വരുന്നത് മേഘത്തിന്‍റെ റീമേക്കോ? പ്രിയദര്‍ശന്‍ മനസുതുറക്കുന്നില്ല; മമ്മൂട്ടിയും ദിലീപും റെഡി!

Mammootty, Dileep, Megham, Sreenivasan, Mohanlal, Priyadarshan, മമ്മൂട്ടി, ദിലീപ്, മേഘം, ശ്രീനിവാസന്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍
BIJU| Last Updated: ചൊവ്വ, 25 ഏപ്രില്‍ 2017 (11:57 IST)
പ്രിയദര്‍ശനും മമ്മൂട്ടിയും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു എന്നത് തിങ്കളാഴ്ചത്തെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെയും ദിലീപിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ചെയ്ത മേഘം എന്ന സിനിമയുടെ റീമേക്ക് ആണോ? സംശയം ബലപ്പെടുകയാണ്.

മമ്മൂട്ടിയെ നായകനാക്കി പ്രിയന്‍ ചെയ്യുന്ന ചിത്രത്തില്‍ ദിലീപും അഭിനയിക്കുന്നു എന്നതാണ് ഈ സംശയം ശക്തമാകാന്‍ കാരണം. അന്ന് വലിയ ഹിറ്റാകാതെ പോയ മേഘം അതേ താരങ്ങളെ ഉള്‍പ്പെടുത്തി വീണ്ടും ചെയ്ത് ഹിറ്റാക്കാന്‍ ഒരുങ്ങുകയാണോ പ്രിയന്‍? എന്നാല്‍ പ്രിയദര്‍ശന്‍ അതേപ്പറ്റി ഒന്നും തുറന്നുപറയുന്നില്ല.

മമ്മൂട്ടിക്കും ദിലീപിനും പുറമേ ശ്രീനിവാസന്‍, നെടുമുടി വേണു തുടങ്ങിയവരും ഈ സിനിമയില്‍ വേഷമിടുന്നു. മേഘത്തിലും ഇവരെല്ലാം ഉണ്ടായിരുന്നു. ഒരു ചെറിയ പ്ലോട്ടായിരുന്നു മേഘത്തിന്‍റേത്. നമ്മള്‍ സ്നേഹിക്കുന്നവരെയല്ല, നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മള്‍ കണ്ണുതുറന്നുകാണേണ്ടത് എന്നതായിരുന്നു പ്രമേയം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ടി ദാമോദരന്‍ തിരക്കഥ രചിച്ചു.

വളരെക്കുറച്ച് മമ്മൂട്ടിച്ചിത്രങ്ങളേ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു മേഘം. സുരേഷ് ബാലാജി നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്തത് മോഹന്‍ലാലിന്‍റെ പ്രണവം.

1999 ഏപ്രില്‍ 15ന് വിഷു റിലീസായാണ് മേഘം പ്രദര്‍ശനത്തിനെത്തിയത്. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍ പടം വേണ്ടത്ര ക്ലിക്കായില്ല. അതിന് കാരണവുമുണ്ട്.

മലയാളത്തില്‍ ചന്ദ്രലേഖ എന്ന മെഗാഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മേഘം. അതുകൊണ്ടുതന്നെ ചന്ദ്രലേഖ പോലെ ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറാണ് ജനം പ്രതീക്ഷിച്ചത്. എന്നാല്‍ മേഘം അതായിരുന്നില്ല. മാത്രമല്ല, പ്രിയദര്‍ശനും മമ്മൂട്ടിയും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു അത്ഭുതചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷ കാക്കാന്‍ പ്രിയന് കഴിഞ്ഞില്ല. ക്ലൈമാക്സില്‍ പരാജയപ്പെട്ട നായകനായിരുന്നു ആ ചിത്രത്തില്‍ മമ്മൂട്ടി. എന്തായാലും ഇന്നും മേഘം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മമ്മൂട്ടിച്ചിത്രം തന്നെ.

വര്‍ഷങ്ങള്‍ക്ക് ശേഷം മേഘം ടീം വീണ്ടും ഒന്നിക്കുമ്പോള്‍ ‘ഒപ്പം’ പോലെ ഒരു വമ്പന്‍ വിജയം പ്രിയദര്‍ശന് സൃഷ്ടിക്കാനാവുമോ? കാത്തിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :