പുതിയ കാഴ്ച, പുതിയ അനുഭവം - കര്‍മ്മ കാര്‍റ്റെല്‍ !

കര്‍മ്മ കാര്‍റ്റെല്‍, ജിനു, പ്രേമം, വിനയ് ഫോര്‍ട്ട്, സുരേഷ്ഗോപി
അഞ്ജലി മേടയില്‍| Last Updated: ശനി, 8 ഓഗസ്റ്റ് 2015 (18:02 IST)
മലയാള സിനിമ മാറുകയാണ്. വികാരവിക്ഷോഭങ്ങളുടെ തമിഴ് ചായ്‌വുകാലത്തില്‍ നിന്ന് റിയലിസ്റ്റിക് സിനിമകളിലേക്ക് പരിണാമപ്പെട്ടുകൊണ്ടിരിക്കുകയാണ് മലയാള സിനിമ. ഏതാണ്ട് റിഫൈന്‍ ചെയ്ത സിനിമയ്ക്കാണ് ഇന്ന് പ്രേക്ഷകരുള്ളത്. കണ്ണീരും സ്റ്റണ്ടും തമാശയും സെക്സുമെല്ലാം കുത്തിനിറച്ചുവരുന്ന പാക്കേജ് ചിത്രങ്ങളെ പുറന്തള്ളി ലളിതമായ കഥാപരിസരമുള്ള ചെറുസിനിമകളെയും പരീക്ഷണങ്ങളെയും കേരളത്തിലെ പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ക്കുന്ന കാലം.

‘കര്‍മ്മ കാര്‍റ്റെല്‍’ അത്തരം ഒരു പരീക്ഷണമാണ്. പ്രേക്ഷകരിലേക്ക് എത്തിപ്പെടാന്‍ പ്രയാസപ്പെടുകയും എത്തിപ്പെട്ടാല്‍ ആഘോഷപൂര്‍വം വാഴ്ത്തപ്പെടാന്‍ സാധ്യതയുമുള്ള സിനിമ. ഭാവിയിലെ മലയാള സിനിമയ്ക്ക് കര്‍മ്മ കാര്‍റ്റെലിന്‍റെ ശരീരഭംഗിയായിരിക്കും. അത്തരം ആത്മാവായിരിക്കും. അവന്ത് ഗാര്‍ഡേ ശൈലിയിലുള്ള ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് വിനോദ് ഭരതന്‍ ആണ്.

വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന സിദ് എന്ന അഭിനേതാവിനെ കാണാതാകുന്നിടത്തുനിന്നാണ് ‘കര്‍മ്മ കാര്‍റ്റെല്‍’ ആരംഭിക്കുന്നത്. അയാള്‍ക്ക് എന്താണ് സംഭവിച്ചതെന്ന അന്വേഷണത്തിനിടയില്‍ വന്നുചേരുന്ന കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളുമാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. പെട്ടെന്നു പണമുണ്ടാക്കാനുള്ള യുവാക്കളുടെ ആഗ്രഹമാണ് ഈ സിനിമയുടെയും പ്രധാന വിഷയം. വിനോദ് ഭരതന്‍റെ കര്‍മ്മ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യ രണ്ടുചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളായിരുന്നു.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്

കഥയിലല്ല, കഥ പറയുന്ന രീതിയിലാണ് കര്‍മ്മ കാര്‍റ്റെലിന്‍റെ പുതുമയും ശക്തിയും. തിയേറ്ററിലിരുന്ന് ആസ്വദിച്ചാല്‍ മാത്രം അനുഭവവേദ്യമാകുന്ന അനുഭൂതിയാണ് ഈ സിനിമയുടെ ഗുണം. അഭിനേതാക്കളുടെ ഗംഭീര പ്രകടനത്തിന് മികച്ച സാങ്കേതിക പിന്തുണ കൂടി ലഭിച്ചപ്പോള്‍ കര്‍മ്മ കാര്‍റ്റെല്‍ ഗംഭീരമായ ഒരു ദൃശ്യവിരുന്നായി മാറുന്നു.

നമ്മള്‍ ഇതുവരെ കണ്ടുശീലിച്ച ഛായാഗ്രഹണ രീതികളെ പൊളിച്ചെഴുതുന്നതാണ് ഈ സിനിമയുടെ ക്യാമറാ ചലനങ്ങള്‍. എഡിറ്റിംഗും വ്യത്യസ്തം. ഓരോ സീനിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മാജിക്കാണ് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കാത്തുവച്ചിരിക്കുന്നത്. സിദ് എന്ന സ്ട്രഗിളിംഗ് ആക്‍ടറായി വിനയ് ഫോര്‍ട്ട് ഉജ്ജ്വല പ്രകടനമാണ് നല്‍കിയത്. ജിനു ജേക്കബ്, സാബു മോന്‍, രൂപേഷ്, ഡേവിസ് മഞ്ഞില തുടങ്ങിയവരും കഥാപാത്രങ്ങളായി ജീവിക്കുന്നു.

റേറ്റിംഗ് - 3.5/5ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :