വമ്പന്‍ വീഴ്ചയില്‍ നിന്ന് കരകയറാന്‍ കോമഡിച്ചിത്രം ചെയ്യാനൊരുങ്ങിയ ജോഷിയെ ഫഹദ് ഫാസില്‍ കൈവിട്ടു!

Joshiy, Fahad Fazil, Mohanlal, Mammootty, Dileep, ജോഷി, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്
Last Modified ശനി, 14 നവം‌ബര്‍ 2015 (16:55 IST)
കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് സംവിധായകന്‍ ജോഷിയും നടന്‍ ഫഹദ് ഫാസിലും. രണ്ടുപേരും ഇപ്പോള്‍ പരാജയം തുടര്‍ച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റണ്‍ ബേബി റണ്ണിന് ശേഷം ജോഷി ഒരുക്കിയ നാല് ബിഗ് ബജറ്റ് ചിത്രങ്ങളാണ് അടുപ്പിച്ച് തകര്‍ന്നത്. ലോക്പാല്‍, സലാം കാശ്മീര്‍, അവതാരം, ലൈലാ ഓ! ലൈലാ എന്നീ വമ്പന്‍ പരാജയങ്ങള്‍. ഫഹദ് ഫാസിലാണെങ്കില്‍ അഭിനയിച്ച സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ അഭിനയിക്കാനിരുന്ന സിനിമകളുടെ അഡ്വാന്‍സ് വരെ തിരികെ കൊടുത്ത് സിനിമയില്‍ നിന്ന് താല്‍ക്കാ‍ലിക അവധിയില്‍ പ്രവേശിക്കാന്‍ വരെ തീരുമാനിച്ചു.

ലൈലാ ഓ! ലൈലയുടെ ക്ഷീണം തീര്‍ക്കാന്‍ ഒരു വലിയ വിജയം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് ജോഷി ഒരു കോമഡി സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്. ഫഹദ് ഫാസിലിനെ നായകനായും നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ പ്രൊജക്ടില്‍ നിന്ന് ഇപ്പോള്‍ ഫഹദ് ഫാസില്‍ പിന്‍‌മാറിയിരിക്കുകയാണ്.

ഒരു വൈദികനായാണ് ഫഹദ് ഈ സിനിമയില്‍ അഭിനയിക്കാനിരുന്നത്. എല്ലാം തീരുമാനിച്ച ശേഷം ഈ പ്രൊജക്ട് വേണ്ടെന്നുവയ്ക്കാന്‍ ഫഹദിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്തായാലും ജോഷിയെ സംബന്ധിച്ച് ഇതൊരു ആഘാതം തന്നെയാണ്.

കുറേ സിനിമകള്‍ ഒരുമിച്ച് പരാജയപ്പെട്ടപ്പോള്‍ ഷാജി കൈലാസും കോമഡി ട്രാക്കിലൂടെ സഞ്ചരിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ മദിരാശി, ജിഞ്ചര്‍ എന്നീ കോമഡി സിനിമകള്‍ പരാജയപ്പെട്ടതോടെ ഷാജി കൈലാസ് ആ തീരുമാനം മാറ്റി. ജോഷിയുടെ ഗംഭീര സിനിമകള്‍ക്കായി ഇപ്പോഴും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അദ്ദേഹം ട്രാക്കുമാറുകയല്ല വേണ്ടത്. വലിയ സിനിമകള്‍ ചെയ്യാനായി നല്ല തിരക്കഥകള്‍ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :