‘എന്‍റെ ആമി ഇങ്ങനെയല്ല’ എന്ന് ആര്‍ത്തുവിളിച്ചവര്‍ ‘ആമി’ കാണണം - ആമി നിരൂപണം

Aami, Aami Review, Aami Film Review, Aami Malayalam Movie Review, Madhavikkutty, Kamaladas, Kamal, Vidya Balan, Manju, Manju Warrier,  ആമി, ആമി നിരൂപണം, ആമി റിവ്യു, ആമി റിവ്യൂ, മാധവിക്കുട്ടി, കമലാദാസ്, കമല്‍, വിദ്യാബാലന്‍, മഞ്ജു, മഞ്ജു വാര്യര്‍
ജീന അമല്‍| Last Updated: ചൊവ്വ, 20 ഫെബ്രുവരി 2018 (12:18 IST)
പ്രണയത്തിരയായിരുന്നു ആമിയെന്ന മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമല സുരയ്യ എന്ന എഴുത്തുകാരിയുടെ ജീവിതം നിറയെ. പ്രണയത്തിര അടിച്ചുയരുന്ന മനസുമായി ജീവിച്ച മലയാളത്തിന്‍റെ ലോകസാഹിത്യകാരിക്ക് സംവിധായകന്‍ കമല്‍ നല്‍കുന്ന പ്രണാമമാണ് ‘ആമി’ എന്ന ചലച്ചിത്രം.

ഒരുപാട് വിവാദങ്ങള്‍ ഈ സിനിമയെ ചുറ്റിപ്പറ്റിയുണ്ടായി. അതെല്ലാം നമുക്ക് മറക്കാം. അങ്ങനെ മറക്കാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം ആ പഴയ കമലിനെ ഈ സിനിമയിലൂടെ തിരിച്ചുകിട്ടി എന്നതാണ്. ഈ പുഴയും കടന്നിലെയും കൃഷ്ണഗുഡിയിലെയും കാക്കോത്തിക്കാവിലെയും കമല്‍ ആമിയിലൂടെ വീണ്ടും വന്നിരിക്കുന്നു. അത്ര തെളിമയും ശുദ്ധിയുമുണ്ട് ആമി എന്ന ചിത്രത്തിന്.

മഞ്ജുവാര്യര്‍ ആമിയാകുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ‘എന്‍റെ ആമി ഇങ്ങനെയല്ല’ എന്ന് സോഷ്യല്‍മീഡിയയില്‍ കൂവിവിളിച്ചവര്‍ ചിത്രം ആദ്യദിനം തന്നെ കാണണം. മാധവിക്കുട്ടിയായി മഞ്ജു എങ്ങനെയാണ് പെരുമാറിയിരിക്കുന്നത് എന്ന് സ്ക്രീനില്‍ നേരിട്ട് കാണണം. മലയാളത്തിന്‍റെ ഏറ്റവും വലിയ എഴുത്തുകാരിയുടെ സാമീപ്യം നമ്മള്‍ അനുഭവിക്കും. അത്ര ഗംഭീരമായിരിക്കുന്നു. ഭാഷയില്‍, നോട്ടത്തില്‍, നില്‍പ്പില്‍, നടപ്പില്‍ എല്ലാം മഞ്ജു മാധവിക്കുട്ടി തന്നെ.

മഞ്ജുവിന്‍റെ പ്രകടനത്തിനൊപ്പം എന്‍റെ മനസില്‍ വന്നുനിറഞ്ഞത് ടോവിനോ തോമസിന്‍റെ കഥാപാത്രമാണ്. ആമിയുടെ ഉള്ളിന്‍റെയുള്ളിലെ പ്രണയകല്‍പ്പനയാണ് ആ കഥാപാത്രം. മാധവിക്കുട്ടിയുടെ കൃഷ്ണസങ്കല്‍പ്പത്തിന് ടോവിനോയേക്കാള്‍ നല്ല രൂപം ആരുടേതാണ്? എത്രമനോഹരമാണ് ടോവിനോ സ്ക്രീനില്‍ വരുന്ന മുഹൂര്‍ത്തങ്ങള്‍ !

പുന്നയൂര്‍ക്കുളത്തിന്‍റെ നന്‍‌മയാണ് ആദ്യപകുതിയുടെ മേന്‍‌മയെന്ന് പറയുന്നത്. പിന്നീട് കമല മുംബൈയിലേക്കും കൊല്‍ക്കത്തയിലേക്കും പോകുമ്പോള്‍ അന്ന് മലയാളികള്‍ അനുഭവിച്ച വേദന വീണ്ടും അനുഭവിപ്പിക്കാന്‍ കമലിന് കഴിയുന്നു. ആ കാലങ്ങളില്‍ കമല അനുഭവിച്ച ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ ‘ആമി’യെന്ന ചലച്ചിത്രം കാണുകയാണെന്ന് മറന്നുപോകുന്നു. നമ്മള്‍ വീണ്ടും കമലയുടെ കാലഘട്ടത്തില്‍ ജീവിക്കുകയാണ്!

അനൂപ് മേനോനും മുരളി ഗോപിയും ഉള്‍പ്പടെയുള്ളവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കേണ്ടതില്ല. അതിനൊക്കെയപ്പുറം ഈ സിനിമ നമ്മെ തൊടുന്നത് അത് പകര്‍ന്നുനല്‍കുന്ന അവാച്യമായ മലയാളിത്തം കൊണ്ടാണ്. കമലയുടെ ഒരു കവിതപോലെയാണ് കമലിന്‍റെ ആമിയെന്ന സിനിമ. കവിത പോലെ മനോഹരം. പശ്ചാത്തല സംഗീതവും ഗാനങ്ങളും അതിഗംഭീരം.

മലയാളത്തിന്‍റെ മഹാസാഹിത്യകാരിക്ക് നല്‍കാവുന്ന ഏറ്റവും നല്ല അര്‍ച്ചനയാണ് ഈ സിനിമ. വിവാദങ്ങളെയും വേട്ടയാടലുകളെയും അതിജീവിച്ച് കമല്‍ ഈ ചിത്രം നമുക്ക് സമ്മാനിച്ചല്ലോ. അതിന് നന്ദി പറയാം ആദ്യം.

റേറ്റിംഗ്: 3.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :