സ്പൈഡര്‍മാന്‍, ലോര്‍ഡ് ഓഫ് ദി റിംഗ്സ്.... ഇനി ലാലേട്ടന്‍റെ പെരുച്ചാഴി!

WEBDUNIA|
PRO
മോഹന്‍ലാല്‍ നായകനാകുന്ന ‘പെരുച്ചാഴി’ ദിനം‌പ്രതി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. മോഹന്‍ലാലും മുകേഷും രാഷ്ട്രീയക്കാരാകുന്ന ചിത്രത്തില്‍ ‘രായപ്പന്‍’ എന്ന കഥാപാത്രമായി ബാബുരാജ് അഭിനയിക്കുന്ന വാര്‍ത്ത അറിഞ്ഞുകാണുമല്ലോ. പുതിയ വിവരം, ചിത്രത്തിന്‍റെ വിഷ്വല്‍ ഇഫക്ടിനെക്കുറിച്ചാണ്.

ലോര്‍ഡ് ഓഫ് ദി റിംഗ്സ്, സ്പൈഡര്‍മാന്‍ തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് ചെയ്ത മധുസൂദനന്‍ എന്ന മലയാളിയുടെ നേതൃത്വത്തിലാണ് പെരുച്ചാഴിക്ക് വിഷ്വല്‍ മാജിക് ഒരുക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ലാത്ത ഉജ്ജ്വലമായ ദൃശ്യാനുഭവം ഒരുക്കാനാണ് ഹോളിവുഡിലെ വിഷ്വല്‍ ഇഫക്ട് അതികായരെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ അണിനിരത്തുന്നത്. ആളവന്താന്‍, വിശ്വരൂപം, വിശ്വരൂപം 2 തുടങ്ങിയ ഇന്ത്യന്‍ സിനിമകളിലും ഈ ടീമിന്‍റെ വിഷ്വല്‍ ട്രീറ്റ്മെന്‍റായിരുന്നു.

പരസ്പരം പാരവയ്ക്കുന്ന രാഷ്ട്രീയക്കാരായാണ് മോഹന്‍ലാലും മുകേഷും പെരുച്ചാഴിയില്‍ അഭിനയിക്കുന്നത്. ആത്മാര്‍ത്ഥ സുഹൃത്തുക്കളും എന്നാല്‍ കടുത്ത ശത്രുക്കളുമാണ് ഇവര്‍! അങ്ങനെയും സൌഹൃദമോ? രാഷ്ട്രീയമല്ലേ, അങ്ങനെയൊക്കെയാവാം.

രാഘവന്‍ എന്ന മന്ത്രിയായാണ് മുകേഷ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഉയര്‍ന്നുവരുന്ന രാഷ്ട്രീയക്കാരനായ വിശ്വനാഥനായി മോഹന്‍ലാലും അഭിനയിക്കുന്നു. പരസ്പരം പാരപണിത് മുന്നേറുന്നതിനിടെ ഇവര്‍ക്ക് അമേരിക്കയിലേക്ക് പോകേണ്ടിവരുന്നു.

അമേരിക്കയിലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു ഗവര്‍ണറുടെ ഗ്രാഫ് വളരെ താഴെയാണെന്നുകണ്ട് അത് ഉയര്‍ത്താനും ഇലക്ഷനില്‍ അദ്ദേഹത്തെ വിജയിപ്പിക്കാനുമുള്ള ചുമതല ഏറ്റെടുത്താണ് വിശ്വനാഥന്‍ അമേരിക്കയിലേക്ക് പോകുന്നത്. അതിനൊക്കെയുള്ള കഴിവ് വിശ്വനാഥനുണ്ടോയെന്ന് സംശയിക്കുന്നവര്‍ക്ക് അയാളുടെ പ്രവൃത്തികള്‍ മറുപടി നല്‍കും. അയാള്‍ക്ക് ഇംഗ്ലീഷ് തീരെയറിയില്ല എന്നുകൂടി കേള്‍ക്കുമ്പോഴേ സംഗതിയുടെ തമാശകള്‍ മനസിലാകൂ.

വിശ്വനാഥന്‍ അമേരിക്കയിലേക്ക് പറന്നെങ്കിലും രാഘവന്‍ അവന് പാരപണിയാനുള്ള ഒരവസരവും പാഴാക്കിയില്ല. അയാള്‍ അത് ഭംഗിയായി തുടര്‍ന്നു.

‘തലൈവാ’യിലൂടെ ശ്രദ്ധേയയായ രാഗിണി നായികയാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രില്‍ 10ന് ആരംഭിക്കും. അമേരിക്കയിലെ ലോസാഞ്ചലസിലാണ് ചിത്രത്തിന്‍റെ മുക്കാല്‍ പങ്കും ചിത്രീകരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :