്ഞിട്ടുണ്ട്.

ചെറിയ സമയം മാത്രമാണെങ്കിലും സുരാജ് വെഞ്ഞാറമൂടിനു ലഭിച്ച കൈയ്യടി വലുതായിരുന്നു. മഹിമ നമ്പ്യാർ, ജയ്, അനുശ്രീ, ലിച്ചി തുടങ്ങി എല്ലാവരും തങ്ങളുടെ റോളുകൾ മികവുറ്റതാക്കി. വില്ലനായി എത്തിയ ജഗപതി ബാബുവിന്റെ അഭിനയവും എടുത്ത് പറയേണ്ടത് തന്നെ. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവൻ എന്നേ ഒറ്റവാക്കിൽ പറയാനാകൂ.

അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് പീറ്റർ ഹെയ്‌ൻ എന്ന സ്റ്റണ്ട് മാസ്റ്റർ മലയാളത്തിലേക്ക് വന്നത്. ശേഷം നിരവധി സിനിമകളിൽ അദ്ദേഹം ഭാഗമായി. പുലിമുരുകനിലും ഒടിയനിലും ആക്ഷൻ കൈകാര്യം ചെയ്തത് പീറ്റർ തന്നെയാണ്. എന്നാൽ, അതിനും ഒരു പടി മുന്നിലാണ് മധുരരാജയെന്ന് പറയാതിരിക്കാനാകില്ല. മറ്റ് സിനിമകളെ അപേക്ഷിച്ച് 95 ശതമാനം റിയലായി, ലൈവായി ചിത്രീകരിച്ച ആക്ഷൻ സീനുകളാണ് മധുരരാജയിലേത് എന്നതാണ് പ്രത്യേകത.


ചുരുക്കി പറഞ്ഞാൽ ഒരു ഫൺ ഫാമിലി പാക്കേജ് തന്നെയാണ് മധുരരാജ. ഇടയ്ക്ക് ക്ലൈമാക്സ്‌ ഫൈറ്റിന്റെ ലെങ്ത് കുറച്ച് കൂടി കൂട്ടാമായിരുന്നു എന്ന അഭിപ്രായമാണ് റിലീസിന് ശേഷം ഉയരുന്ന ഏക പോരായ്മ. ഇനിയും ഒരുപാട് അങ്കത്തിനുള്ള സാധ്യതകൾ നൽകിയാണ് വൈശാഖ് അവസാനിപ്പിക്കുന്നത്.

(റേറ്റിംഗ്: 3.5/5)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :