മമ്മൂട്ടി വീണ്ടും ഞെട്ടിക്കുന്നു, വിസ്മയം നിത്യാനന്ദ ഷേണായ്; പുത്തന്‍‌പണം ഉജ്ജ്വലം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

Mammootty, Puthan Panam, Puthen Panam, Puthen Panam - Malayalam Movie Review, Puthen Panam Movie Review, Puthen Panam Review, Puthen Panam Film Review, Puthen Panam Malayalam Review, Puthen Panam Cinema Review, Yathri Jezen, മമ്മൂട്ടി, പുത്തന്‍‌പണം റിവ്യൂ, പുത്തന്‍‌പണം, പുത്തന്‍‌പണം നിരൂപണം, പുത്തന്‍‌പണം റിവ്യു, പുത്തന്‍‌പണം സിനിമ റിവ്യു, പുത്തന്‍‌പണം ഫിലിം റിവ്യു, പുത്തന്‍‌പണം മലയാളം റിവ്യൂ, യാത്രി ജെസെന്‍
BIJU| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (15:28 IST)
ചെറിയ വിഷയങ്ങളില്‍ നിന്നാണ് വലിയ സിനിമകള്‍ ഉണ്ടാകുന്നത് എന്നത് ഏതുകാലത്തും സത്യമായ വസ്തുതയാണ്. പത്മരാജനും എംടിയും ലോഹിതദാസുമൊക്കെ മഹത്തായ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത് മനസില്‍ തൊടുന്ന ചെറിയ പ്ലോട്ടുകളില്‍ നിന്നാണ്. ആ വഴിയെയാണ് രഞ്ജിത്തും സഞ്ചരിച്ചിട്ടുള്ളത്.

രഞ്ജിത്തിന്‍റെ വമ്പന്‍ ഹിറ്റുകളായ പല സിനിമകള്‍ക്കും ചെറിയ പ്ലോട്ടുകളാണ് ഉണ്ടായിരുന്നത്. ഒരു ഗ്രാമത്തിലെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള പകയാണ് ദേവാസുരം. ഒരു പെണ്‍കുട്ടിയുടെ ഭ്രമിപ്പിക്കുന്ന തോന്നലുകളാണ് നന്ദനം. പൊങ്ങച്ചക്കാരനായ ഒരു പുത്തന്‍‌പണക്കാരന്‍റെ അമളികളാണ് പ്രാഞ്ചിയേട്ടന്‍. പണത്തിന് പിറകേ പായുന്ന ഒരു ചെറുപ്പക്കാരന്‍റെ തിരിച്ചറിവാണ് ഇന്ത്യന്‍ റുപ്പി. ഒരു ലഹരിക്കും അടിമപ്പെടുന്നതിലല്ല, ജീവിതമെന്ന ലഹരി ഓരോ നിമിഷവും ആസ്വദിക്കുന്നതിലാണ് കാര്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ് സ്പിരിറ്റ്.

പുത്തന്‍‌പണവും ഒരു ചെറിയ വിഷയത്തില്‍ ഒതുങ്ങുന്നതാണ്. എന്നാല്‍ അത് ചര്‍ച്ച ചെയ്യുന്ന പ്രശ്നങ്ങള്‍ സമകാലിക സമൂഹത്തിന്‍റെ നേര്‍ച്ചിത്രങ്ങളാണ്. ഇന്ത്യന്‍ റുപ്പി എന്ന മുന്‍‌ചിത്രത്തിന്‍റെ പാതയില്‍ നിന്ന് മാറി ധനമോഹത്തിന്‍റെ മറ്റൊരു വശം കാണിച്ചുതരികയാണ് പുത്തന്‍‌പണം - ദി ന്യൂ ഇന്ത്യന്‍ റുപ്പി. മമ്മൂട്ടി നിത്യാനന്ദ ഷേണായിയായി ഉജ്ജ്വലപ്രകടനം കാഴ്ചവയ്ക്കുന്ന സിനിമ മികച്ച മാസ് എന്‍റര്‍ടെയ്നറാണ്.

നവംബര്‍ എട്ടിന് ചിലര്‍ക്ക് കിട്ടിയ എട്ടിന്‍റെ പണിയിലൂടെയാണ് പുത്തന്‍‌പണത്തിന്‍റെ കഥ വികസിക്കുന്നത്. നോട്ട് അസാധുവാക്കല്‍ നടപടി സമൂഹത്തിന്‍റെ വിവിധ മേഖലകളെ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നാണ് രഞ്ജിത് പരിശോധിക്കുന്നത്. ഒരു സീരിയസായ അപ്രോച്ചിനേക്കാള്‍ വളരെ ലളിതമായ സമീപനമാണ് സംവിധായകന്‍ ഈ വിഷയത്തോട് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ പ്രതിസന്ധികള്‍ അതര്‍ഹിക്കുന്ന ഗൌരവത്തോടെ ചര്‍ച്ച ചെയ്യുകയും ചെയ്തിരിക്കുന്നു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍‌മന്ത്രി ചന്ദ്രഭാനു(സായ്കുമാര്‍) തന്‍റെ മുന്‍ ബിസിനസ് പങ്കാളിയായ നിത്യാനന്ദ ഷേണായിക്ക് 25 കോടി രൂപ നല്‍കുന്നു. എന്നാല്‍ ഈ തുക പിന്‍‌വലിച്ച ഷേണായിക്ക് പക്ഷേ ഇത് ഉപയോഗിക്കാന്‍ കഴിയാത്ത നിസഹായത ഉണ്ടാകുന്നു. തുടര്‍ന്ന് ഷേണായി നടത്തുന്ന പരാക്രമങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.

മമ്മൂട്ടി ആരാധകരെയും മാസ് സിനിമാ പ്രേക്ഷകരെയും അതേസമയം കാമ്പുള്ള സിനിമകളെ സ്നേഹിക്കുന്നവരെയും ഒരേസമയം തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് മമ്മൂട്ടി - രഞ്ജിത് ടീമിന്‍റെ പുത്തന്‍‌പണം. അതിഗംഭീരമായ കഥാ മുഹൂര്‍ത്തങ്ങളും കാസര്‍കോട് ഭാഷയിലുള്ള തകര്‍പ്പന്‍ സംഭാഷണങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. സംഭാഷണങ്ങളുടെ ക്രെഡിറ്റ് പി വി ഷാജികുമാറിന്.

നിത്യാനന്ദ ഷേണായ് എന്ന കഥാപാത്രമായി അക്ഷരാര്‍ത്ഥത്തില്‍ പരകായ പ്രവേശം നടത്തിയിരിക്കുകയാണ് മമ്മൂട്ടി. മലയാളത്തിന്‍റെ ഭാഷാഭേദങ്ങളെ തന്‍‌മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് മെഗാസ്റ്റാര്‍. മുത്തുവേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം സ്വരാജ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

സിദ്ദിക്ക്, മാമുക്കോയ, ഇനിയ, ഷീലു ഏബ്രഹാം, കണാരന്‍ ഹരീഷ്, കോട്ടയം നസീര്‍, ബൈജു തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പഴയനോട്ടിന്‍റെയും പുതിയനോട്ടിന്‍റെയും സമ്മിശ്രമായ കളറാണ് ഫ്രെയിമുകള്‍ക്ക് ഛായാഗ്രാഹകന്‍ ഓം‌പ്രകാശ് നല്‍കിയിരിക്കുന്നത്. മദ്രാസ് എന്ന തമിഴ് സിനിമയ്ക്ക് ശേഷം ഓം‌പ്രകാശിന്‍റെ മികച്ച വര്‍ക്കാണ് പുത്തന്‍‌പണം.

അച്ചു രാജാമണിയുടെ പശ്ചാത്തല സംഗീതമാണ് പുത്തന്‍‌പണത്തിന്‍റെ ജീവന്‍ എന്നുപറയാം. നിത്യാനന്ദ ഷേണായിയുടെ മാസ് രംഗങ്ങള്‍ കിടിലമാക്കാന്‍ അച്ചുവിന്‍റെ പശ്ചാത്തലസംഗീതം ഏറെ സഹായിച്ചിട്ടുണ്ട്.

ദി ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ മറ്റൊരു ഗംഭീര സിനിമയാണ് പുത്തന്‍‌പണം. എന്നാല്‍ ഈ സിനിമയ്ക്ക് എങ്ങനെയാണ് എ സര്‍ട്ടിഫിക്കേറ്റ് വന്നതെന്ന് ചിത്രം അവസാനിച്ച് ഇത്രനേരമായിട്ടും പിടികിട്ടിയിട്ടില്ല.

റേറ്റിംഗ്: 4/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :